Vattakottai Fort | |
---|---|
![]() | |
Location | Kanyakumari, India |
Coordinates | 8°07′30″N 77°33′54″E / 8.125°N 77.565°E |
Type | Cultural |
State Party | ![]() |
തമിഴ്നാട്ടിലെ കന്യാകുമാരിയിൽ സ്ഥിതി ചെയ്യുന്ന ഒരു കടലോര കോട്ടയാണ് വട്ടക്കോട്ട. 18-ാം നൂറ്റാണ്ടിൽ തിരുവിതാംകൂറിൻറെ സുരക്ഷാ സംവിധാനങ്ങളുടെ ഭാഗമായി പണികഴിപ്പിച്ച ഈ കോട്ട പൂർണ്ണമായും കരിങ്കല്ല് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. 1741-ൽ മാർത്താണ്ഡവർമയാണ് ഇന്നു കാണുന്ന നിലയിൽ കോട്ട പണിതത്. കന്യാകുമാരി പട്ടണത്തിൽ നിന്ന് ഏഴ് കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന വട്ടക്കോട്ട ഇപ്പോൾ പുരാവസ്തു വകുപ്പിൻറെ കീഴിലുള്ള സംരക്ഷിത കേന്ദ്രമാണ്.[1]
കോട്ടയുടെ ഒരു ഭാഗത്ത് കടലും മറുഭാഗത്ത് പശ്ചിമഘട്ടവുമാണ്.[2]
തിരുവിതാംകൂറിലെ വേണാട് രാജാക്കന്മാർ പതിനെട്ടാം നൂറ്റാണ്ടിൽ പണികഴിപ്പിച്ചതാണ് ഈ കോട്ട. പിന്നീട് ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ മുൻ നാവിക സേനാ നായകനും പിന്നീട് തിരുവിതാംകൂർ പടത്തലവനുമായിരുന്ന ക്യാപ്റ്റൻ ഡെലിനോയിയുടെ മേൽനോട്ടത്തിൽ കോട്ട പരിഷ്ക്കരിച്ചു. കുളച്ചൽ യുദ്ധകാലത്ത് ഡച്ച് നാവികനായിരുന്ന ഡെലിനോയി യുദ്ധ പരാജയത്തിന് ശേഷം മാർത്താണ്ഡ വർമ്മ രാജാവിൻറെ വിശ്വാസം നേടിയെടുത്ത് തിരുവതാംകൂറിൻറെ പടത്തലവനാകുകയായിരുന്നു.[3]
പാണ്ഡ്യരാജാക്കൻമാർ അല്പകാലം ഈ കോട്ട കൈവശപ്പെടുത്തിയിരുന്നോയെന്ന സംശയവും ചരിത്രകാരൻമാർക്കുണ്ട്.[4]
മൂന്നര ഏക്കർ സ്ഥലത്ത് സ്ഥിതിചയ്യുന്ന ഈ കോട്ട പൂർണ്ണമായും കരിങ്കല്ല് ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. കോട്ടയ്ക്കു ചുറ്റും 25 അടി ഉയരമുള്ള കൂറ്റൻ മതിലുണ്ട്. മുൻഭാഗത്ത് 29 അടിയും പിന്നിൽ ആറടിയും വശങ്ങളിൽ 18 അടിയുമാണ് മതിലിന്റെ കനം. കോട്ടയുടെ ഒരു ഭാഗം കടലിലേക്കു തള്ളിയ നിലയിലാണ് ഉണ്ടാക്കിയിരിക്കുന്നത്. മൂന്നു മണ്ഡപങ്ങൾ കോട്ടയ്ക്കുള്ളിലുണ്ട്.[2][5]