വെങ്കിട്ടരാമൻ രാധാകൃഷ്ണൻ | |
---|---|
![]() വി. രാധാകൃഷ്ണൻ | |
ജനനം | 18 മേയ് 1929 |
മരണം | 03 മാർച്ച് 2011 |
തൊഴിൽ | റിസർച്ച് |
നോബൽ സമ്മാന ജേതാവായ ഡോ. സി.വി. രാമന്റെ മകനാണ് പ്രൊഫ.വി.രാധാകൃഷ്ണൻ (ജനനം 18 മെയ് 1929, മരണം 03 മാർച്ച് 2011).
1929 മേയ് 18-ന് സി.വി. രാമന്റെ മകനായി ജനിച്ചു. 1950-കളിൽ സ്വീഡൻ, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ ജോലി ചെയ്തു. റേഡിയോ അസ്‌ട്രോണമിയിൽ അന്താരാഷ്ട്ര പ്രശസ്തി നേടിയിട്ടുണ്ട് ഇദ്ദേഹം. പിതാവ് സി.വി. രാമന്റെ മരണത്തെ തുടർന്ന് അദ്ദേഹം ഇന്ത്യയിൽ തിരിച്ചെത്തുകയും 1972 മുതൽ 1994 വരെ ബാംഗ്ലൂരിലെ രാമൻ റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിന്റെ ചുമതലക്കാരനാകുകയും ചെയ്തു. ഇപ്പോൾ ഈ ഇൻസ്റ്റിറ്റിയൂട്ടിന്റെ ട്രസ്റ്റിയാണ് ഇദ്ദേഹം. എഴുപതോളം രാജ്യങ്ങള്ളിൽ ഇദ്ദേഹം സഞ്ചരിച്ചിട്ടുണ്ട്. കടൽ സാഹസിക യാത്രകളിൽ പ്രശസ്തനുമാണ്. കൂടാതെ ആകാശത്തിലും സാഹസികനാണ് രാധാകൃഷ്ണൻ. സ്വയം രൂപകല്പന ചെയ്യുകയും നിർമ്മിക്കുകയും ചെയ്ത ഗ്ലൈഡറുകളിൽ അദ്ദേഹം പറന്നിട്ടുണ്ട്. അടുത്ത കാലത്ത് പായ്ക്കപ്പൽ നിർമ്മാണത്തിനും സഞ്ചാരത്തിനുമാണ് അദ്ദേഹം പ്രാധാന്യം നൽകിയത്.[1]
നിരവധി ലോക സഞ്ചാരങ്ങൾ നടത്തിയ പ്രൊഫ.വി.രാധാകൃഷ്ണൻ സ്വയം രൂപകല്പന ചെയ്ത പായ്ക്കപ്പലിൽ ലോകസഞ്ചാരം നടത്തി. ഒരു ഡസനോളം രാജ്യങ്ങൾ താണ്ടിയുള്ള മഹാ സാഗര യാത്ര കൊച്ചിയിലെ ബോൾഗാട്ടി മറീനയിൽ നിന്ന് 'എൽഡീമർ' (സമുദ്രച്ചിറകുകൾ) എന്ന യാട്ടിലാണ് പ്രയാണം ആരംഭിച്ചത്. ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത ആദ്യത്തെ സെയിലർ ബോട്ടാണ് 'എൽഡീമർ'.
എറണാകുളത്തെ ബോൾഗാട്ടിയിൽ നിന്ന് തായ്‌ലൻഡിലെ ഫുക്കറ്റിലേക്കായിരുന്നു ആദ്യ യാത്ര. പിന്നീട് മലേഷ്യയിലെ ലങ്കാവിലേക്കും. അവിടെ നിന്ന് സോളമൻ ഐലൻഡ് വഴി ന്യൂസിലൻഡിലേക്ക്. പിന്നീട് സൗത്ത് അമേരിക്ക. അവിടെ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് സഞ്ചരിച്ചു. ദക്ഷിണാഫ്രിക്കയിൽ നിന്ന് മൗറീഷ്യസ് വഴി തിരിച്ച് ഇന്ത്യയിലേക്ക് യാത്രയായി.
ഫ്രഞ്ചുകാരിയായ ഫ്രാങ്കോയിസ് ഡൊമിനിക്കാണ് പ്രൊഫ. രാധാകൃഷ്ണന്റെ ഭാര്യ.മകൻ വിവേക്. 2011 മാർച്ച് 3 ന് രാധാകൃഷ്ണൻ അന്തരിച്ചു[2].
റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് അംഗം, നെതർലാൻഡ്‌സ് ഫൗണ്ടേഷൻ ഫോർ റേഡിയോ അസ്‌ട്രോണമിയുടെ വിദേശ ഉപദേശക സമിതിയംഗം, ഓസ്‌ട്രേലിയ ടെലിസേ്കാപ് നാഷണൽ ഫെസിലിറ്റിയുടെ സ്റ്റിയറിംഗ് കമ്മിറ്റിയംഗം, ഇന്ത്യൻ നാഷണൽ കമ്മിറ്റി ഫോർ അസ്‌ട്രോണമി അംഗം തുടങ്ങിയ നിലകളിൽ വിദേശത്തും സ്വദേശത്തും ജോലി ചെയ്തു.