1916 ഡിസംബറിൽ ഉത്തർപ്രദേശിലെ ലഖ്നൗവിൽ വച്ചു നടന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമ്മേളനത്തിൽ ഇന്ത്യൻ നാഷണൽ കോൺഗ്രസും ഓൾ-ഇന്ത്യാ മുസ്ലിം ലീഗും ഉടമ്പടി ഒപ്പിടുകയുണ്ടായി. ഇത് ലഖ്നൗ സന്ധി എന്നറിയപ്പെടുന്നു. ഈ സന്ധിയിലൂടെ രണ്ടു പാർട്ടികളും മത ന്യൂനപക്ഷങ്ങൾക്ക് അനുവദിച്ചിട്ടുള്ള നിയോജകമണ്ഡലങ്ങളിൽ പ്രാതിനിധ്യം നൽകാമെന്ന് സമ്മതിക്കുകയുണ്ടായി. കൂടാതെ മുസ്ലിം ലീഗിന്റെ നേതാക്കൾ ഇന്ത്യയ്ക്ക് സ്വയംഭരണം ആവശ്യപ്പെട്ടുകൊണ്ട് നടന്ന പ്രക്ഷോഭങ്ങളിൽ പങ്കെടുക്കാമെന്ന് സമ്മതിക്കുകയും ചെയ്തു. രാഷ്ട്രീയ നിരീക്ഷകർ ഇന്ത്യൻ രാഷ്ട്രീയത്തിലെ അധികാരം പങ്കുവയ്ക്കലായും ഈ സംഭവത്തെ വിലയിരുത്തിയിട്ടുണ്ട്. [1]
എക്സിക്യൂട്ടീവ് കൗൺസിലിലെ കുറഞ്ഞത് പകുതിയെങ്കിലും അംഗങ്ങളെയും ലെജിസ്ലേറ്റീവ് കൗൺസിലിലെ ഭൂരിഭാഗം അംഗങ്ങളെയും തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തുമെന്ന് ഇന്ത്യക്കാരെ തൃപ്തിപ്പെടുത്തുന്നതിനായി ബ്രിട്ടീഷ് സർക്കാർ പ്രഖ്യാപിച്ചു. ഇന്ത്യൻ നാഷണൽ കോൺഗ്രസും ഓൾ - ഇന്ത്യാ മുസ്ലിം ലീഗും ഇതിനെ പിന്തുണയ്ക്കുകയാണുണ്ടായത്. തുടർന്ന് ഭാവിയിൽ ഇത്തരം പ്രവർത്തനങ്ങൾക്ക് രണ്ടു പാർട്ടികളും തമ്മിൽ സഹകരണം ആവശ്യമാണെന്ന് തിരിച്ചറിയുകയുണ്ടായി. [2]
ഇംപീരിയൽ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കും പ്രൊവിൻസിയൽ ലെജിസ്ലേറ്റീവ് കൗൺസിലിലേക്കുമുള്ള തിരഞ്ഞെടുപ്പുകളിൽ മുസ്ലിങ്ങൾക്ക് മത്സരക്കുന്നതിനായി പ്രത്യേകം മണ്ഡലങ്ങൾ വേർതിരിച്ചുനൽകാൻ കോൺഗ്രസ് സമ്മതിച്ചു. എന്നാൽ 1909 ലെ ഇന്ത്യൻ കൗൺസിൽ നിയമ പ്രകാരം മുസ്ലിങ്ങൾക്ക് ഈ അവകാശം ലഭിച്ചിരുന്നെങ്കിലും കോൺഗ്രസ് എതിർത്തിരുന്നു. കൂടാതെ കൗൺസിലിൽ മൂന്നിൽ ഒരു ഭാഗം സീറ്റുകൾ മുസ്ലിങ്ങൾക്ക് മത്സരിക്കാനായി നൽകാനും ലഖ്നൗ സന്ധിയിലൂടെ തീരുമാനമായി. ലഖ്നൗ സന്ധിയിലൂടെ കരാർ ഒപ്പിട്ടതോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ തീവ്രവാദികളും മിതവാദികളും തമ്മിലുള്ള വിരോധത്തിന്റെ തീവ്രതയും കുറയുകയുണ്ടായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ വീണ്ടും ഒരുമിച്ച് പ്രവർത്തിക്കാമെന്ന് ലഖ്നൗ സമ്മേളനത്തിൽവച്ച് മിതവാദികളും തീവ്രവാദികളും തീരുമാനിക്കുകയും ചെയ്തു. [2]
രണ്ടു പാർട്ടികളും ചില പൊതുവായ ആവശ്യങ്ങൾ ബ്രിട്ടീഷിനുമുന്നിൽ സമർപ്പിച്ചു. താഴെപ്പറയുന്ന ആവശ്യങ്ങൾ അവർ സമർപ്പിക്കുകയുണ്ടായി.
ഹിന്ദു - മുസ്ലിം ഐക്യവുമായി ബന്ധപ്പെട്ട പ്രധാന സംഭവമായിരുന്നു ലഖ്നൗ സന്ധി. ഇന്ത്യൻ നാഷണൽ കോൺഗ്രസും മുസ്ലിം ലീഗും തമ്മിൽ വലിയ ബന്ധം സ്ഥാപിക്കാനും ഈ സന്ധി കാരണമായി. ലഖ്നൗ സന്ധിയ്ക്കു മുൻപുവരെ ഇരു പാർട്ടികളും വിരോധികളായിരുന്നുവെങ്കിലും സന്ധിയ്ക്കുശേഷം ഇതിനു മാറ്റം വരികയും ചെയ്തു.
ലാലാ ലജ്‌പത് റായ്, ബാലഗംഗാധര തിലക്, ബിപിൻ ചന്ദ്ര പാൽ എന്നിവരടങ്ങുന്ന ലാൽ ബാൽ പാൽ ത്രയത്തിന്റെ നേതൃത്വത്തിലുള്ള തീവ്രവാദ വിഭാഗവും ഗോപാല കൃഷ്ണ ഗോഖലെയുടെ നേതൃത്വത്തിലുള്ള മിതവാദവും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനും ലഖ്നൗ സന്ധിയ്ക്ക് സാധിച്ചിരുന്നു. [3]