വിശ്വനാഥ് പാടൺകർ മാധവറാവു | |
---|---|
![]() വി.പി. മാധവ റാവുവിന്റെ രേഖാചിത്രം | |
ബറോഡയുടെ ദിവാൻ | |
ഓഫീസിൽ 1910–1913 | |
മൈസൂർ നാട്ടുരാജ്യത്തിന്റെ ദിവാൻ | |
ഓഫീസിൽ 1906 ജൂൺ 30 – 1909 മാർച്ച് 31 | |
Monarch | കൃഷ്ണ രാജ വൊഡയാർ നാലാമൻ |
മുൻഗാമി | പി.എൻ. കൃഷ്ണമൂർത്തി |
പിൻഗാമി | ടി. അനന്തറാവു |
തിരുവിതാംകൂറിലെ ദിവാൻ | |
ഓഫീസിൽ 1904–1906 | |
Monarch | മൂലം തിരുനാൾ |
മുൻഗാമി | കെ. കൃഷ്ണസ്വാമി റാവു |
പിൻഗാമി | എസ്. ഗോപാലാചാരി |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | 1850 ഫെബ്രുവരി മദ്രാസ് പ്രസിഡൻസി |
മരണം | 1934 |
തൊഴിൽ | സിവിൽ സർവന്റ് |
വിശ്വനാഥ് പാടൺകർ മാധവ റാവു ഓർഡർ ഓഫ് ദി ഇൻഡ്യൻ എമ്പയർ (സി.ഐ.ഇ. (മറാഠി: विश्वनाथ पाटणकर माधव राव (1850 ഫെബ്രുവരി 10 - 1934) ഇൻഡ്യക്കാരനായ ഭരണകർത്താവായിരുന്നു. ഇദ്ദേഹം1904 മുതൽ 1906 വരെ തിരുവിതാംകൂറിന്റെയും 1906 മുതൽ 1909 വരെ മൈസൂർ രാജ്യത്തിന്റെയും 1910 മുതൽ 1913 വരെ ബറോഡയുടെയും ദിവാനായിരുന്നു.
മദ്രാസ് പ്രസിഡൻസിയിലെ കുംഭകോണം എന്ന സ്ഥലത്ത് ദക്ഷസ്ഥ ബ്രാഹ്മണൻ എന്ന ജാതിയിൽ 1850 ഫെബ്രുവരിയിലാണ് ഇദ്ദേഹം ജനിച്ചത്. തഞ്ചാവൂർ മറാഠികളായിരുന്നു ഇദ്ദേഹത്തിന്റെ പൂർവ്വികർ. തഞ്ചാവൂർ മറാഠ ഭരണകാലത്താണ് ഇദ്ദേഹത്തിന്റെ പൂർവ്വികർ ഇവിടേയ്ക്ക് കുടിയേറിയത്.
കുംഭകോണം കോളേജിൽ വില്യം ആർച്ചർ പോർട്ടറിന്റെ കീഴിലാണ് ഇദ്ദേഹം വിദ്യാഭ്യാസം നേടിയത്. 1869-ൽ ഇദ്ദേഹം ബി.എ. പാസാവുകയും മൈസൂർ നാട്ടുരാജ്യത്തിലെ റോയൽ സ്കൂളിൽ ഹെഡ് മാസ്റ്ററായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. ഇദ്ദേഹം പിന്നീട് മൈസൂറിലെ പബ്ലിക് പ്രോസിക്യൂട്ടർ ആയി നിയമിതനായി. റെവന്യൂ വിഭാഗത്തിലും ജുഡീഷ്യൽ വിഭാഗത്തിലും ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. 1898 മുതൽ 1901 വരെ ഇദ്ദേഹം മൈസൂറിലെ ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ്, പ്ലേഗ് കമ്മീഷണർ എന്നീ തസ്തികകളിലുമിരുന്നിട്ടുണ്ട്. 1902 മുതൽ1904 വരെ ഇദ്ദേഹം റെവന്യൂ കമ്മീഷണറായിരുന്നു.
ഇദ്ദേഹം1904 മുതൽ 1906 വരെ തിരുവിതാംകൂറിന്റെ ദിവാനായിരുന്നു. മൂലം തിരുനാൾ ആയിരുന്നു ഇക്കാലത്ത് തിരുവിതാംകൂർ രാജാവ്.
ഇന്ത്യയിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുള്ള നിയമനിർമ്മാണസഭയായ ശ്രീമൂലം പോപ്പുലർ അസംബ്ലി (ശ്രീമൂലം പ്രജാസഭ) ആരംഭിച്ചത് ഇദ്ദേഹത്തിന്റെ കാലത്താണ്[1]. ആദ്യയോഗത്തിന്റെ അദ്ധ്യക്ഷൻ ഇദ്ദേഹമായിരുന്നു.
ശ്രീമൂലം പ്രജാസഭ സ്ഥാപിക്കുന്നതിനു മുൻപായി പ്രധാന പ്രമാണിമാരുടെ അഭിപ്രായം അദ്ദേഹം ആരായുവാനായി ഭക്തിവിലാസത്തുവച്ച് (ദിവാന്റെ ഔദ്യോഗികവസതി - ഇപ്പോൾ ഇവിടെ ആകാശവാണി പ്രവർത്തിക്കുന്നു). ജനഹിതം അറിയാനും അഭിപ്രായം കേൾക്കാനും വിപുലമായ മറ്റൊരു സഭ രൂപവകരിക്കുന്നതിനോട് പ്രമാണിമാർ എതിർപ്പു പ്രകടിപ്പിക്കുകയാണുണ്ടായത്. രാജാവിനും ദിവാനുമുള്ള അധികാരങ്ങൾ ജനങ്ങൾക്കു നൽകുന്നത് അപകടകരമാണെന്നായിരുന്നു പൊതു അഭിപ്രായം. എതിർപ്പുകളെ തള്ളിക്കളഞ്ഞ് ജനപ്രാതിനിദ്ധ്യ സഭ സ്ഥാപിക്കുവാനുള്ള ഉദ്ദ്യമവുമായി ഇദ്ദേഹം മുന്നോട്ടുപോയി.[2]
1906 ജൂൺ 30 മുതൽ 1909 മാർച്ച് 31 വരെ ഇദ്ദേഹം മൈസൂറിലെ ദിവാനായിരുന്നു.
1906-ൽ ഇദ്ദേഹത്തിന്റെ കാലത്ത് മൈസൂർ ലജിസ്ലേറ്റീവ് അസംബ്ലിയിലെ അംഗങ്ങൾക്ക് നിയമങ്ങൾ പാസാക്കാനുള്ള അധികാരം നൽകുന്ന നിയമം നിലവിൽ വരുകയുണ്ടായി. 1907 മാർച്ച് 7-ൽ പുതിയ നിയമസഭ നിലവിൽ വന്നു. ഭൂനികുതി നിയമം ഭേദഗതി ചെയ്യപ്പെടുകയും റെവന്യൂ കമ്മീഷണറെ പ്രധാന റെവന്യൂ അധികാരിയായി വ്യവസ്ഥ ചെയ്യുകയും ചെയ്യുകയുണ്ടായി. റെവന്യൂ കമ്മീഷണർക്ക് ട്രഷറിയുടെ നിയന്ത്രണവും നൽകപ്പെട്ടു. പൊതു ആരോഗ്യ ഡിപ്പാർട്ട്മെന്റ് രൂപീകരിക്കപ്പെടുകയും മൈസൂർ സിവിൽ സർവീസിലേയ്ക്കുള്ള മത്സര പരീക്ഷകൾ പുനരാരംഭിക്കുകയും ചെയ്തു. കവുങ്ങിലുള്ള നികുതി പിൻവലിക്കപ്പെട്ടു.
രാജ്യത്ത് കിന്റർഗാർട്ടൻ സ്കൂളുകൾ ആരംഭിക്കുകയും പ്രാധമിക വിദ്യാഭ്യാസം സൗജന്യമാക്കുകയും ചെയ്തു. ധാരാളം ജലസേചനപദ്ധതികൾ ആരംഭിച്ചു. 1906-07 മാരികാനൈറ്റ് ജോലികളും 1907-08 കാലത്ത് ബെലഗോളയിലെ കാവേരി പവർ വർക്കിന്റെ ജോലികളും പൂർത്തിയായി. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിനായി സർക്കാർ സൗജന്യമായി ഭൂമി നൽകുകയുമുണ്ടായി.
ബാംഗളൂർ പട്ടണത്തിലെ സിവിൽ സ്റ്റേഷനും മിലിട്ടറി സ്റ്റേഷനും വൈദ്യുത വിളക്കുകൾ 1908 ജനുവരി 1-ന് ലഭ്യമായി. മൈസൂർ പട്ടണത്തിന് വൈദ്യുത വിളക്കുകൾ ലഭിച്ചത് 1908 സെപ്റ്റംബർ 26-നായിരുന്നു.
1910 മുതൽ 1913 വരെ ഇദ്ദേഹം ബറോഡയുടെ ദിവാനായിരുന്നു.
1899-ൽ ഇദ്ദേഹത്തിന് കമ്പാനിയൻ ഓഫ് ദി ഓർഡർ ഓഫ് ദി ഇൻഡ്യൻ എമ്പയർ എന്ന സ്ഥാനം ലഭിച്ചു. 1900-ൽ കൈസർ-ഇ-ഹിന്ദ് മെഡലും ഇദ്ദേഹത്തിന് ലഭിക്കുകയുണ്ടായി.