പ്രശസ്തനായ മൃദംഗ വിദ്വാന്മാരിലൊരാളാണ് വെല്ലൂർ രാമഭദ്രൻ (4 ആഗസ്റ്റ് 1929 - 27 ഫെബ്രുവരി 2012)[1] ആറ് പതിറ്റാണ്ടിലേറെ സംഗീതലോകത്ത് നിറഞ്ഞുനിന്ന രാമഭദ്രൻ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.
1929 ആഗസ്ത് നാലിന് വെല്ലൂരിലായിരുന്നു ജനനം. അച്ഛൻ പ്രശസ്ത മൃദംഗ വിദ്വാൻ കൊന്നക്കോൽ ഗോപാലാചാര്യരുടെ സ്വാധീനമാണ് രാമഭദ്രനെ കർണാടക സംഗീതലോകത്ത് എത്തിച്ചത്. പ്രശസ്ത സംഗീതജ്ഞൻ മധുരൈ മണി അയ്യരോടൊപ്പം ചെന്നൈയിലെ ജഗന്നാഥ ഭക്തസഭയിൽ 1943ൽ മൃദംഗം വായിച്ചാണ് അദ്ദേഹം സംഗീതസപര്യ ആരംഭിച്ചത്. സംഗീത പ്രതിഭകളായ ചെമ്പൈ വൈദ്യനാഥ ഭാഗവതർ , മഹാരാജപുരം വിശ്വനാഥ അയ്യർ , അരിയക്കുടി രാമാനുജ അയ്യങ്കാർ , ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ , മുസിരി സുബ്രഹ്മണ്യ അയ്യർ തുടങ്ങിയവരോടൊപ്പം രാമഭദ്രൻ വേദി പങ്കിട്ടു[2]. വയലിൻ മാന്ത്രികൻ ലാൽഗുഡി ജയരാമൻ , ടി എൻ കൃഷ്ണൻ , പ്രശസ്ത പുല്ലാങ്കുഴൽ വാദകൻ ടി ആർ മഹാലിംഗം എന്നിവരോടൊപ്പവും നിരവധി സംഗീത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. പാലക്കാട് മണിഅയ്യരുടെ പ്രശംസയ്ക്ക് പാത്രമായിട്ടുണ്ട്. നിരവധി വിദേശരാജ്യങ്ങളിൽ കച്ചേരികളിൽ പങ്കെടുത്തിട്ടുണ്ട്.