26°53′58″N 90°45′29″E / 26.89944°N 90.75806°E
റോയൽ മാനസ് ദേശീയോദ്യാനം | |
സംരക്ഷിത മേഖല | |
പാർക്കിലേക്കുള്ള പ്രവേശനകവാടം
| |
രാജ്യം | ഭൂട്ടാൻ |
---|---|
District | പെമാഗാറ്റ്ഷെൽ, സർപംഗ് , ഴെംഗാങ് |
Area | 1,057 കി.m2 (408 ച മൈ) |
Animal | ഗോൾഡൻ ലാൻഗുർ, ഗംഗാ ഡോൾഫിൻ, ഹിമാലയൻ മാർട്ടെൻ, ഇന്ത്യൻ കാണ്ടാമൃഗം |
Founded | 1966 |
Website: Bhutan Trust Fund for Environmental Conservation | |
ഭൂട്ടാനിലെ പഴയ ദേശീയോദ്യാനങ്ങളിലൊന്നായ റോയൽ മാനസ് ദേശീയോദ്യാനം ഭൂട്ടാന്റെ ദക്ഷിണമധ്യഭാഗത്തായി സ്ഥിതിചെയ്യുന്നു. ഇവിടത്തെ രാജകീയ ഭരണകൂടം ശ്രേഷ്ഠമൂല്യമുള്ള വംശപാരമ്പര്യത്തിൽപ്പെട്ട സസ്യങ്ങളെ സംരക്ഷിക്കുന്ന സ്ഥലമായിട്ടാണ് ഈ ഉദ്യാനത്തെ പരിഗണിക്കുന്നത്. 1966-ൽ ഭൂട്ടാനിലെ ഒരു വന്യമൃഗസംരക്ഷണകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ട ഒരു സംരക്ഷിതമേഖല കൂടിയായ ഈ ദേശീയോദ്യാനം 1993-ൽ പരിഷ്ക്കരിച്ച് ഭൂട്ടാനിലെ നാലാമത്തെ ദേശീയോദ്യാനമായി ഉയർത്തി. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽപ്പെട്ട ആസാം സംസ്ഥാനത്തിലെ (ഇന്ത്യ) മാനസ് ദേശീയോദ്യാനം, റോയൽ മാനസ് ദേശീയോദ്യാനത്തിന്റെ വടക്കുഭാഗത്ത് കാണപ്പെടുന്നു. ജിഗ്മെ സിന്ഗ്യെവാഞ്ചുക് ദേശീയോദ്യാനത്തിന്റെ തെക്കുകിഴക്കായി റോയൽ മാനസ് ദേശീയോദ്യാനം സ്ഥിതിചെയ്യുന്നു.
ഫിബ്സൂ വന്യജീവി സംരക്ഷണ കേന്ദ്രം, ജിഗ്മെ സിന്ഗ്യെവാഞ്ചുക് ദേശീയോദ്യാനം, ത്രുംഷിങ്ല നാഷണൽ പാർക്ക്, കാലിംഗ് വന്യജീവി സംരക്ഷണകേന്ദ്രം എന്നിവ റോയൽ മാനസ് ദേശീയോദ്യാനവുമായി ഒരു ജൈവ വാതിലിലൂടെ ബന്ധിച്ചിരിക്കുന്നു. കിഴക്ക് സർപാങ് ജില്ലയിലും, ഴെംഗാങ് ജില്ലയുടെ പടിഞ്ഞാറൻ പകുതിയിലും, പെമാഗാറ്റ്ഷെൽ ജില്ലയുടെ പടിഞ്ഞാറൻ ഭാഗത്തുമായി കിടക്കുന്ന ഈ ഉദ്യാനം 1,057 ചതുരശ്രകി.മീ. (408 സ്ക്വയർ മീ.) വിസ്തൃതിയിൽ വലിയ ഭൂപ്രദേശമായി വ്യാപിച്ചുകിടക്കുന്നു. കിഴക്കൻ ഹിമാലയൻ മേഖലയിലായി വ്യാപിച്ചുകിടക്കുന്ന ഇവിടെ ഇലപൊഴിക്കുന്ന നിത്യഹരിത വനങ്ങളും, കിഴക്കൻ ഹിമാലയൻ വിസ്തൃത വനങ്ങളും (500-1000മീ.),ഹിമാലയൻ സബ്ട്രോപിക്കൽ പൈൻ വനങ്ങളും കാണപ്പെടുന്നു. ഉദ്യാനത്തിന്റെ 90% ഭാഗങ്ങളും വനങ്ങളാൽ നിബിഡമാണ് ബാക്കിഭാഗം ചോലവനങ്ങളും സാവന്ന പുൽപ്രദേശങ്ങളും (<500മീ.) കൊണ്ട് നിറഞ്ഞുകിടക്കുന്നു. പർവ്വതനിരകളിൽ ഓക്ക് മരങ്ങൾ നിറഞ്ഞ വനങ്ങളും (>2500മീ.) കാണപ്പെടുന്നു. 47-ൽ പരം നീരുറവകൾ ഈ മേഖലകളിലുൾപ്പെടുന്നു. ലോകത്തിൽ വച്ച് അതിഗംഭീരമായ വ്യത്യസ്തതരം സസ്യജീവജാലങ്ങളുടെയും നിരവധി പക്ഷികളുടെയും ആവാസവ്യവസ്ഥയാണ് ഈ ഉദ്യാനം.
റോയൽ മാനസ് ദേശീയോദ്യാനത്തിൽ നവംബർ മുതൽ മാർച്ച് വരെ വേനൽക്കാലം തികച്ചും സുഖകരമാണ്. എന്നാൽ ശരത്കാലം തണുപ്പേറിയതാണ്. മേയ് മുതൽ സെപ്റ്റംബർ വരെ മൺസൂൺ കാലാവസ്ഥയാണുള്ളത്. ശരാശരി 5,000 മി.മീ. മഴ വരെ ഇവിടെ ലഭിക്കുന്നു. താപനില 10 ഡിഗ്രിസെന്റി ഗ്രേഡിലും താഴെയാണ് കണ്ടുവരുന്നത്[1].
ഹിമാലയൻ സബ്ട്രോപ്പിക്കൽ പൈൻ ഫോറസ്റ്റും, കിഴക്കൻ ഹിമാലയൻ ബ്രോഡ് ലീഫ് വനങ്ങളും ചേർന്നതാണ് സസ്യജാലങ്ങൾ. മതപരമായ ആചാരാനുഷ്ഠാനങ്ങൾക്കും, വാണിജ്യപരമായ ആവശ്യങ്ങൾക്കു വേണ്ടിയും, മരുന്നുകൾക്കും, ആഹാരങ്ങൾക്കായും, 900-ത്തിൽപ്പരം വിവിധ വർഗ്ഗത്തിൽപ്പെട്ട സസ്യങ്ങളെ ഈ ഉദ്യാനത്തിൽ പരിപാലിക്കപ്പെടുന്നു. ഈ ദേശീയോദ്യാനത്തിലെ ഒറ്റപ്പെട്ട ഗ്രാമങ്ങളിൽ ഏകദേശം 5,000-ത്തിൽപരം ജനങ്ങൾ പാർക്കുന്നു.
ഭൂട്ടാനിലെ ഏറ്റവും വലിയ നദികളിലൊന്നായ മാനസ് നദിയിലും അതിന്റെ പോഷകനദികളിലുമായി മൂന്നുവർഗ്ഗങ്ങളിൽപ്പട്ട മഷീർ മത്സ്യങ്ങൾ, ഡീപ്പ് ബോഡീഡ് മഷീർ (Tor tor), ഗോൾഡൻ മഷീർ(Tor putitora), ചോക്കളേറ്റ് മഷീർ (Acrossocheilus hexangonolepis) എന്നിവയെ കണ്ടുവരുന്നു. 10,000-ത്തിൽപരം ഷഡ്പദങ്ങളും ജൈവവൈവിധ്യത്തിൽപ്പെടുന്നു.
ഈ ദേശീയോദ്യാനത്തിൽ 2006-ലെ കണക്കുപ്രകാരം 59 തരം സസ്തനികൾ ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇവിടെ 25-35 റോയൽ ബംഗാൾ കടുവകൾ (Panthera tigris tigris) യഥേഷ്ടം വിഹരിക്കുന്നു. വലിയ സസ്തനികളായ കാട്ടെരുമ, കാട്ടുപോത്ത് (Bos gaurus), മ്ലാവ്, ഏഷ്യൻ ആനകൾ, തേൻകരടി, പുലി, ഹിമാലയൻ ബ്ലാക്ക് ബീയർ തുടങ്ങിയ മൃഗങ്ങളും കണ്ടുവരുന്നു. ലാർജ് ഇൻഡ്യൻ സിവെറ്റ് (Viverra zibetha), മരപ്പട്ടി (Paguma larvata), ബിൻഡുറോങ്(Arctictis binturong), ക്രാബ്-ഈറ്റിങ് മങ്കൂസ് (Herpestes urva), ഹിമാലയൻ മാർട്ടെൻ (Martes flavigula), ആസ്സാം മുയലുകൾ,(Caprolagus hispidus), ഗോൾഡൻ ലാൻഗുർ (Presbytis geei), മുള്ളൻ പന്നി (Sus salvanius), ഇന്ത്യൻ കാണ്ടാമൃഗം (Rhinoceros unicornis), വൈൽഡ് ഡോഗ്, ഏഷ്യൻ ബ്രഷ്-റ്റെയിൽഡ് പോർക്കുപൈൻ (Atherurus macrourus), ഗംഗാ ഡോൾഫിൻ(Platanista), മുതലായവയും ഈ ഉദ്യാനം വാസസ്ഥലമാക്കിയിരിക്കുന്നു. ലോകത്ത് വളരെ കുറച്ച് മാത്രം കണ്ടുവരുന്ന 8 വ്യത്യസ്തവർഗ്ഗത്തിൽപ്പെട്ട പൂച്ചകളെ ഈ സംരക്ഷിതപ്രദേശങ്ങളിൽ കണ്ടുവരുന്നു[2].
2006-ലെ സർവ്വേപ്രകാരം ഈ ദേശീയോദ്യാനത്തിൽ 427 വിവിധയിനം പക്ഷികൾ ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. അതിനുശേഷം മൂന്ന് പക്ഷിവർഗ്ഗങ്ങളെ കൂടി ലിസ്റ്റിലുൾപ്പെടുത്തിയപ്പോൾ എണ്ണം 430 ഇനമായി ഉയർന്നു. രണ്ട് സംരക്ഷിത വർഗ്ഗങ്ങൾ കൂടി ഈ ഉദ്യാനത്തിലുണ്ട്. ഈ പക്ഷികളെ 1995-ലെ ഷെഡ്യൂൾ 1 വന-പ്രകൃതി സംരക്ഷണനിയമപ്രകാരം ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ രണ്ടിലധികം പുതിയവർഗ്ഗങ്ങൾ (കിന്നരി പ്രാപ്പരുന്ത്, തവിട്ടുകൊക്ക്) കൂടി ഈ ദേശീയോദ്യാനത്തിൽ ഉള്ളതായി രേഖപ്പെടുത്തിയിരിക്കുന്നു. ചെങ്കഴുത്തൻ വേഴാമ്പൽ (Aceros nipalensis), പല്ലാസ് ഫിഷ് ഈഗിൾ (Haliaeetus leucoryphus), വൈറ്റ്-ബെല്ലീഡ് ഹെറോൺ (Ardea insignis), സ്പോട്ടഡ് ഇലാക്കൂറ (Elachura formosa), ഏഷ്യൻ എമറാൾഡ് കുക്കൂ (Chrysococcyx maculatus), മേനിപ്പാറക്കിളി (Monticola cinclorhynchus) എന്നീ ഇനങ്ങളും ഇവിടെ സ്വൈരമായി ചേക്കേറുന്നു[3][4].