വാഗമൺ | |
---|---|
പട്ടണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | ഇടുക്കി |
ഉയരം | 1,100 മീ (3,600 അടി) |
Languages | |
• Official | മലയാളം, ഇംഗ്ലീഷ് |
സമയമേഖല | UTC+5:30 (IST) |
Vehicle registration | KL-37 |
Nearest Railway Station | കോട്ടയം |
കോട്ടയം ജില്ലയുമായി അതിർത്തി പങ്കിട്ടു ഇടുക്കി ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഒരു വിനോദസഞ്ചാര മലമ്പ്രദേശം ആണ് വാഗമൺ. കോട്ടയം-ഇടുക്കി ജില്ലകളുടെ അതിർത്തിയിൽ ഈരാറ്റുപേട്ടയിൽ നിന്നും 25 കിലോമീറ്റർ കിഴക്കായി സ്ഥിതി ചെയ്യുന്ന വാഗമണ്ണിന്റെ പ്രകൃതിസൗന്ദര്യം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ നാഷണൽ ജ്യോഗ്രഫിക് ട്രാവലർ ഉൾപ്പെടുത്തിയ പത്ത് വിനോദ കേന്ദ്രങ്ങളിലൊന്നാണിത്.[1]
പശ്ചിമഘട്ടത്തിന്റെ അതിരിൽ സമുദ്ര നിരപ്പിൽ നിന്നും 1100 മീറ്റർ അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വാഗമണ്ണിൽ പൊതുവേ വളരെ തണുത്ത കാലാവസ്ഥയാണുള്ളത്. ഇവിടത്തെ വേനൽക്കാല പകൽ താപനില 10 മുതൽ 23 ഡിഗ്രി സെൽഷ്യസ് വരെ ആണ്. തേയിലത്തോട്ടങ്ങൾ, പുൽത്തകിടികൾ, മഞ്ഞ്, ഷോളമലകൾ, എന്നിവ വാഗമണ്ണിന്റെ ചാരുതയ്ക്ക് മാറ്റുകൂട്ടുന്നു. മൊട്ടക്കുന്നുകളും, അനന്തമായ പൈൻ മരക്കാടുകളും വാഗമണിന്റെ മറ്റ് പ്രത്യേകതകളാണ്. ഇവിടങ്ങളിലെ മലമ്പാതയിലൂടെ ഉള്ള യാത്ര അതിമനോഹരമാണ്. വാഗമൺ മലകളുടെ അടിവാരം തീക്കോയി വരെ നീണ്ടുകിടക്കുന്നു. തങ്ങൾ പാറ, മുരുകൻ മല, കുരിശുമല എന്നീ മൂന്നു മലകളാൽ വാഗമൺ ചുറ്റപ്പെട്ടിരിക്കുന്നു. ഇവ മൂന്നും തീർത്ഥാടക പ്രാധാന്യമുള്ള സ്ഥലങ്ങളുമാണ്.
ഇടുക്കി-കോട്ടയം ജില്ലകളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്രദേശത്തേക്കുളള യാത്ര സുഖകരമാണ്. ഒരു വശത്ത് അഗാധമായ കൊക്കയും, മറുവശത്ത് കരിമ്പാറ അരിഞ്ഞിറങ്ങിയ, കോടമഞ്ഞു മൂടിയ മലനിരകളും. ഈരാറ്റുപേട്ട-പീരുമേട് ഹൈവേയിൽ വെള്ളികുളം മുതൽ വഴിക്കടവ് വരെ ആറുകിലോമീറ്റർ ദൂരം പാറക്കെട്ടുകളിൽ അരിഞ്ഞിറങ്ങിയ റോഡുകളിലൂടെ സഞ്ചരിച്ചാണ് വാഗമണിൽ എത്തുക.
ഒരുകാലത്ത് വാഗമൺ, കോലാഹലമേട് പ്രദേശങ്ങൾ ആരുടെയും ശ്രദ്ധയിൽപെടാതെ കിടക്കുകയായിരുന്നു. ഇവിടെ ആകെ ഉണ്ടായിരുന്നത് ഇൻഡോ-സ്വിസ് പ്രോജക്ടിന്റെ കന്നുകാലി വളർത്തു കേന്ദ്രം മാത്രമായിരുന്നു. വിനോദസഞ്ചാര മാപ്പിൽ വാഗമൺ സ്ഥാനം പിടിക്കുകയും പത്ര മാധ്യമങ്ങളിലൂടെ പ്രശസ്തി മനസ്സിലാക്കുകയും ചെയ്തതോടെ വാഗമണ്ണിലേക്കുള്ള സഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചു. പൈൻ മരക്കാടുകൾ സഞ്ചാരികളുടെ പ്രധാന വിശ്രമ കേന്ദ്രമാണ്. 20 വർഷത്തിൽ ഒരിക്കൽ വെട്ടിമാറ്റുന്ന ഇതിന്റ പൾപ്പ് ഉപയോഗിച്ചാണ് കറൻസി അച്ചടിക്കാനുളള പേപ്പർ നിർമ്മിക്കുന്നത്. പൈൻ മരക്കാടുകൾക്കടുത്താണ് നേരത്തെ ഇൻഡോ-സ്വിസ് പ്രോജക്ട് സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ ഈ കെട്ടിടങ്ങൾ ടൂറിസ്റ്റ് റിസോർട്ടുകളായി രൂപം പ്രാപിച്ചു കഴിഞ്ഞു. ഇതിനു സമീപത്തായി കാർഷികകോളേജും സ്ഥാപിതമായി.
കീഴുക്കാംതൂക്കായ മലനിരകൾ വെട്ടിയരിഞ്ഞായിരുന്നു ഈരാറ്റുപേട്ട-വാഗമൺ റോഡിന്റെ നിർമ്മാണം പൂർത്തീകരിച്ചത്. നദികൾക്ക് സമാന്തരമായി ഉണ്ടായിരുന്ന നടപ്പാതകൾ തെളിച്ചാണ് ആദ്യം വഴിയൊരുക്കിയത്. 1939-ലാണ് ആദ്യമായി ഈരാറ്റുപേട്ടയിൽ നിന്നും തീക്കോയിലേക്ക് റോഡു വെട്ടിയത്. ഇന്നിത് സംസ്ഥാന ഹൈവേയായി രൂപാന്തരപ്പെട്ടിരിക്കുന്നു.
വാഗമണ്ണിൽ ഇപ്പോൾ സർക്കാർ വകുപ്പുകളുടെയും സ്വകാര്യ വ്യക്തികളുടെയും ഉടമസ്ഥതയിൽ വൻ വിനോദസഞ്ചാര പദ്ധതികൾ തയ്യാറാക്കി കഴിഞ്ഞു. ആഗോള നിക്ഷേപക സമ്മേളനത്തിൽ അവതരിപ്പിച്ച ടൂറിസം പദ്ധതികളിൽ പ്രധാനപ്പെട്ട ഇനങ്ങളുടെ വികസന പദ്ധതികൾ നടന്നു വരുന്നു. ഈ പദ്ധതികൾ പൂർത്തിയാകുന്നതോടെ സഞ്ചാരികൾക്ക് കൂടുതൽ മെച്ചപ്പെട്ട താമസം, ഭക്ഷണം ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.[2]
തൊടുപുഴയിൽ നിന്നും 36 കിലോമീറ്ററും പാലയിൽ നിന്നും 37 കിലോമീറ്ററും കുമിളിയിൽ നിന്ന് 45 കിലോമീറ്ററും കോട്ടയത്തു നിന്നും 65 കിലോമീറ്ററും കാഞ്ഞിരപള്ളിയിൽ നിന്നും 40 കിലോമീറ്ററും അകലെയാണ് വാഗമൺ. പ്രധാന നഗരമായ കൊച്ചി, വാഗമണ്ണിൽ നിന്നും 102 കിലോമീറ്റർ പടിഞ്ഞാറായിട്ടാണ്. നെടുമ്പാശ്ശേരിയാണ് ഏറ്റവും അടുത്തുള്ള വിമാനത്താവളം. കോട്ടയമാണ് ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷൻ. കാഞ്ഞാറിൽ നിന്നും 16 കിലോമീറ്റർ അകലെയുമാണ്.