റിച്ചാർഡ് ഹർഡിംഗ് ഡേവിസ് | |
---|---|
ജനനം | ഫിലാഡെൽഫിയ, പെൻസിൽവാനിയ | ഏപ്രിൽ 18, 1864
മരണം | ഏപ്രിൽ 11, 1916 ന്യൂയോർക്ക് നഗരം | (പ്രായം 51)
തൊഴിൽ | എഴുത്തുകാരൻ, യുദ്ധ റിപ്പോർട്ടർ, പത്രപ്രവർത്തകൻ |
ദേശീയത | അമേരിക്കൻ |
Period | 19, 20 നൂറ്റാണ്ടുകൾ |
Genre | ചരിത്രം, റൊമാന്റിക് നോവലുകൾ, ചെറുകഥകൾ |
വിഷയം | ആഫ്രിക്ക, .യുദ്ധം, ക്യൂബ, യൂറോപ്പ് |
കയ്യൊപ്പ് |
റിച്ചാർഡ് ഹർഡിംഗ് ഡേവിസ് (ജീവിതകാലം:ഏപിൽ 18, 1864 മുതൽ ഏപ്രിൽ 11, 1916 വരെ) ഒരു അമേരിക്കൻ പത്രപ്രവർത്തകനും കൽപ്പിതകഥകളുടെയും നാടകങ്ങളുടെയും എഴുത്തുകാരനുമായിരുന്നു. സ്പാനിഷ്-അമേരിക്കൻ യുദ്ധം, രണ്ടാം ബോയെർ യുദ്ധം, ഒന്നാം ലോകമഹായുദ്ധം എന്നിവ റിപ്പോർട്ട് ചെയ്ത ആദ്യ അമേരിക്കൻ യുദ്ധലേഖകനായിരുന്നു അദ്ദേഹം.[1] അദ്ദേഹത്തൻറെ എഴുത്തുകൾ തിയോഡോർ റൂസ്‍വെൽറ്റിൻറെ രാഷ്ട്രീയജീവിതത്തെ ഒട്ടേറെ സ്വാധീനിച്ചിട്ടുണ്ട്.
1864 ഏപ്രിൽ 18 ന് പെൻസിൽവാനിയയിലെ ഫിലാഡെൽഫിയയിലാണ് റിച്ചാർഡ് ഹർഡിംഗ് ഡേവിസ് ജനിച്ചത്. അദ്ദേഹത്തിൻറെ മാതാവ് റെബേക്ക് ഹർഡിംഗ് ഡേവിസ് അക്കാലത്തെ പ്രമുഖ എഴുത്തുകാരിയും പിതാവ് ലെമുവൽ ക്ലാർക്ക് ഡേവിസ് സ്വയം ഒരു പത്രപ്രവർത്തകനും ഫിലാഡെൽഫിയ പബ്ലിക് ലെഡ്ജറിൻറെ എഡിറ്ററുമായിരുന്നു.[2] യുവാവായ ഡേവിസ് എപ്പിസ്കോപ്പൽ അക്കാദമിയിൽ പഠനത്തിനു ചേരുകയും 1882 ൽ സ്വാർത്‍മോറ്‍ കോളജിലെ ഒരു വർഷത്തെ അസന്തുഷ്ടമായ പഠനത്തിനു ശേഷം ലെഹിഗ് യൂണിവേഴ്‍സിറ്റിയിലേയ്ക്കു പഠനം മാറ്റുകയും ചെയ്തു. അവിടെ അദ്ദേഹത്തിൻറ അമ്മാവനായ എച്ച്. വിൽസൺ ഹർഡിംഗ് ഒരു പ്രോഫസറായിരുന്നു.[3] ലെഹിഗെയിലെ പഠനകാലത്ത് ഡേവിസ് ആദ്യ പുസ്തകമായ “ദ അഡ്വഞ്ചേർസ് ഓഫ് മൈ ഫിഷർമാൻ” 1884 ൽ പ്രസിദ്ധീകരിച്ചു. ഇത് ചെറുകഥകളുടെ ഒരു സമാഹാരമായിരുന്നു. ഇതിലെ ഭൂരിപക്ഷം കഥകളും വിദ്യാർത്ഥി മാസികയായ “the Lehigh Burr:” മുമ്പ് അച്ചടിച്ചു വന്നിരുന്നതായിരുന്നു.[4] 1885 ൽ ഡേവിസ്, ജോൺസ് ഹോപ്കിൻസ് യൂണിവേഴ്‍സിറ്റിയിലേയ്ക്കു മാറി തന്റെ പഠനം തുടർന്നു.[5] കോളജ് വിദ്യാഭ്യാസത്തിനുശേഷം പിതാവാൻറെ സഹായത്താൽ ഫിലാഡെൽഫിയ റിക്കാർഡിൽ ഒരു പത്രപ്രവർത്തകനായി ജോലി നേടിയെങ്കിലും താമസിയാതെ പിരിച്ചുവിടപ്പെട്ടു. പിന്നീട് കുറച്ചു കാലം ഫിലാഡെൽഫിയ പ്രസ്സിൽ ജോലി ചെയ്തതിനു ശേഷം കൂടുതൽ വരുമാനമുള്ള ന്യൂയോർക്ക് ഈവനിംഗ് സൺ എന്ന പത്രത്തിലെ ജോലി സ്വീകരിച്ചു. അവിടെ തൻറെ മികച്ച പ്രകടനം വെളിവാക്കുകയും സ്ഫോടനാത്മകവിഷയങ്ങളായ അബോർഷൻ, ആത്മഹത്യ, വധശിക്ഷ എന്നിവയെക്കുറിച്ച് ലേഖനങ്ങൾ എഴുതുകയും ചെയ്തു.[2] 1889 മെയ് മുതൽ ജൂൺവരെയുള്ള കാലത്ത് പെൻസിൽവാനിയയിലെ ജോൺടൌണിൽ അണക്കെട്ട് തകർന്നുണ്ടായ അതിശക്തമായ വെള്ളപ്പൊക്കവും നാശനഷ്ടങ്ങളും ശ്രദ്ധേയമായി രീതിയിൽ റിപ്പോർട്ട് ചെയ്തിരുന്നു. അതുപോലെ 1890 ൽ കൊടുംകുറ്റവാളിയായ വില്ല്യം കെംലർ എന്നയാളുടെ വൈദ്യുതക്കസേര ഉപയോഗിച്ചുള്ള ആദ്യ വധശിക്ഷയും അദ്ദേഹം റിപ്പോർട്ട് ചെയ്തിരുന്നു.
ഡേവിസ് ഹാർപ്പേർസ് വീക്കിലിയുടെ മാനേജിംഗ് എഡിറ്ററായിരുന്നു കാലത്ത് സൌത്ത് ആഫ്രിക്കയിലെ രണ്ടാം ബോയെർ യുദ്ധം റിപ്പോർട്ട് ചെയ്യുകയും ലോകത്തെ പ്രമുഖ യുദ്ധ റിപ്പോർട്ടറെന്ന പേരെടുക്കുകയും ചെയ്തു. ന്യൂയോർക്ക് ഹെറാൾഡ്, ദ ടൈംസ്, സ്ക്രിബ്നേർസ് മാഗസിൻ എന്നിവയിലെ റിപ്പോർട്ടറായും അദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു.
അദ്ദേഹത്തിൻറെ കാലത്തെ എഴുത്തുകാരിൽ പ്രമുഖനായിരുന്നു ഡേവിസ്. 1897 ൽ പ്രസിദ്ധീകരിക്കപ്പെട്ട “സോൾജിയേർസ് ഓഫ് ഫോർച്ച്യൂൺ” വൻ വിജയമായിരുന്നു. അഗസ്റ്റസ് തോമസ് ഇത് നാടകരൂപമായി പരിവർത്തനം ചെയ്തിരുന്നു.[6] അദ്ദേഹത്തിൻ നോവൽ പിന്നീട് രണ്ടുതവണ സിനിമയാക്കപ്പെട്ടു. ആദ്യം 1914 ലും പിന്നീട് 1919 ലും അല്ലൻ ഡ്വാനാണ് ഇത് സിനിമയാക്കിയത്. 1914 ലെ ചിത്രത്തിലഭിനയിച്ച്ത് ഡസ്റ്റിൻ ഫർനും എന്ന അഭിനേതാവായിരുന്നു.[7] സ്പാനിഷ്‍-അമേരിക്കൻ യുദ്ധകാലത്ത് ഡേവിസ് ഒരു റിപ്പോർട്ടറായി യു.എസ്. നേവിയുടെ യുദ്ധക്കപ്പിനു മുകളിൽ നിലയുറപ്പിച്ചിരുന്നു. സാന്റിയേഗോ ഡി ക്യൂബയിലെ യുദ്ധത്തിൻറെ ഭാഗമായി ക്യൂബയിലെ മറ്റൻസാസിൽ ബോംബിടുന്നതിൻറെ ദൃക്സാക്ഷിയായിരുന്നു ഡേവിസ്. ഡേവിസിൻറെ യുദ്ധറിപ്പോർട്ടുകൾ പത്രങ്ങളിലെ തലവാചകമായി വരുകയും അതിൻറെ ഫലമായി യുദ്ധത്തിൻറെ പിന്നീടുള്ള ഗതിയിൽ യു.എസ്. നേവി റിപ്പോർട്ടർമാർക്ക് അമേരിക്കൻ യുദ്ധക്കപ്പലുകളിൽ പ്രവേശനത്തിനു നിരോധനം ഏർപ്പെടുത്തുകയും ചെയ്തു.
തോയോഡോർ റൂസ്‍വെൽറ്റൻറെ ഉറ്റ സുഹൃത്തായിരുന്നു ഡേവിസ്. അദ്ദേഹത്തിൻറെ കരീബിയൻ, റൊഡേഷ്യ, രണ്ടാം ബോയേർ യുദ്ധകാലത്തെ സൌത്ത് ആഫ്രിക്കൻ പര്യടനം എന്നിവയെല്ലാം റിപ്പോർട്ടു ചെയ്യപ്പെടുകയും പത്രങ്ങളിൽ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.
ഡേവിസ് രണ്ടു തവണ വിവാഹം കഴിച്ചിരുന്നു. ആദ്യം 1899 ൽ ഒരു ചിത്രകാരിയായിരുന്ന സെസിൽ ക്ലാർക്കിനെയും 1912 ലെ അവരുടെ വിവാഹമോചനത്തിനുശേഷം അഭിനേത്രിയായിരുന്ന ബെസീ മക്കോയിയെയുമാണ് വിവാഹം കഴിച്ചിരുന്നത്. ഡേവിസിനും ബെസീ മക്കോയിയ്ക്കും ഹോപ്പ് എന്ന പേരിൽ ഒരു മകളുണ്ടായിരുന്നു.[2]
1916 ഏപ്രിൽ 11 ന് ഒരു ടെലഫോൺ സംഭാഷണമദ്ധ്യേ ഹൃദയസ്തംഭനത്താൽ അദ്ദേഹം മരണമടഞ്ഞു. അദ്ദേഹത്തിൻറെ 52 ആം ജന്മദിനത്തിന് 7 ദിവസം മുമ്പായിരുന്നു അത്.[1] അദ്ദേഹത്തിൻറെ പെട്ടെന്നുള്ള നിര്യാണത്തിൽ സുഹൃത്തും സഹഗ്രന്ഥകാരനുമായിരുന്ന ജോൺ ഫോക്സ് ജൂനിയർ ഖേദം രേഖപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിൻറെ പത്നി ബെസീ 1931 ൽ അവരുടെ 42 ആം വയസിൽ മരണമടഞ്ഞു.