റോബർട്ട് കാൾഡ്വെൽ | |
---|---|
![]() | |
ജനനം | റോബർട്ട് കാൾഡ്വെൽ 7 മെയ് 1814 ക്ലാഡി, കൗണ്ടി ലണ്ടൻഡെറി (അന്ന് കൗണ്ടി ആൻട്രിമിൽ), അയർലൻഡ് |
മരണം | 28 ആഗസ്റ്റ്1891 |
അന്ത്യ വിശ്രമം | ഇടയങ്കുടി, തിരുനെൽവേലി ജില്ല |
ദേശീയത | ബ്രിട്ടീഷ് |
തൊഴിൽ(s) | മിഷനറി, ഭാഷാ പണ്ഡിതൻ |
അറിയപ്പെടുന്നത് | ദക്ഷിണേന്ത്യയിലെ ബിഷപ്പ് |
തമിഴ് ഭാഷയുടെ തലതൊട്ടപ്പൻ എന്നറിയപ്പെടുന്ന ബിഷപ് റോബട്ട് കാൽഡ്‌വെൽ (Robert Caldwell) , പത്തൊൻപതാം നൂറ്റാണ്ടിൽ സ്കോട്ട്ലണ്ടിൽ ജനിച്ച് തമിഴ്നാട്ടിൽ സേവനമനുഷ്ഠിച്ച ക്രിസ്തീയ വേദപ്രചാരകനും ഭാഷാശാസ്ത്രകാരനും ആയിരുന്നു (1814 മേയ് 17 -1891).[1] വ്യാകരണങ്ങളുടെ താരതമ്യപഠനത്തിലൂടെ, തമിഴ്, മലയാളം, കന്നഡ, തെലുഗ്, തുളു തുടങ്ങിയ ദക്ഷിണേന്ത്യൻ ഭാഷകളും പാകിസ്താനിലെ ബ്രഹൂയി ഭാഷയും മറ്റും സംസ്കൃതത്തിന്റേതിൽ നിന്നു ഭിന്നമായൊരു ഭാഷാകുടുംബത്തിൽ പെടുന്നുവെന്ന പരികല്പന ഉറപ്പിച്ചത് അദ്ദേഹമാണ്. ദക്ഷിണേന്ത്യൻ ഭാഷകളെ 'ദ്രാവിഡഭാഷകൾ' എന്ന് ആദ്യമായി വിളിച്ചതും അദ്ദേഹമാണ്.[2]
സ്കോട്ട്ലണ്ടുകാരായ മാതാപിതാക്കളുടെ മകനായി വടക്കൻ അയർലൻഡിലെ ക്ലാഡിയിലാണ് കാൾഡ്വെൽ ജനിച്ചത്. സ്കോട്ട്ലണ്ടിലെ ഗ്ലാസ്ഗോ സർവകലാശാലയിൽ നിന്നു ബിരുദമെടുത്ത അദ്ദേഹം ഭാഷകളുടെ താരതമ്യപഠനത്തിൽ തല്പരനായിത്തീർന്നു. 1838-ൽ ലണ്ടൺ വേദപ്രചാരസഭയിലെ അംഗമായി 24-ആമത്തെ വയസ്സിൽ മദ്രാസിലെത്തിയ കാഡ്വെൽ പിന്നീട് സോസൈറ്റി ഫോർ ദ പ്രൊപ്പഗേഷൻ ഓഫ് ഗൊസ്പെൽ (SPG) എന്ന മിഷനറിസംഘത്തിൽ ചേർന്നു. 1877-ൽ അദ്ദേഹം തിരുനെൽവേലി രൂപതയുടെ മെത്രാൻ പദവിയിലെത്തി. തിരുവിതാംകൂറിലെ പ്രസിദ്ധ വേദപ്രചാരകൻ ചാൾസ് മോൾട്ടിന്റെ മകൾ എലിസാ മോൾട്ടിനെ 1844-ൽ കാഡ്വെൽ വിവാഹം കഴിച്ചിരുന്നു. അവർക്ക് ഏഴു മക്കൾ പിറന്നു. തിരുവിതാംകൂറിലും തിരുനെൽവേലിയിലും വേദപ്രചാരവേലയിൽ എലിസായും സജീവമായിരുന്നു.
സുവിശേഷപ്രചാരണത്തിൽ പ്രാദേശികഭാഷയിലെ നൈപുണ്യം ആവശ്യമാണെന്നറിഞ്ഞ കാൾഡ്വെൽ, തമിഴ് ഭാഷ ചിട്ടയായി പഠിക്കാൻ തുടങ്ങി. ഈ പഠനത്തിനൊടുവിൽ അദ്ദേഹം ഭാരതീയഭാഷകളുടെ താരതമ്യശാസ്ത്രത്തിനു മുതൽക്കൂട്ടായിത്തീർന്ന മൗലികസ്വഭാവമുള്ള ചില നിരീക്ഷണങ്ങളിൽ എത്തിച്ചേർന്നു. 1856-ൽ പ്രസിദ്ധീകരിച്ച "ദ്രാവിഡഭാഷകളുടെ താരതമ്യവ്യാകരണം" (എ കമ്പാരറ്റീവ് ഗ്രാമർ ഓഫ് ദ്രവീഡിയൻ ഓർ സൗത്ത് ഇന്ത്യൻ ലാംഗ്വേജസ്) എന്ന വിഖ്യാതരചന ദക്ഷിണേന്ത്യൻ ഭാഷകൾ ഉൾപ്പെടുന്ന ഭാഷാകുടുംബത്തിന് സംസ്കൃതവും ഇതര ഇന്തോ-ആര്യൻ ഭാഷകളും ചേർന്ന ഭാഷാസമൂഹത്തിൽ നിന്നുള്ള വ്യതിരിക്തതയെ സംബന്ധിച്ച കാൾഡ്വെലിന്റെ കണ്ടെത്തലുകളുടെ രേഖയാണ്.
“ | താരതമ്യഭാഷാശാസ്ത്രത്തിന്റെ തത്ത്വങ്ങളുമായി പരിചയമുണ്ടായിരിക്കെ ദ്രാവിഡഭാഷാകുടുംബത്തിലെ മൊഴികളുടെ വ്യാകരണങ്ങളും പദസഞ്ചയവും ശ്രദ്ധാപൂർവം പഠിച്ച് അവയെ സംസ്കൃതവ്യാകരണവും ശബ്ദസഞ്ചയവുമായി താരതമ്യം ചെയ്തിട്ടുള്ള ഒരാൾക്കും ദ്രാവിഡഭാഷകളിലെ വ്യാകരണഘടനകളും, ശബ്ദരൂപങ്ങളും, ഏറിയഭാഗം മുഖ്യധാതുക്കളും, വികാസത്തിന്റേയോ അപചയത്തിന്റെയോ ഏതു പ്രക്രിയയിൽ കൂടി കടന്നായാലും സംസ്കൃതത്തിൽ നിന്ന് ഉത്ഭവിച്ചവയാണെന്ന് സങ്കല്പിക്കാൻ കഴിയുകയില്ല[3] | ” |
എന്ന് ഈ കൃതിയിൽ കാൾഡ്വെൽ വാദിച്ചു. ഭാരതീയഭാഷകളുടെ താരതമ്യപഠനത്തിലും ഇന്ത്യൻ ഉപഭൂഖണ്ഡവുമായി ബന്ധപ്പെട്ട നർവംശശാസ്ത്രപഠനങ്ങളിലേയും അടിസ്ഥാനരേഖകളിലൊന്നാണ് ഈ രചന.
ദ്രാവിഡകുടുംബത്തിലെ ഭാഷകൾ ഇതരഭാഷകളും ഭാഷാകുടുംബങ്ങളുമായി ഏതുവിധം ബന്ധപ്പെട്ടിരിക്കുന്നു എന്ന പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയതായി കാൾഡ്വെൽ അവകാശപ്പെട്ടില്ല. ആ പ്രശ്നത്തിനുള്ള ശാസ്ത്രീയമായ സമാധാനം അന്നോളം കണ്ടെത്തിയിട്ടില്ലെന്നു സമ്മതിക്കുന്ന അദ്ദേഹം എന്നെങ്കിലും അതു പരിഹരിക്കപ്പെടും എന്ന പ്രതീക്ഷ പ്രകടിപ്പിക്കുന്നു. അതേസമയം, ഇന്തോ-യൂറോപ്യൻ ഭാഷാകുടുംബത്തിനും തുറേനിയൻ/സിഥിയൻ ഭാഷാഗണത്തിനും ഇടയിൽ, മദ്ധ്യത്തിലല്ലാതെ, തുറേനിയൻ/സിഥിയൻ ഗണത്തോടു ഏറെ അടുത്തു നിൽക്കുന്ന ഒരു ഭാഷാകുടുംബമാണ് ദ്രാവിഡഭാഷകളുടേതെന്ന താൽകാലിക സമാധാനം ഈ പ്രശ്നത്തിന് അദ്ദേഹം നിർദ്ദേശിക്കുന്നുമുണ്ട്.[4]
1856-ൽ ഈ കൃതിയുടെ ആദ്യപതിപ്പു പ്രസിദ്ധീകരിച്ചത് കാൾഡ്വെൽ ഇംഗ്ലണ്ടിൽ അവധിയിൽ ആയിരിക്കെ ആണ്. തുടർന്ന് പരിഷ്കരിച്ചു വിപുലീകരിച്ച ഒരു രണ്ടാം പതിപ്പു പ്രസിദ്ധീകരിക്കാൻ അദ്ദേഹം ആഗ്രഹിച്ചെങ്കിലും 19 വർഷത്തിനു ശേഷം 1875-ലെ രണ്ടാം അവധിക്കാലം വരെ അതിനു കാത്തിരിക്കേണ്ടി വന്നു. രണ്ടാം പതിപ്പിനെഴുതിയ ആമുഖത്തിൽ ആദ്യപതിപ്പിനു കിട്ടിയ പ്രശംസ അത് അർഹിക്കുന്നതിലും അധികമായിരുന്നു എന്ന് നിരീക്ഷിച്ച കാൾഡ്വെൽ ഒരു പ്രശംസ മാത്രം താൻ അർഹിക്കുന്നതും തനിക്ക് ഏറെ ചാരിതാർത്ഥ്യം നൽകിയതും ആയിരുന്നെന്ന് കൂട്ടിച്ചേർത്തു. ദ്രാവിഡഭാഷകളെ താൻ "സ്നേഹപൂർവം സമീപിച്ചു" എന്ന പ്രശംസയാണ്, അർഹിക്കുന്നതും ഏറെ ചാരിതാർത്ഥ്യം നൽകിയതും ആയി അദ്ദേഹം എടുത്തു പറഞ്ഞത്.[4][൧]
ദക്ഷിണേന്ത്യൻ ഭാഷകളുടെ മികവിനേയും അവ സംസാരിക്കുന്നവരുടെ ഭാഷാപ്രേമത്തേയും കാൾഡ്വെൽ നിർല്ലോഭം പുകഴ്ത്തുന്നു. "തമിഴിലോ, മറ്റേതെങ്കിലും ഒരു ദ്രാവിഡഭാഷയിലോ പ്രാവീണ്യം നേടിയ ഒരു യൂറോപ്യന്, ഇത്ര അത്ഭുതകരമായൊരു ചിന്താസമഗ്രി (...so wonderful an organ of thought..) വികസിപ്പിച്ചെടുത്ത ജനതയെ ആദരവോടെയല്ലാതെ കാണാൻ സാധിക്കുകയില്ല" എന്നദ്ദേഹം കരുതി. എങ്കിലും, സ്വന്തം ഭാഷകൾ ആഴത്തിൽ പഠിക്കുന്ന നാട്ടുകാർ അവയെ സ്വദേശത്തെ തന്നെ ഇതരഭാഷകളുമായിപ്പോലും താരതമ്യം ചെയ്തു കൂടുതൽ മനസ്സിലാക്കാൻ ശ്രമിക്കാത്തത് ഒരു കുറവായി അദ്ദേഹം കാണുന്നു. ഇതുമൂലം അവരുടെ ഭാഷാജ്ഞാനം സൂക്ഷ്മതയുള്ളതായിരുന്നപ്പോഴും വിസ്തൃതിയില്ലാത്തതായി എന്ന് അദ്ദേഹം വിമർശിച്ചു. സമാനഭാഷകൾ ചേർന്ന 'ഭാഷാകുടുംബങ്ങൾ' എന്ന ആശയം തന്നെ നാട്ടുകാർക്ക് അപരിചിതമാണെന്നു കാൾഡ്വെൽ പരിതപിക്കുന്നു. ആ കുറവു നികത്താൻ തന്റെ കൃതി കുറച്ചെങ്കിലും സഹായിച്ചേക്കാം എന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിക്കുന്നുണ്ട്.[4]
ദക്ഷിണേന്ത്യയിൽ 1838 മുതൽ അര നൂറ്റാണ്ടിലേറെക്കാലം വേദപ്രചാരകനും 1877 മുതൽ, തിരുനെൽവേലിയിലെ ആംഗ്ലിക്കൻ മെത്രാനും ആയിരുന്ന കാഡ്വെലിന്റെ പ്രവർത്തനകേന്ദ്രം 'ഇടയൻകുടി' എന്ന സ്ഥലമായിരുന്നു.[5] തിരുനെൽവേലിയുടെ ചരിത്രത്തെക്കുറിച്ച് നടത്തിയ അന്വേഷണങ്ങളുടെ പേരിലും കാഡ്വെൽ അറിയപ്പെടുന്നു. പുരാതനമായ കൈയ്യെഴുത്തുപ്രതികൾ, സംഘസാഹിത്യരചനകൾ എന്നിവയുടെ വിശകലനത്തേയും സ്വന്തം നിലയിൽ നടത്തിയ പ്രാദേശികമായ ഉത്ഖനനപ്രവർത്തനങ്ങളേയും[6] ആശ്രയിച്ച് അദ്ദേഹമെഴുതിയ "തിരുനെൽവേലി ജില്ലയുടെ രാഷ്ട്രീയവും സാമാന്യവുമായ ചരിത്രം" എന്ന കൃതി 1881-ൽ മദ്രാസ് പ്രവിശ്യാഭരണം പ്രസിദ്ധീകരിച്ചു. പ്രാദേശികസംസ്കാരത്തോടും മതത്തോടുമുള്ള സമീപനത്തിൽ ഈ കൃതി ചിലയിടങ്ങളിൽ പ്രകടിപ്പിക്കുന്ന അവഹേളനയും, അപമര്യാദയും, ഉടയഭാവവും ("pejorative, outrageous, and somewhat paternalistic....") വിമർശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബ്രിട്ടീഷ് മനസ്സിന് തീർത്തും അപരിചിതമായിരുന്ന ഒരു ധാർമ്മികതയെ മനസ്സിലാക്കാനുള്ള ആദ്യശ്രമമെന്ന നിലയിൽ അതിനു കല്പിക്കപ്പെട്ട ബഹുമാന്യത ഇന്നും നിലനിൽക്കുന്നു.[7]
ഭാഷാശാസ്ത്രസങ്കേതങ്ങൾ ഉപയോഗിച്ച് ദ്രാവിഡർക്കുമേലുള്ള ആര്യൻ 'മേധാവിത്വത്തെ' ചോദ്യം ചെയ്ത കാൾഡ്വെൽ, ഇ.വി. രാമസ്വാമി നായ്ക്കരുടെ ദ്രാവിഡമുന്നേറ്റപ്രസ്ഥാനത്തിനു വഴിയൊരുക്കിയതായി ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. തമിഴ്ഭാഷയ്ക്കു നൽകിയ സംഭാവനകളുടെ പേരിൽ അദ്ദേഹത്തെ മാനിക്കാനായി തമിഴ്നാടു സർക്കാർ ചെന്നൈയിലെ മരീനാ കടൽത്തീരത്ത് 1968-ൽ കാഡ്വെലിന്റെ ഒരു പ്രതിമ സ്ഥാപിച്ചു.[8] 2010-ൽ ഭാരതസർക്കാർ അദ്ദേഹത്തെ അനുസ്മരിക്കാൻ ഒരു തപാൽ സ്റ്റാമ്പും ഇറക്കി.[9]
൧ ^ Of the various expressions of approval the first edition received, the one which gratified me most because I felt it to be most deserved, was that it was evident that I had treated the Dravidian languages 'lovingly'"[4]