ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വിമൻ (LSMW) 1874-ൽ സ്ഥാപിതമായ, ബ്രിട്ടനിലെ സ്ത്രീകൾക്ക് ഡോക്ടർമാരായി പരിശീലനം നൽക്കുന്ന ആദ്യത്തെ മെഡിക്കൽ വിദ്യാലയമാണ്.[1] ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വിമൻ എന്ന സ്ഥാപനത്തെ പിന്തുണയ്ക്കുകയും സഹായിക്കുകയും ചെയ്യുന്ന സമിതിയിലെ രക്ഷാധികാരികളും വൈസ് പ്രസിഡന്റുമാരും അംഗങ്ങളും വിദ്യാസമ്പന്നരായ വനിതകൾക്ക് മിഡ്‌വൈഫറിയും മറ്റ് വൈദ്യശാസ്ത്ര ശാഖകളും പഠിക്കാനും പരിശീലിക്കാനും ആവശ്യമായ സൗകര്യങ്ങൾ നൽകണമെന്ന് നിർദ്ദേശിക്കുന്നു. മിഡ്‌വൈഫറി മേഖലകളിലും അതുപോലെതന്നെ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള മറ്റ് ചികിത്സാ മേഖലകളിലും ഭാവി തൊഴിൽ അവസരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും അവർ നിർദ്ദേശം നൽകുന്നു.[2]
1874-ൽ തോമസ് ഹെൻറി ഹക്‌സ്‌ലിയ്‌ക്കൊപ്പം ആദ്യകാല വനിതാ ഫിസിഷ്യൻമാരായിരുന്ന സോഫിയ ജെക്‌സ്-ബ്ലേക്ക്, എലിസബത്ത് ഗാരറ്റ് ആൻഡേഴ്‌സൺ, എമിലി ബ്ലാക്ക്‌വെൽ, എലിസബത്ത് ബ്ലാക്ക്‌വെൽ എന്നിവരുടെ ഒരു കൂട്ടായ്മയാണ് വിദ്യാലയം രൂപീകരിച്ചത്. എഡിൻബർഗ് സർവകലാശാലയിൽ നിന്ന് പുറത്താക്കപ്പെട്ടശേഷം ബ്രിട്ടീഷ് മെഡിക്കൽ വിദ്യാലയങ്ങളിൽ സ്ത്രീകൾക്ക് പ്രവേശനം ലഭിക്കാത്ത ഒരു കാലഘട്ടത്തിൽ വൈദ്യശാസ്ത്ര ബിരുദം നേടാനുള്ള ജെക്‌സ്-ബ്ലേക്കിന്റെ നിരാശാജനകമായ ശ്രമങ്ങളാണ് ഈ വിദ്യാലത്തിൻറെ സ്ഥാപനത്തിന് പ്രേരണയായത്.[3] എഡിൻബറോയിൽ ജെക്‌സ്-ബ്ലേക്കിൻറെ സഹപാഠികളായിരുന്ന മറ്റ് സ്ത്രീകൾ ലണ്ടൻ സ്‌കൂളിൽ ചേർന്ന സമയത്ത് അവരിലൊരാളായിരുന്ന ഇസബൽ തോൺ ഹോണററി സെക്രട്ടറിയായി 1877-ൽ ചുമതലയേറ്റു. എഡിൻബർഗിൽ ഒരു മെഡിക്കൽ പ്രാക്ടീസ് ആരംഭിക്കാൻ അവിടെനിന്ന് പുറത്തു പോയ അവർ 1886-ൽ എഡിൻബറോ സ്‌കൂൾ ഓഫ് മെഡിസിൻ ഫോർ വുമൺ സ്ഥാപിക്കുകയും ചെയ്തു.
1876-ലെ യുകെ മെഡിക്കൽ ആക്റ്റ് (39, 40 വിക്ട്, Vict, Ch. 41) യുണൈറ്റഡ് കിംഗ്ഡത്തിലെ മുൻ മെഡിക്കൽ നിയമം റദ്ദാക്കുകയും ലിംഗഭേദമില്ലാതെ യോഗ്യതയുള്ള എല്ലാ അപേക്ഷകർക്കും ലൈസൻസ് നൽകാൻ മെഡിക്കൽ അധികാരികളെ അനുവദിക്കുകയും ചെയ്ത ഒരു നിയമമാണ്.[4][5] [6] 1877-ൽ ഫ്രീ ഹോസ്പിറ്റലുമായി ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിലെ വിദ്യാർത്ഥികൾക്ക് അവരുടെ ക്ലിനിക്കൽ പഠനം ഫ്രീ ഹോസ്പിറ്റലിൽ പൂർത്തിയാക്കാൻ അനുവദിക്കുന്നതായ ഒരു കരാറിലെത്തി. പരിശീലനത്തിനായി സ്ത്രീകളെ പ്രവേശിപ്പിക്കുന്ന ലണ്ടനിലെ ആദ്യ അധ്യാപന ആശുപത്രിയായിരുന്നു റോയൽ ഫ്രീ ഹോസ്പിറ്റൽ. സ്കൂൾ പുനർനിർമിക്കുകയും, ലണ്ടൻ യൂണിവേഴ്സിറ്റിയുടെ ഭാഗമായി മാറുകയും റോയൽ ഫ്രീ ഹോസ്പിറ്റലുമായുള്ള ബന്ധം ഏകീകരിക്കുകയും ചെയ്ത സമയത്ത് എലിസബത്ത് ഗാരറ്റ് ആൻഡേഴ്സൺ ആയിരുന്നു ഡീൻ (1883-1903). 1896-ൽ, സ്കൂൾ ഔദ്യോഗികമായി ലണ്ടൻ (റോയൽ ഫ്രീ ഹോസ്പിറ്റൽ) സ്കൂൾ ഓഫ് മെഡിസിൻ ഫോർ വുമൺ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
1894-ൽ, ലണ്ടൻ സ്കൂൾ ഓഫ് മെഡിസിൻ ഫോർ വുമണിൽ പഠിച്ചതിന് ശേഷം പ്രശസ്ത ഇന്ത്യൻ ഫെമിനിസ്റ്റ് ഡോ. രുഖ്മാബായി വൈദ്യശാസ്ത്രത്തിൽ യോഗ്യത നേടി. ഇന്ത്യൻ വനിതാ വിദ്യാർത്ഥികളുടെ എണ്ണം ക്രമാനുഗതമായി വർദ്ധിക്കുകയും 1920 ആയപ്പോഴേക്കും സ്കൂൾ, ലണ്ടനിലെ ഇന്ത്യ ഓഫീസുമായി സഹകരിച്ച് ഇന്ത്യൻ വനിതാ മെഡിക്കൽ വിദ്യാർത്ഥികൾക്കായി ഒരു ഹോസ്റ്റൽ തുറക്കുകയും ചെയ്തു.
1914-ൽ, വൈദ്യശാസ്ത്രം പഠിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകളുടെ എണ്ണം ഗണ്യമായി കൂടിയതോടെ സ്കൂൾ കൂടുതൽ വിപുലീകരിക്കപ്പെടുകയും ലബോറട്ടറികളുടെയും ലക്ചർ റൂമുകളുടെയും എണ്ണം ഇരട്ടിയാക്കേണ്ടത് അത്യന്താപേക്ഷിതവുമായിരുന്നു.[7] വിപുലീകരണ സമയത്ത്, ഏകദേശം 300-ലധികം വിദ്യാർത്ഥികൾ ചേർന്നിരുന്ന ഇത് ബ്രിട്ടനിലെ ഏറ്റവും വലിയ വനിതാ യൂണിവേഴ്സിറ്റി കോളേജായി മാറി.[8] 1998-ൽ ഇത് യൂണിവേഴ്സിറ്റി കോളേജ് ഹോസ്പിറ്റലിന്റെ മെഡിക്കൽ സ്കൂളുമായി ലയിപ്പിച്ച് UCL മെഡിക്കൽ സ്കൂൾ രൂപീകരിക്കപ്പെട്ടു.[9]