ബയോമെട്രിക്സിന്റെ സുരക്ഷാ സംവിധാനങ്ങളാണ് ഫിംഗർപ്രിന്റ് സ്കാനറുകൾ. പോലീസ് സ്റ്റേഷനുകൾ, സുരക്ഷാ സ്ഥാപനങ്ങൾ , ജോലി സ്ഥാപനങ്ങൾ , സ്മാർട്ട്ഫോണുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയിൽ വിരലടയാള സ്കാനറുകൾ ഉപയോഗിക്കുന്നു. ഒരു വിരൽ മാത്രമോ ഒന്നിലധികം വിരലുകൾ ഒരുമിച്ചോ സ്കാൻ ചെയ്യാം.[1]
ഒപ്റ്റിക്കൽ, കപ്പാസിറ്റീവ്, അൾട്രാസോണിക് സ്കാനറുകളാണ് വിരലടയാള സ്കാനറിൻ്റെ വിവിധ തരങ്ങൾ. [2] [3]
ഒപ്റ്റിക്കൽ സ്കാനറിൽ ഏകവർണ ദീപപ്രകാശമാണു സ്കാനിങ്ങിന് ഉപയോഗിക്കുന്നത്. ഇതു വിരലടയാളത്തിലെ ശൃംഗങ്ങളിലും ഗർത്തങ്ങളിലും തട്ടി പ്രതിഫലിക്കുന്നത് പിടിച്ചെടുത്തു ഡിജിറ്റൽ ഇമേജ് രൂപപ്പെടുത്തുന്നു.
കപ്പാസിറ്റീവ് സ്കാനറുകൾ പൊതുവേ കാണുന്നത് സ്മാർട്ട് ഫോണുകളിലാണ്. ഇലക്ട്രിക് ചാർജ് സംഭരിക്കുന്ന സംവിധാനമായ കപ്പാസിറ്ററുകളുടെ സഞ്ചയം വിരൽ തൊടുന്ന ഭാഗത്തു കാണും. വിരലടയാളത്തിലെ ശൃംഗങ്ങൾ കപ്പാസിറ്റർ പ്ലേറ്റുമായി സമ്പർക്കത്തിൽ വരികയും കപ്പാസിറ്ററിൽ ചാർജ് വ്യതിയാനം സംഭവിക്കുകയും ചെയ്യും. ഇതനുസരിച്ചാണു ഫിംഗർ പ്രിന്റ് രൂപപ്പെടുത്തുന്നത്.
അൾട്രാസോണിക് സ്കാനർ ഏകദേശം ഒപ്റ്റിക്കൽ സ്കാനറിനു സമാനമായ പ്രവർത്തനമാണു നടത്തുന്നത്. പ്രകാശത്തിനു പകരം അൾട്രാസോണിക് തരംഗങ്ങൾ ഉപയോഗിക്കുന്നുവെന്നു മാത്രം. 90%നും 100% ഇടയിലൊരു കൃത്യതയാണ് ഇവ നൽകുന്നത്. ഫിംഗർ പ്രിന്റ് മൊത്തമായി സ്കാൻ ചെയ്യുക എന്നതിലുപരി വിരലടയാളത്തിലെ 35 മുതൽ 50 പോയിന്റുകളെ കേന്ദ്രീകരിക്കുകയാണു ചെയ്യുന്നത് .