വി.എസ്. വല്യത്താൻ

മലയാളിയായ പ്രശസ്ത ചിത്രകാരൻ.യഥാതഥശൈലിയിലുള്ള ചിത്രരചനയിൽ നൈപുണ്യം തെളിയിച്ചു. രാജാ രവിവർമ്മ ചിത്രകലാപാരമ്പര്യത്തിലെ അവസാനത്തെ കണ്ണിയായി അദ്ദേഹം കണക്കാക്കപ്പെടുന്നു.വി.എസ്. വല്യത്താൻ (1919-2006). കേരള സർക്കാർ ഏർപ്പെടുത്തിയ പ്രശസ്തമായ രാജാ രവിവർമ്മ പുരസ്കാരം 2006-ൽ നേടിയിട്ടുണ്ട്.

ജീവിതരേഖ

[തിരുത്തുക]

പന്തളം രാജകുടുംബത്തിലെ രേവതിതിരുന്നാൾ രവിവർമ്മ രാജയുടെയും തോട്ടത്തിൽ മാധവിയമ്മയുടെയും മകനായി 1919ൽ അദ്ദേഹം ജനിച്ചു. നാട്യാവബോധം എന്ന ആട്ടക്കഥ അദ്ദേഹം രചിച്ചിട്ടുണ്ട്. തന്റെ ചിത്രങ്ങളുടെ പല ഏകാംഗ പ്രദർശനങ്ങളും അദ്ദേഹം നടത്തിയിട്ടുണ്ട്.

അദ്ദേഹത്തിന്റെ കുളക്കടവ്, തെമ്മാടിക്കാറ്റ്, വ്രീളാവിവശ, മാൿബത്ത്, പ്രകൃതിദൃശ്യം, എന്നീ‍ അഞ്ചു പ്രശസ്ത ചിത്രങ്ങൾ തിരുവനന്തപുരം ശ്രീ ചിത്ര ആർട്ട് ഗാലറിയിൽ പ്രദർശനത്തിനു വെച്ചിട്ടുണ്ട്.

ഒരു യതാതഥ ശൈലി (Realistic) ആണ് വല്യത്താൻ തന്റെ ചിത്രങ്ങളിൽ പിന്തുടർന്നത്. അദ്ദേഹം തന്റെ ചുറ്റുപാടുകളിൽ നിന്നും ഇന്ത്യൻ ഇതിഹാസങ്ങളിൽ നിന്നും ലോകസാഹിത്യത്തിലെ പ്രശസ്ത കൃതികളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടു. 1996-ൽ ചിത്രകലാ പരിഷദ് ഫെല്ലോഷിപ്പും 2002-ൽ കേരള ലളിതകലാ അക്കാദമി പുരസ്കാരവും 2006-ൽ രാജാ രവിവർമ്മ പുരസ്കാരവും അദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

2006 ജൂൺ 21-നു പന്തളത്തെ നടുവിലേമാളിക കൊട്ടാരത്തിൽ അന്തരിച്ചു.

പുറത്തുനിന്നുള്ള കണ്ണികൾ

[തിരുത്തുക]