ഇന്ത്യൻ സമൂഹത്തെയും കേരളീയ സമൂഹത്തെ സവിഷേശമായും പഠനവിധേയമാക്കിയിട്ടുള്ള ഒരു കനേഡിയൻ ചരിത്രപണ്ഡിതനാണ് പ്രൊഫ.റോബിൻ ജെഫ്രി. നാഷനൽ യൂണിവേഴിസിറ്റി ഓഫ് സിംഗപൂരിലെ വിസിറ്റിംഗ് റിസർച്ച് പ്രൊഫസറാണ് അദ്ദേഹമിപ്പോൾ.[1][2]. ജെഫ്രിയുടെ ഒന്നിലധികം ഗ്രന്ഥങ്ങളുടെ വിവർത്തനം മലയാളത്തിലും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള വിക്ടോറിയ സർവകലാശാലയിൽ നിന്ന് 1967 ൽ ബി.എ.യും യു.കെയിലെ സസക്സ് സർവകലാശാലയിൽ നിന്ന് 1973 ൽ ഡോക്ട്രേറ്റും നേടിയ റോബിൻ ജെഫ്രി വിക്ടോറിയയിലെ ഡെയ്ലി കൊളണിസ്റ്റിൽ പത്രപ്രവർത്തകനായി ജോലിചെയ്തു. 1967 മുതൽ 1969 വരെ ഇന്ത്യയിലെ ചാണ്ഡിഗഡിൽ സർക്കാർ സ്കൂൾ അദ്ധ്യാപകനായി ജോലിചെയ്തിട്ടുണ്ട് ജെഫ്രി. 1973-78 വരെ ആസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റിയിൽ റിസർച്ച് ഫെലോ ആയും 1979-2005 വരെ മെൽബനിലെ ലാ ട്രോബ് സർവകലാശാലയിലെ രാഷ്ട്രമീംമാംസ വിഭാഗം അദ്ധ്യാപകനായും പ്രവർത്തിച്ചു. [3]
ആധുനിക ഇന്ത്യാ ചരിത്രം, രാഷ്ട്രീയം എന്നിവയാണ് റൊബിൻ ജെഫ്രിയുടെ പ്രത്യേക പഠനമേഖല. പഞ്ചാബ്, കേരളം സംസ്ഥാനങ്ങളിലെ സമൂഹവും ഇന്ത്യൻ മാധ്യമരംഗവും അദ്ദേഹത്തിന്റെ എഴുത്തിനു വിഷയമായിട്ടുണ്ട്. വംശീയത,ദേശീയത,സ്വത്വ രൂപീകരണം എന്നിവയും താല്പര്യ വിഷയങ്ങളാണ്.[3] പഞ്ചാബിലെ ഖലിസ്ഥാൻ പ്രസ്ഥാനത്തെകുറിച്ച് പഠിക്കാൻ അവസരം ലഭിച്ച റോബിൻ ജെഫ്രിയുടെ ആ വിഷയവുമായി ബന്ധപ്പെട്ട കൃതിയാണ് 'ഇന്ത്യക്കു എന്തു സംഭവിക്കുന്നു' (What's Happening to India?) എന്നത്. കേരളത്തിലെ മരുമക്കത്തായ പശ്ചാതല ചരിത്രത്തിൽ സവിശേഷ താല്പര്യമുള്ള ജെഫ്രിയുടെ മറ്റൊരു കൃതിയാണ് 'നായർമേധാവിത്വത്തിന്റെ പതനം' (The decline of Nayar dominance) എന്ന പുസ്തകം.[3] സ്‌ലൈസസ് ഓഫ് ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ പണിപ്പുരയിലാണ് ജെഫ്രി ഇപ്പോൾ. അലഹബാദിൽ 1942 മുതൽ 2001 വരെ യുള്ള ഇടവേളകളിൽ നടന്ന മഹാകുംഭമേളയെ അടിസ്ഥാനമാക്കിയുള്ളതാണ് സ്ലൈസസ് ഓഫ് ഇന്ത്യ എന്ന പഠനം. ഏറ്റവും ഒടുവിലായി ജെഫ്രി എഴുതിയ ഗ്രന്ഥമാണ് "ഇന്ത്യയിലെ പത്രവിപ്ലവം : മുതലാളിത്തം, രാഷ്ട്രീയം, ഭാരതീയ ഭാഷാപത്രങ്ങൾ 1977-99". [4]
ഗ്രന്ഥങ്ങൾ കൂടാതെ നിരവധി പ്രബന്ധങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. എകണോമിക്സ് ആൻഡ് പൊളിറ്റിക്കൽ വീക്കിലി,പസഫിക് അഫയേഴ്സ് എന്നിവയിൽ ആദ്ദേഹത്തിന്റെ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.