റാറ്റാൻ | |
---|---|
"ഡീമോനോറോപ്സ് ഡ്രാക്കൊ" | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Subfamily: | |
Tribe: | കലാമിയേ
|
Genera | |
ആഫ്രിക്കയിലേയും ഏഷ്യയിലേയും ഓസ്ട്രേലേഷ്യൻ ദ്വീപുകളിലേയും ഉഷ്ണമേഖലപ്രദേശങ്ങളിൽ കാണപ്പെടുന്ന പന വർഗ്ഗത്തിൽ പെട്ട ഒരിനം വള്ളിച്ചെടിയാണ് റാറ്റാൻ. 'കലാമിയേ' ഗോത്രത്തിൽ പെടുന്ന ഈ ചെടിയുടെ 13 ജനുസ്സുകളിലായി 600-ഓളം ജാതികളുണ്ട്. രണ്ടു മുതൽ അഞ്ചു വരെ സെന്റീമീറ്റർ മാത്രം വ്യാസത്തിൽ നേർത്ത കാണ്ഡമുള്ള റാറ്റാൻ ചെടികൾ പൊതുവേ, പനവർഗ്ഗത്തിൽ പെട്ട മറ്റിനങ്ങളിൽ നിന്നു വ്യത്യസ്തമാണ്. ഇലമുട്ടുകൾ തമ്മിൽ അകലം കൂടുതലുള്ള ഇവയുടെ നീണ്ട കാണ്ഡങ്ങൾ വള്ളിച്ചെടികളെപ്പോലെ മറ്റു ചെടികളിലും അവയ്ക്കു മീതേയും പടർന്നുകയറി വളരുന്നു. ഒറ്റനോട്ടത്തിൽ ഇവയ്ക്ക് മുളയുമായി സാമ്യമുണ്ട്. എന്നാൽ മുളയിൽ നിന്നു വ്യത്യസ്തമായി, ഇവയുടെ കാണ്ഡത്തിന്റെ ഉൾഭാഗം പൊള്ളയല്ല. നൂറു മീറ്റർ വരെ നീളത്തിൽ ഇവ വളരാറുണ്ട്.[1]
ലോകത്തിലെ റാറ്റാൻ സസ്യസമ്പത്തിൽ 70 ശതമാനത്തോളം ഇന്തോനേഷ്യയിലെ ബോർണിയോ, സുലവേസി, സുംബാവാ ദ്വീപുകളിലാണ്. ഫിലിപ്പീൻസ്, ശ്രീലങ്ക, മലേഷ്യ, ബംഗ്ലാദേശ്, ലാവോസ്. കമ്പോഡിയ, വിയറ്റ്നാം, ഇന്ത്യയിലെ ആസ്സാം എന്നീ പ്രദേശങ്ങളിലും ഇവ കാണപ്പെടുന്നു. മലകളിലും പർവതമേഖലകളിലുമാണ് ഇവ അധികവും കാണപ്പെടുന്നത്. കഴിഞ്ഞ കുറേ ദശകങ്ങളായി ഇവയുടെ ലഭ്യത കുറഞ്ഞുവരുന്നതായി സ്ഥിതിവിവരക്കണക്കുകൾ സൂചിപ്പിക്കുന്നു.[1]
വഴക്കവും ബലവും ഭാരക്കുറവുമുള്ള റാറ്റാൻ കാണ്ഡം, മേശ, കസേര, കുട്ടകൾ, തുടങ്ങിയ ഗൃഹോപകരണങ്ങളുടേയും, കളിപ്പാട്ടങ്ങളുടേയും, കൗതുകവസ്തുങ്ങളുടേയും നിർമ്മാണത്തിൽ പ്രയോജനപ്പെടുന്നു.[1][2]
റാറ്റാൻ വളരുന്ന നാടുകളിൽ, പ്രത്യേകിച്ച് ഗ്രാമപ്രദേശങ്ങളിൽ, അത് ഗൃഹനിർമ്മാണത്തിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. തണ്ടിന്റെ തൊലിയുടെ പ്രധാന ഉപയോഗം നെയ്ത്തുവേലയിലാണ്. ഈ ചെടിയുടെ ചില ഇനങ്ങളുടെ ഫലത്തിൽ ചുവപ്പുനിറമുള്ള ഒരുതരം പശയുണ്ട്. "വ്യാളിയുടെ ചോര" എന്നാണ് അത് അറിയപ്പെടുന്നത്. അതിന് ഔഷധഗുണം ഉള്ളതായി ഒരുകാലത്തു കരുതപ്പെട്ടിരുന്നു. വയലിനുകൾക്കു നിറം കൊടുക്കുന്നതിനും അതുപകരിക്കുന്നു.[3] ഇന്ത്യയിൽ ആസാം സംസ്ഥാനത്ത് റാറ്റാന്റെ ഇളം തണ്ട് പച്ചക്കറിയായി ഉപയോഗിക്കാറുണ്ട്.
റാറ്റാൻ ദണ്ഡുകളുടെ ഉറപ്പവും വഴക്കവും മൂലം ആയോധനകലകളിൽ (martial arts) അവ ഉപയോഗിക്കാറുണ്ട്. 'ബാസ്റ്റൻ' എന്ന പേരിൽ 70 സെന്റീമീറ്റർ നീളം വരുന്ന റാറ്റാൻ വടികൾ മോഡേൺ ആർണിസ്, എസ്ക്രിമാ, തുടങ്ങിയ ഫിലിപ്പീൻ ആയോധനകലകളിൽ ഉപയോഗിക്കുന്നു. "സൊസൈറ്റി ഫോർ ക്രിയേറ്റീവ് ആനാക്രോണിസം" എന്ന സാർവദേശീയ സംഘം അവരുടെ ആയോധനവിദ്യാ മത്സരത്തിൽ അനുവദിച്ചിട്ടുള്ളത് റാറ്റാൻ ദണ്ഡുകൾ മാത്രമാണ്.[4]
"അച്ചടക്കത്തിനുവേണ്ടിയുള്ള നൊമ്പരപ്പെടുത്തലിൽ" വഴക്കമുള്ള റാറ്റാൻ വടികൾ ഉപയോഗപ്പെടുത്തുന്ന പതിവ് ചില രാജ്യങ്ങളിലുണ്ട്. മലേഷ്യ, സിംഗപ്പൂർ, ബ്രൂണൈ എന്നീ നാടുകളിലെ നീതിവ്യവ്യസ്ഥ നാലടി നീളവും അരയിഞ്ചു വണ്ണവുമുള്ള റാറ്റാൻ വടി ഉപയോഗിച്ചുള്ള ശാരീരികശിക്ഷ അനുവദിക്കുന്നു.[5] വെള്ളത്തിൽ കുതിർത്തി വഴക്കവും ഭാരവും കൂട്ടിയ ശേഷമാണ് വടി ഈ വിധം ഉപയോഗിക്കുന്നത്. കുറ്റക്കാരന്റെ പൃഷ്ഠത്തിലാണ് ഇതു പ്രയോഗിക്കാറ്. വിദ്യാലയങ്ങളിലെ ശാരീരികശിക്ഷയിൽ റാറ്റാൻ വടിയുടെ ഉപയോഗം ഒരു കാലത്ത് വ്യാപകമായിരുന്നെങ്കിലും ഇന്നത് വളരെ കുറച്ചു നാടുകളിൽ മാത്രമാണ് അനുവദിക്കപ്പെട്ടിട്ടുള്ളത്.
റാറ്റാന്റെ സാമ്പത്തികമൂല്യവും അതു ശേഖരിക്കാനും സംസ്കരിക്കാനുമുള്ള എളുപ്പവും മൂലം അതു വളരുന്ന കാടുകളിൽ മരം വെട്ടുകാർ മരങ്ങൾക്കു പകരം റാറ്റാൻ മുറിച്ചെടുക്കുന്നതിനാൽ വനസമ്പത്തിന്റെ സംരക്ഷണത്തിനു അതുപകരിക്കുന്നു. മറ്റു ഉഷ്ണമേഖലാസസ്യങ്ങളേക്കാൾ വേഗത്തിൽ അതു വളരുന്നു. എങ്കിലും അമിതചൂഷണം റാറ്റാൻ സമ്പത്തിനു ഭീഷണി ഉയർത്തുന്നുണ്ട്. കുറ്റികളിൽ നിന്നു പുതിയ ചെടികൾ മുളയ്ക്കാൻ പ്രായമെത്തിയിട്ടില്ലാത്ത ഇളംചെടികൾ വെട്ടിയെടുക്കുന്നത് ഇവയുടെ നിലനില്പിനെ അപകടപ്പെടുത്തുന്നു.[6] അത് റാറ്റാൻ സസ്യസമ്പത്തിനേയും അതുൾക്കൊള്ളുന്ന വനസമ്പത്തിനെ പൊതുവേയും അപകടപ്പെടുത്തുന്നു. റാറ്റാൻ സംസ്കരണത്തിൽ ഉപയോഗിക്കുന്ന രാസവസ്തുക്കളിൽ ചിലതും പരിസ്ഥിതി പ്രശ്നങ്ങൾ ഉയർത്തുന്നു.
{{cite web}}
: Check date values in: |date=
(help)