പ്രധാനമായും മലയാള ചലച്ചിത്രങ്ങളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടനാണ് റോഷൻ മാത്യു (ജനനം: 22 മാർച്ച് 1992). 2016 ൽ പുറത്തിറങ്ങിയ പുതിയ നിയമം എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്തു. തുടർന്ന് 'ആനന്ദം' (2016), 'കൂടെ' (2018) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടി. കൂടെ എന്ന ചിത്രത്തിലെ അഭിനയത്തിന് സിമാ (SIIMA) അവാർഡ് ലഭിച്ചു. മഹേഷ് നാരായണൻ സംവിധാനം ചെയ്ത് 2020-ൽ ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത സി യു സൂൺ എന്ന ചിത്രത്തിൽ ഒരു പ്രമുഖ വേഷം ചെയ്തു. ചെന്നൈ, മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന നിരവധി നാടക സംരംഭങ്ങളിലും മാത്യു പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. രജിത് കപൂർ സംവിധാനം ചെയ്ത 'ഗ്ലാസ് മെനാഗറി', ഫൈസി ജലാലി സംവിധാനം ചെയ്ത '07/07/07' എന്നിവ ഇതിൽ ഉൾപ്പെടുന്നു.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി സ്വദേശിയാണ് റോഷൻ. പിതാവ് മാത്യു ജോസഫ് കാനറ ബാങ്കിലെ ബാങ്ക് മാനേജരും അമ്മ റെജീന അഗസ്റ്റിൻ വിരമിച്ച പിഡബ്ല്യുഡി എഞ്ചിനീയറുമാണ്. കോട്ടയം കേന്ദ്രീയ വിദ്യാലയത്തിൽ പഠിച്ചു.[1] കൊച്ചിയിലെ കുസാറ്റ് സ്കൂൾ ഓഫ് എഞ്ചിനീയറിംഗിൽ ചേർന്നതിനുശേഷം ചെന്നൈയിലെ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ ബിഎസ്സി ഫിസിക്സ് പഠിക്കാൻ ചേർന്നു.[2] ഒരു വർഷത്തിനുശേഷം അദ്ദേഹം പഠനം ഉപേക്ഷിച്ചു. കോളേജിലെ രണ്ടാം വർഷത്തിൽ അഭിനയത്തിൽ താൽപര്യം വളർന്നു. തുടർന്ന് ബിരുദാനന്തരം മുംബൈ ഡ്രാമാ സ്കൂളിൽ ചേർന്നു.[1][3]
വർഷം | ചടങ്ങ് | വിഭാഗം | ചലച്ചിത്രം | വിധി | അവലംബം |
---|---|---|---|---|---|
2019 | എട്ടാമത് സിമാ അവാർഡ് | മികച്ച സഹനടൻ (മലയാളം) | കൂടെ | നേടി | [4] |
2020 | സിനേമാ പാരഡിസോ | മികച്ച സ്വഭാവനടൻ | മൂത്തോൻ | നേടി |