വരദവിനായക ക്ഷേത്രം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
സ്ഥലം | മഹഡ് ഗ്രാമം |
മതവിഭാഗം | ഹിന്ദുയിസം |
ആരാധനാമൂർത്തി | ഗണപതി (അഷ്ടവിനായക്) |
ജില്ല | റായ്ഗഡ് ജില്ല |
സംസ്ഥാനം | മഹാരാഷ്ട്ര |
രാജ്യം | ഇന്ത്യ |
ഹിന്ദു ദൈവമായ ഗണപതിയുടെ ഒരു ക്ഷേത്രമാണ് വരദവിനായക ക്ഷേത്രം.[1] [2] വരദ്‌വിനായക് എന്നും അറിയപ്പെടുന്നു. മഹാരാഷ്ട്രയിലെ പ്രശസ്തമായ അഷ്ടവിനായക ക്ഷേത്രങ്ങളിൽ ഒന്നാണ് ഇത്. റായ്ഗഡ് ജില്ലയിലെ കർജത്തിനും ഖോപോളിക്കും സമീപം ഖലാപൂർ താലൂക്കിലെ മഹഡ് ഗ്രാമത്തിലാണ് ഇത് സ്ഥിതിചെയ്യുന്നത്.[3][4] 1725-ൽ പേഷ്വായുടെ സൈനികത്തലവനായിരുന്ന റാംജി മഹാദേവ് ബിവൽക്കർ ആണ് ഈ ക്ഷേത്രം പണികഴിപ്പിച്ചത് (അല്ലെങ്കിൽ പുന:സ്ഥാപിച്ചത്).[5]
കൗദിന്യാപൂരിലെ രാജാവായിരുന്ന ഭീമനും ഭാര്യയും തപസ്സിനായി ഇവിടെയുള്ള വനത്തിൽ വന്നപ്പോൾ വിശ്വാമിത്ര മുനിയെ കണ്ടുമുട്ടിയെന്നാണ് ഐതിഹ്യം. കുട്ടികളില്ലാതിരുന്ന രാജാവിന് വിശ്വാമിത്രൻ ഒരു മന്ത്രം ജപിക്കാൻ നൽകി. ഈ മന്ത്രത്തിന്റെ ഫലമായി അദ്ദേഹത്തിന്റെ മകനും അനന്തരാവകാശിയുമായ രുക്മഗന്ദ രാജകുമാരൻ ജനിച്ചു. രുക്മഗന്ദ സുന്ദരനായ ഒരു യുവ രാജകുമാരനായി വളർന്നു.
ഒരു ദിവസം, ഒരു നായാട്ടിനിറങ്ങിയ രുക്മഗന്ദ , ഋഷി വചക്‌നവിയുടെ ആശ്രമത്തിൽ എത്തി. സുന്ദരനായ രാജകുമാരനെ കണ്ട് ഋഷിയുടെ ഭാര്യ മുകുന്ദ പ്രണയത്തിലാവുകയും തന്റെ കാമപൂർത്തിക്കായി അദ്ദേഹത്തെ സമീപിക്കുകയും ചെയ്തു. എന്നാൽ സദ്‌വൃത്തനായ രാജകുമാരൻ അത് നിരസിച്ച് ആശ്രമം വിട്ടു. മുകുന്ദ കഠിനമായ വിരഹദുഖത്തിലായി. അവളുടെ ദുരവസ്ഥ അറിഞ്ഞ ഇന്ദ്രൻ രുക്മഗന്ദയുടെ രൂപം സ്വീകരിച്ച് അവളെ പ്രാപിച്ചു. മുകുന്ദൻ ഗർഭിണിയാകുകയും ഗൃത്സമദ എന്ന മകനെ പ്രസവിക്കുകയും ചെയ്തു.
കാലക്രമേണ, തന്റെ ജനന സാഹചര്യങ്ങളെക്കുറിച്ച് അറിഞ്ഞ ഗൃത്സമദ, കോപാകുലനാകുകയും തന്റെ അമ്മയെ മുള്ളുകൾ നിറഞ്ഞ, ആകർഷകമല്ലാത്ത, "ഭോർ" ചെടി (ഇലന്ത) ആയി മാറാൻ ശപിച്ചു. അവനിൽ നിന്ന് ക്രൂരനായ ഒരു രാക്ഷസൻ (അസുരൻ) ജനിക്കട്ടെ എന്ന് മുകുന്ദ തിരികെ ഗൃത്സമദയെയും ശപിച്ചു. പെട്ടെന്ന്, "ഗൃത്സമദ ഇന്ദ്രൻ്റെ പുത്രനാണ്" എന്ന് പറയുന്ന ഒരു സ്വർഗ്ഗീയ അശരീരി അവർ രണ്ടുപേരും കേട്ടു. അത് ഇരുവരെയും ഞെട്ടിച്ചു. പക്ഷേ അപ്പോഴേക്കും അവരുടെ ശാപങ്ങൾ മാറ്റാൻ കഴിയാത്ത രീതിയിൽ വൈകിയിരുന്നു. മുകുന്ദ ഇലന്തച്ചെടിയായി രൂപാന്തരം പ്രാപിച്ചു. ലജ്ജയും പശ്ചാത്താപവും മൂലം ഗൃത്സമദ പുഷ്പക വനത്തിലേക്ക് പിൻവാങ്ങി. അവിടെ അദ്ദേഹം ഗണപതിയോട് ആശ്വാസത്തിനായി പ്രാർത്ഥിച്ചു.
ഗൃത്സമദയുടെ തപസ്സിൽ സന്തുഷ്ടനായ ഗണപതി, ശങ്കരൻ (ശിവൻ) അല്ലാതെ മറ്റാരോടും പരാജയപ്പെടാത്ത പുത്രൻ അദ്ദേഹത്തിന് ജനിക്കുമെന്ന് വരം അരുളി. ഇവിടെ പ്രാർത്ഥിക്കുന്ന ഏതൊരു ഭക്തനും അഭീഷ്ടസിദ്ധിക്കായി ഈ വനത്തെ അനുഗ്രഹിക്കണമെന്ന് ഗൃത്സമദ ഗണേശനോട് ആവശ്യപ്പെട്ടു. കൂടാതെ തനിക്ക് ബ്രഹ്മജ്ഞാനം ലഭിക്കണമെന്ന് പ്രാർഥിക്കുകയും ഗണപതിയുടെ സാന്നിദ്ധ്യം അവിടെ സ്ഥിരമായി ഉണ്ടാകണമെന്ന് അപേക്ഷിക്കുകയും ചെയ്തു. തുടർന്ന് ഗൃത്സമദ അവിടെ ഒരു ക്ഷേത്രം പണിതു. ഈ ക്ഷേത്രത്തിൽ സ്ഥാപിച്ചിരിക്കുന്ന ഗണേശ വിഗ്രഹത്തെ വരദവിനായകൻ എന്ന് വിളിക്കുന്നു. ഇന്ന് ഈ വനം ഭദ്രക എന്ന പേരിലാണ് അറിയപ്പെടുന്നത്.[6]
ഈ ക്ഷേത്രത്തിലെ വരദ വിനായകന്റെ വിഗ്രഹം ഒരു സ്വയംഭൂ (സ്വയം ഉത്ഭവിച്ചത്) ആണ്, ഇത് 1690 AD-ൽ മുങ്ങിയ നിലയിൽ അടുത്തുള്ള തടാകത്തിൽ കണ്ടെത്തി. 1725-ൽ ശുഭേദാർ റാംജി മഹാദേവ് ബിവൽക്കറാണ് ഈ ക്ഷേത്രം നിർമ്മിച്ചതെന്ന് പറയപ്പെടുന്നു.[5] മനോഹരമായ കുളത്തിൻ്റെ ഒരു വശത്താണ് ക്ഷേത്ര പരിസരം. ഈ ക്ഷേത്രത്തിലെ വിഗ്രഹം കിഴക്കോട്ട് അഭിമുഖമായി നിലകൊള്ളുന്നു. ഗണപതിയുടെ തുമ്പിക്കൈ ഇടതുവശത്തേക്ക് തിരിച്ചിരിക്കുന്നു. ഈ ശ്രീകോവിലിൽ 1892 മുതൽ തുടർച്ചയായി കത്തിക്കൊണ്ടിരിക്കുന്നതായി പറയപ്പെടുന്ന ഒരു എണ്ണ വിളക്കുണ്ട്. മൂഷിക, നവഗ്രഹ ദേവതകൾ, ശിവലിംഗം എന്നിവയുടെ പ്രതിഷ്ഠയും ഈ ക്ഷേത്രത്തിലുണ്ട്. ക്ഷേത്രത്തിൻ്റെ നാലു വശങ്ങളിലും നാല് ആനയുടെ പ്രതിമകൾ കാവൽ നിൽക്കുന്നു. ഈ അഷ്ടവിനായക ക്ഷേത്രത്തിൽ ഭക്തർക്ക് ഗർഭഗൃഹത്തിൽ പ്രവേശിച്ച് വിഗ്രഹത്തെ നേരിട്ട് ആരാധിക്കുകയും ചെയ്യാം. വർഷം മുഴുവനും ഭക്തർ വരദവിനായക ക്ഷേത്രം സന്ദർശിക്കാറുണ്ട്.
മാഘമാസത്തിലെ ചതുർത്ഥി നാളിൽ പ്രസാദമായി ലഭിക്കുന്ന നാളികേരം കഴിച്ചാൽ സന്താനഭാഗ്യം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. അതുകൊണ്ട് തന്നെ മാഘി ഉത്സവ വേളയിൽ ഈ ക്ഷേത്രത്തിൽ ഭക്തരുടെ വലിയ തിരക്ക് ഉണ്ടാവാറുണ്ട്.