![]() വെല്ലൂർ കോട്ട | |
തിയതി | 10 ജൂലൈ 1806 |
---|---|
Duration | 1 ദിവസം |
വേദി | വെല്ലൂർ കോട്ട |
സ്ഥലം | വെല്ലൂർ, തമിഴ് നാട് |
തരം | കലാപം |
Casualties | |
ഇന്ത്യൻ സൈനികർ: 100 പേർക്കു വധശിക്ഷ (പെട്ടെന്നു നടപ്പിലാക്കിയത്). ആകെ 350 പേർ കൊല്ലപ്പെട്ടു. 350 പേർക്കു പരിക്കേറ്റു. | |
ബ്രിട്ടീഷ് ഉദ്യോഗസ്ഥർ : 14 | |
ബ്രിട്ടീഷ സൈനികർ (69-ആം റെജിമെന്റ്): 115 |
1806 ജൂലൈ 10-ന് ദക്ഷിണേന്ത്യൻ പട്ടണമായ വെല്ലൂരിൽ ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ ഇന്ത്യൻ സൈനികർ നടത്തിയ കലാപമാണ് വെല്ലൂർ കലാപം അഥവാ വേലൂർ കലാപം. 1857-ലെ ശിപായി ലഹളയ്ക്കും 50 വർഷങ്ങൾക്കു മുമ്പ് നടന്ന ഈ കലാപം ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കതിരെ നടക്കുന്ന ആദ്യത്തെ സൈനിക കലാപമാണ്.
നാലുകമ്പനി ബ്രിട്ടീഷ് പട്ടാളക്കാരും മൂന്നു കമ്പനി ഇന്ത്യൻ പട്ടാളക്കാരും ഉൾപ്പെടുന്ന 69-ാം റെജിമെന്റിലെ ഇന്ത്യൻ പട്ടാളക്കാർ വെല്ലൂർ കോട്ടയിലെ തങ്ങളുടെ മേലധികാരികളെ ആക്രമിച്ചുകൊണ്ടാണ് കലാപത്തിനു തുടക്കമിട്ടത്. ഒരു ദിവസത്തോളം നീണ്ടു നിന്ന കലാപത്തിനൊടുവിൽ കോട്ടയുടെ സംരക്ഷണമേധാവി കേണൽ ജോൺ ഫാൻകോർട്ട് ഉൾപ്പെടെ പതിനഞ്ചോളം ഉദ്യോഗസ്ഥരും നൂറ്റിയിരുപതോളം ബ്രിട്ടീഷ് സൈനികരും കൊല്ലപ്പെട്ടു. നിരവധി പേർക്കു ഗുരുതരമായി പരിക്കേറ്റു. ഇരുപക്ഷത്തുമായി എണ്ണൂറിലധികം പട്ടാളക്കാർ മരണമടയുകയും അറുനൂറിലധികം പട്ടാളക്കാർ തടവിലാക്കപ്പെടുകയും ചെയ്തു.
കോട്ടയുടെ നിയന്ത്രണം ഇന്ത്യൻ സൈനികർ പിടിച്ചെടുത്തുവെങ്കിലും കൂടുതൽ സൈനികരെ ഉപയോഗിച്ച് ബ്രിട്ടീഷുകാർ വെല്ലൂർ കലാപം അടിച്ചമർത്തി. കലാപകാരികളായ നൂറിലധികം ഇന്ത്യൻ സൈനികർക്കു വധശിക്ഷ നൽകി. കലാപത്തിനു നേതൃത്വം നൽകിയ പ്രധാന സൈനികരെ പീരങ്കി ഉപയോഗിച്ചു ക്രൂരമായി കൊലപ്പെടുത്തി. ചില സൈനികർക്കു ചാട്ടവാറടി ശിക്ഷ ലഭിച്ചു. ചിലരിൽ നിന്ന് ബലം പ്രയോഗിച്ച് മാപ്പപേക്ഷ എഴുതി വാങ്ങി. മറ്റു ചിലരെ ഉദ്യോഗത്തിൽ നിന്നു പിരിച്ചുവിട്ടു. ഇന്ത്യയിൽ ബ്രിട്ടീഷുകാർക്കെതിരെയുള്ള ധീരമായ ഒരു പോരാട്ടമായി വെല്ലൂർ കലാപത്തെ കണക്കാക്കുന്നു. ഈ കലാപം പിന്നീട് ശിപായി ലഹള (1857) പോലുള്ള ചില സൈനിക കലാപങ്ങൾക്കു പ്രചോദനം നൽകി.
1805 നവംബറിൽ ശിപായിമാരുടെ വേഷവിധാനങ്ങളിൽ വരുത്തിയ ചില പരിഷ്കാരങ്ങളാണ് വെല്ലൂർ കലാപത്തിലേക്കു നയിച്ചത്. ഹിന്ദു സൈനികർ നെറ്റിയിൽ തിലകക്കുറി പോലുള്ള മതപരമായ അടയാളങ്ങൾ ധരിക്കരുതെന്നും മുസ്ലീങ്ങൾ താടിയും മീശയും നീട്ടിവളർത്തരുതെന്നും നിർദ്ദേശമുണ്ടായി. എല്ലാവരും തലപ്പാവുകൾക്കു പകരം ക്രിസ്ത്യാനികൾ ധരിച്ചിരുന്നതു പോലുള്ള വട്ടത്തൊപ്പികൾ ധരിക്കണമെന്നും മദ്രാസ് സൈനികമേധാവിയായിരുന്ന സർ ജോൺ ക്രാഡോക്ക് ഉത്തരവിറക്കി.[1][1] ഈ പരിഷ്കരങ്ങളെ നിർബന്ധിത മതപരിവർത്തനത്തിനുള്ള ബ്രിട്ടീഷുകാരുടെ ഹീനശ്രമമായാണ് ഇന്ത്യൻ പട്ടാളക്കാർ വിലയിരുത്തിയത്. അതുകൊണ്ടു തന്നെ ഇന്ത്യൻ സൈന്യത്തിലെ ഹിന്ദുക്കളും മുസ്ലീങ്ങളും സിക്കുകാരും ഈ നിർദ്ദേശങ്ങൾ അനുസരിക്കാൻ കൂട്ടാക്കിയില്ല.[1] നിർദ്ദേശങ്ങളോടു പ്രതിഷേധിച്ച ഒരു ഹിന്ദു സൈനികനെയും മുസ്ലീം സൈനികനെയും മദ്രാസിലെ സെന്റ് ജോർജ്ജ് കോട്ടയിലെത്തിക്കുകയും 90 ചാട്ടവാറടി ശിക്ഷ നൽകുകയും അവരെ ജോലിയിൽ നിന്ന് പിരിച്ചുവിടുകയും ചെയ്തു. 19 പട്ടാളക്കാർക്ക് 50 ചാട്ടവാറടി നൽകിയതിനോടൊപ്പം ഈസ്റ്റ് ഇന്ത്യാ കമ്പനിയോടു മാപ്പുചോദിക്കാനും ബ്രിട്ടീഷുകാർ ആവശ്യപ്പെട്ടു.[2][3] ഇന്ത്യൻ സൈനികരിൽ ബ്രിട്ടീഷുകാരോടുള്ള വിരോധം വർദ്ധിക്കുവാൻ ഈ സംഭവങ്ങൾ കാരണമായി.
1799-ൽ ബ്രിട്ടീഷുകാർ മൈസൂർ ഭരണാധികാരിയായ ടിപ്പു സുൽത്താനെ വധിക്കുകയും അദ്ദേഹത്തിന്റെ കുടുംബത്തെ വെല്ലൂരിലേക്കു മാറ്റുകയും ചെയ്തിരുന്നു. ടിപ്പുവിന്റെ ഭാര്യമാരെയും മക്കളെയും വെല്ലൂർ കോട്ടയിൽ തടവിലാക്കി. ബ്രിട്ടീഷുകാരുടെ ഹീനമായ ഈ നടപടിയിൽ ദേശസ്നേഹികളായ ഒരു കൂട്ടം സൈനികരിൽ അമർഷമുണ്ടാക്കി. എങ്ങനെയും വെല്ലൂർ കോട്ട പിടിച്ചെടുക്കണമെന്നും ടിപ്പുവിന്റെ കുടുംബത്തെ നേതൃനിരയിൽ നിർത്തി ബ്രിട്ടീഷുകാരോടു പ്രതികാരം ചെയ്യണമെന്നും മൈസൂർ സുൽത്താനത്ത് പുനഃസ്ഥാപിക്കണമെന്നും അവർ ആഗ്രഹിച്ചു.[4] പക്ഷെ ടിപ്പുവിന്റെ ആൺമക്കൾ ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിനു തയ്യാറായില്ല.[5]
1806 ജൂലൈയിൽ വെല്ലർ കോട്ടയുടെ കാവൽക്കാരായി 69-ാം റെജിമെന്റിലെ നാലു കമ്പനി ബ്രിട്ടീഷ് സൈനികരും മദ്രാസ് സൈന്യത്തിൽ നിന്നുള്ള മൂന്ന് കമ്പനി ഇന്ത്യൻ സൈനികരും ഉണ്ടായിരുന്നു.[6]
ജൂലൈ 10-ന് അർദ്ധരാത്രിക്കു ശേഷം രണ്ട് മണിക്കൂർ കഴിഞ്ഞപ്പോൾ ഇന്ത്യൻ ശിപായിമാർ വെല്ലൂർ കോട്ടയിലെ തങ്ങളുടെ മേലധികാരികളെയും 69-ാം റെജിമെന്റിലെ 115 സൈനികരെയും ആക്രമിച്ച് കൊലപ്പെടുത്തുവാൻ തുടങ്ങി.[7] ശത്രുക്കളിൽ പലരും ഉറക്കത്തിലേക്കു വഴുതിവീണിരുന്ന സമയമായതിനാൽ ഇന്ത്യൻ സൈനികർക്കു ജോലി കൂടുതൽ എളുപ്പമായിത്തീർന്നു. കോട്ടയുടെ സംരക്ഷണച്ചുമതലയുണ്ടായിരുന്ന കേണൽ സെന്റ്. ജോൺ ഫാൻകോർട്ട് ഉൾപ്പെടെയുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. പ്രഭാതമായപ്പോഴേക്കും വെല്ലൂർ കോട്ടയുടെ നിയന്ത്രണം പിടിച്ചെടുത്ത ഇന്ത്യൻ സൈനികർ അവിടെയെല്ലാം മൈസൂർ രാജവംശത്തിന്റെ പതാക സ്ഥാപിച്ചു. ടിപ്പുവിന്റെ രണ്ടാമത്തെ പുത്രൻ ഫത്തേഹ് ഹൈദരെ തങ്ങളുടെ രാജാവായി അവർ പ്രഖ്യാപിച്ചു.
പക്ഷേ മേജർ കൂപ്പ്സ് എന്നൊരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ കലാപസ്ഥലത്തു നിന്ന് കഷ്ടിച്ചു രക്ഷപെട്ടിരുന്നു. ആർക്കോട്ടിലെ സൈനിക കേന്ദ്രത്തിലെത്തിയ അയാൾ കലാപത്തിന്റെ വിശദാംശങ്ങൾ ബ്രിട്ടീഷ് ഉദ്യോഗസ്ഥരെ അറിയിച്ചു. അക്കാലത്ത് ഇന്ത്യയിലുണ്ടായിരുന്ന ഏറ്റവും സമർത്ഥനായ ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ റോളോ ഗില്ലപ്സിയുടെ നേതൃത്വത്തിൽ ശക്തമായ ഒരു സൈന്യം വെല്ലൂർ കോട്ടയിലേക്കു പുറപ്പെട്ടു.[8]
വെല്ലൂരിലെത്തിയ ഗില്ലസ്പിയും സംഘവും കോട്ടയുടെ മുകളിൽ പാറിപ്പറക്കുന്ന മൈസൂർ രാജവംശത്തിന്റെ പതാക കണ്ടു. 69-ാം റെജിമെന്റിൽ അവശേഷിച്ചിരുന്ന എൺപതോളം ബ്രിട്ടീഷ് സൈനികരുടെ നേതൃത്വവും ഗില്ലസ്പി ഏറ്റെടുത്തു. കോട്ടയുടെ കവാടത്തിൽ ഇന്ത്യൻ സൈനികരുടെ കാവലുണ്ടായിരുന്നു. കോട്ടയുടെ ഉള്ളിലേക്ക് അതിക്രമിച്ചു കയറിയ ഗില്ലസ്പിയും സൈനികരും ശക്തമായി പോരാടി. കലാപകാരികളായ 350-ഓളം ഇന്ത്യൻ പട്ടക്കാളക്കാർ കൊല്ലപ്പെട്ടു. ഏകദേശം അത്രത്തോളം പട്ടാളക്കാർക്കു ഗുരുതരമായി പരിക്കേറ്റു.[9] അങ്ങനെ ഗില്ലസ്പിയുടെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് സൈന്യം വെല്ലൂർ ലഹള അടിച്ചമർത്തി. കോട്ടയുടെ നിയന്ത്രണം തിരിച്ചുപിടിച്ചു.
കലാപവുമായി ബന്ധപ്പെട്ട് നടന്ന വിചാരണയ്ക്കു ശേഷം 6 കലാപകാരികളെ പീരങ്കി ഉപയോഗിച്ചു വധിച്ചു, അഞ്ചുപേരെ ബ്രിട്ടീഷ് സൈനികർ കൂട്ടത്തോടെ വെടിവച്ചു കൊന്നു, എട്ടു പേരെ തൂക്കിലേറ്റി, അഞ്ചു പേരെ ആജീവനാന്തം നാടുകടത്തി. മദ്രാസ് സൈന്യത്തിലുണ്ടായിരുന്ന ബാക്കി സൈനികരെ ഉദ്യോഗത്തിൽ നിന്നു പിരിച്ചുവിട്ടു. പുതിയ വേഷവിധാന നിർദ്ദേശങ്ങൾ പുറപ്പെടുവിച്ച സൈനിക മേധാവി ജോൺ ക്രാഡോക്കിനെയും മദ്രാസ് ഗവർണർ വില്യം ബെന്റിക്കിനെയും ബ്രിട്ടനിലേക്കു തിരികെ വിളിപ്പിച്ചു. വട്ടത്തൊപ്പി ധരിക്കുന്നതു പോലുള്ള പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ടു പുറത്തുവന്ന ഉത്തരവ് റദ്ദാക്കി. ടിപ്പുവിന്റെ കുടുംബത്തെ ഒന്നടങ്കം കൊൽക്കത്തയിലേക്കു നാടുകടത്തി.[10][11]
വെല്ലൂർ കലാപത്തിനു സമാനമായ പല സൈനിക കലാപങ്ങളും പിന്നീട് ബ്രിട്ടീഷ് ഇന്ത്യയിൽ നടന്നിട്ടുണ്ട്. 1857-ലെ ശിപായി ലഹളയും ഇത്തരത്തിലൊന്നായിരുന്നു. 1857-ലെ വിപ്ലവത്തിൽ കലാപകാരികൾ മുഗൾ ഭരണാധികാരിയായിരുന്ന ബഹദൂർഷാ സഫറിനെ തങ്ങളുടെ രാജാവായി പ്രഖ്യാപിച്ചതു പോലെ വെല്ലൂർ കലാപത്തിൽ ടിപ്പുവിന്റെ മകനെ രാജാവായി പ്രഖ്യാപിക്കുകയും മൈസൂർ രാജവംശം പുനഃസ്ഥാപിക്കുവാൻ ശ്രമിക്കുകയും ചെയ്തിരുന്നു. രണ്ടു കലാപങ്ങളിലും മതവികാരം വ്രണപ്പെടുത്തുന്ന ഘടകങ്ങളുണ്ടായിരുന്നു.[12]
വെല്ലൂർ കലാപത്തിനു സാക്ഷിയായിരുന്ന ജോൺ ഫാൻകോർട്ടിന്റെ പത്നി അമേലിയ ഫാററും മക്കളും കലാപസ്ഥലത്തു നിന്നും അത്ഭുതകരമായി രക്ഷപെട്ടു. ഭർത്താവ് കൊല്ലപ്പെട്ടിട്ടും എങ്ങനെയാണ് താനും കുട്ടികളും രക്ഷപെട്ടതെന്നു വിശദമാക്കുന്ന അമേലിയയുടെ ഓർമ്മക്കുറിപ്പുകൾ പിന്നീട് പ്രസിദ്ധീകരിച്ചിരുന്നു.[13]
വെല്ലൂർ കലാപത്തെ ആസ്പദമാക്കി ഇംഗ്ലീഷ് കവി ഹെൻറി ന്യൂബോൾട്ട് രചിച്ച കവിതയാണ് ഗില്ലസ്പി (Gillespie).[14] ജോർജ് ഷിപ്വേയുടെ സ്ട്രേഞ്ചേഴ്സ് ഇൻ ദ ലാൻഡ് (1976) എന്ന നോവലിലും വെല്ലൂർ കലാപമാണ് പ്രതിപാദ്യ വിഷയം.
{{cite news}}
: |access-date=
requires |url=
(help)
{{cite news}}
: CS1 maint: multiple names: authors list (link)
{{cite news}}
: CS1 maint: multiple names: authors list (link) at A Celebration of Women Writers