അക്ഷരങ്ങൾക്ക് പകരം ചിഹ്നങ്ങൾ ഉപയോഗിക്കുന്ന ഒരു സ്റ്റാൻഡേർഡ് കാഴ്ച പരിശോധന ചാർട്ട് ആണ് ലാൻഡോൾട്ട് സി ചാർട്ട്. ലാൻഡോൾട്ട് റിംഗ്, ലാൻഡോൾട്ട് ബ്രോക്കൺ റിങ് അല്ലെങ്കിൽ ജാപ്പനീസ് വിഷൻ ടെസ്റ്റ് എന്നീ പേരുകളിലും ഈ ചാർട്ട് അറിയപ്പെടുന്നു. സ്വിസ് വംശജനായ നേത്രരോഗവിദഗ്ദ്ധൻ എഡ്മണ്ട് ലാൻഡോൾട്ടാണ് ഇത് വികസിപ്പിച്ചെടുത്തത്.
ലാൻഡോൾട്ട് സി ചാർട്ടിൽ ഉപയോഗിച്ചിരിക്കുന്ന ചിഹ്നം, വിടവ് ഉള്ള ഒരു വളയം ആണ്. ഇംഗ്ലീഷ് അക്ഷരമാലയിലെ സി (C) എന്ന അക്ഷരത്തിന് സമാനമായി കാണപ്പെടുന്നതിനാലാണ് ലാൻഡോൾട്ട് സി ചാർട്ട് എന്ന് പേര് വന്നത്. വളയത്തിലെ വിടവ് വിവിധ സ്ഥാനങ്ങളിൽ (സാധാരണയായി ഇടത്, വലത്, താഴെ, മുകളിൽ, അതിനിടയിലുള്ള 45° സ്ഥാനങ്ങൾ) ആണ് ഉണ്ടാവുക. കാഴ്ച പരിശോധനയിൽ വിടവ് ഏത് വശത്താണെന്ന് വ്യക്തി വ്യക്തമാക്കണം. നിർദ്ദിഷ്ട പിശകുകൾ വരുത്തുന്നതുവരെ സി യുടെ വലുപ്പവും അതിന്റെ വിടവും കുറച്ച് കൊണ്ടുവന്ന് പരിശോധന തുടരുന്നു. വിഷ്വൽ അക്വിറ്റിയുടെ അളവുകോലായി വിടവിന്റെ ഏറ്റവും കുറഞ്ഞ അളവാണ് കണക്കാക്കുന്നത്.[1]
അക്ഷരങ്ങളുടെ കനവും, വിടവിൻറെ വലുപ്പവും ആകെ വ്യാസത്തിൻറെ 1/5 ആണ്.[2] ഇത് ഒരു സ്നെല്ലെൻ ചാർട്ടിൽ ഉപയോഗിക്കുന്ന സി അക്ഷരത്തിന് സമാനമാണ്. പല യൂറോപ്യൻ രാജ്യങ്ങളിലും അക്വിറ്റി അളക്കുന്നതിനുള്ള സ്റ്റാൻഡേർഡ് ഒപ്‌ടോടൈപ്പാണ് ലാൻഡോൾട്ട് സി.
ഒരു 'ഗോൾഡ് സ്റ്റാൻഡേർഡ്' ആയി അംഗീകരിച്ചിട്ടുണ്ടെങ്കിലും, ഈ ഒപ്റ്റോടൈപ്പിന് അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. തലച്ചോറിന്റെ ഉയർന്ന പ്രവർത്തനം കാരണം, റെസല്യൂഷന്റെ പരിധിക്കടുത്തായി വിടവ് അടഞ്ഞിരിക്കുന്നതായി തോന്നാം, പ്രത്യേകിച്ചും വിടവ് 6 മണി സ്ഥാനത്ത് ആയിരിക്കുമ്പോൾ. ഇത് പക്ഷെ കോർണിയയുടെയോ ലെൻസിന്റെയോ ഘടന മൂലമോ അസ്റ്റിഗ്മാറ്റിക് പിശകുകൾ മൂലമോ അല്ല.[3] [4]