അമേരിക്കൻ എഴുത്തുകാരനായ റോബർട്ട് എ. ഹൈൻലൈൻ 1939-ൽ പ്രസിദ്ധീകരിച്ച ചെറുകഥയാണ് "ലൈഫ്-ലൈൻ". ഹൈൻലൈന്റെ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ ചെറുകഥയാണിത്.
പ്രഫസ്സർ പിനെറോ എന്ന പ്രധാന കഥാപാത്രം ഒരു മനുഷ്യന്റെ ആയുസ്സ് പ്രവചിക്കാവുന്ന ഒരു യന്ത്രം കണ്ടുപിടിക്കുന്നു. ഒരു വ്യക്തിയുടെ വേൾഡ് ലൈനിൽ ഒരു സന്ദേശമയയ്ക്കുകയും ഇതിന്റെ പ്രതിധ്വനി അളക്കുകയും ചെയ്യുന്നതിലൂടെയാണ് ഈ യന്ത്രം പ്രവർത്തിക്കുന്നത്. ഈ കണ്ടുപിടിത്തം ലൈഫ് ഇൻഷുറൻസ് വ്യവസായത്തിനും ഇദ്ദേഹത്തിന്റെ ജീവിതത്തിനു തന്നെയും വലിയ പ്രത്യാഘാതങ്ങളാണുണ്ടാക്കുന്നത്.
ടൈം ഇനഫ് ഫോർ ലവ്, മെതുസലേഹ്സ് ചിൽഡ്രൺ എന്നീ നോവലുകളിൽ പ്രഫസ്സർ പിനെറോയെപ്പറ്റി പരാമർശിക്കുന്നുണ്ട്. അമരനായ ലസാറസ് ലോങ് എന്ന കഥാപാത്രത്തിന്റെ ആയുസ്സ് പിനെറോ പരിശോധിച്ചുവെങ്കിലും യന്ത്രത്തിന് കേടുപറ്റി എന്ന ചിന്തയിൽ ഇദ്ദേഹത്തെ പണം വാങ്ങാതെ തിരികെ അയച്ചു എന്ന് പ്രസ്താവനയുണ്ട്.
ത്രില്ലിംഗ് വണ്ടർ സ്റ്റോറീസ് എന്ന മാഗസിൻ ഒരു ചെറുകഥാമത്സരത്തിന്റെ ജേതാവിന് 50 ഡോളർ സമ്മാനം പ്രഖ്യാപിച്ചതിനാലാണ് ഇദ്ദേഹം ഈ കഥ എഴുതാനാരംഭിച്ചത്. പക്ഷേ അസ്റ്റൗണ്ടിംഗ് എന്ന മാസികയ്ക്ക് 70 ഡോളറിന് ഇദ്ദേഹം ഈ കൃതി വിൽക്കുകയാണുണ്ടായത്. 1966-ലെ ദ വേൾഡ്സ് ഓഫ് റോബർട്ട് എ. ഹൈൻലൈൻ എന്ന സമാഹാരത്തിലും 1980-ലെ എക്സ്പാൻഡഡ് യൂണിവേഴ്സ് എന്ന സമാഹാരത്തിലും 1987-ലെ "ദ മാൻ ഹൂ സോൾഡ് ദ മൂൺ" എന്ന കൃതിയിലും ഈ കഥ പ്രത്യക്ഷപ്പെടുന്നുണ്ട്.
ലൈഫ്-ലൈനിലെ ഒരു പാരഗ്രാഫ് ആധുനിക കാലത്തെ ബൗദ്ധിക സ്വത്തവകാശ നിയമങ്ങളുടെ വിമർശനത്തിനായി ഇടയ്ക്കിടെ ഉദ്ധരിക്കപ്പെടാറുണ്ട്:[1][2]
ഒരു മനുഷ്യനോ കോർപ്പറേഷനോ പൊതുജനങ്ങളിൽ നിന്ന് കുറച്ചു വർഷങ്ങൾ ലാഭമെടുത്തു എന്നതിനാൽ മാത്രം ഭരണകൂടവും കോടതികളും ഇത്തരം ലാഭക്കൊയ്ത്ത് ഭാവിയിലും തുടരാനുള്ള സാഹചര്യം ഒരുക്കിക്കൊടുത്തേ മതിയാകൂ എന്ന് ഈ രാജ്യത്തിലെ ചില വിഭാഗങ്ങളുടെ മനസ്സിൽ ഒരു ആശയം രൂപപ്പെട്ടിട്ടുണ്ട്. സാഹചര്യങ്ങൾ മാറുകയോ പൊതുജനങ്ങളുടെ താല്പര്യം ഇതിനെതിരാകുകയോ ചെയ്താൽ പോലും ഇത് തുടരണമത്രേ! ഈ വല്ലാത്ത വിശ്വാസത്തിന് നിയമത്തിലോ നീതിയിലോ ഒരു അടിസ്ഥാനവുമില്ല. കോർപ്പറേഷനുകൾക്കോ വ്യക്തികൾക്കോ കോടതിയെ സമീപിച്ച് കാലത്തിന്റെ ഘടികാരം നിറുത്തിവയ്ക്കണമെന്നോ തിരികെ കറക്കണമെന്നോ ആവശ്യപ്പെടാനുള്ള അധികാരമില്ല തന്നെ.