വേൾപാരി

പറമ്പ് മലയിൽ കാണപ്പെടുന്ന പാരിയുടെ മുല്ലത്തേരും പ്രതിമയും.

സംഘകാലത്ത് പറമ്പ് നാട് ഭരിച്ചിരുന്ന രാജാവായിരുന്നു വേൾപാരി. സംഘകവിയായ കപിലർ ഇദ്ദേഹത്തിന്റെ സുഹൃത്തും ഉപദേശകനുമായിരുന്നു. 300 ഊരുകളും, നിരവധി സമ്പത്തും, കീർത്തി കേട്ട കുന്തപ്പടയും ‌‌ആനപ്പടയും ഉണ്ടായിരുന്ന വേൾ പാരി താനിരിക്കുന്ന മലയൊഴികെ ബാക്കിയെല്ലാം ആട്ടവും പാട്ടും കവിതയുമായി വന്ന് തന്നെ പ്രീതിപ്പെടുത്തുന്നവർക്ക് ദാനം നൽകിയതായി പുറനാനൂറിൽ പറഞ്ഞിരിക്കുന്നു. ശത്രുക്കൾക്ക് ഭയങ്കരനും കലയെ സ്നേഹിക്കുന്നവർക്ക് മധുര സ്വഭാവിയുമായിരുന്നു പാരി. പാണരുടെ പാത്രങ്ങൾ പാരിയുടെ കാലത്ത് മധു നിറഞ്ഞു തുളുമ്പുമായിരുന്നുവത്രെ. മുളനെല്ലും ചക്കയും വള്ളിക്കിഴങ്ങും തേനും തിനയും സമൃദ്ധമായുള്ള നാടായിരുന്നു പറമ്പ് നാട്. പോരിൽ ഏതിർത്ത് തോൽപ്പിക്കാനാകാത്ത വേൾ പാരിയെ മൂവേന്തരുടെ(ചേര, ചോള, പാണ്ഡ്യരാജാക്കൻമാർ) സംഘം ചതിയിൽ കൊലപ്പെടുത്തുകയായിരുന്നു. പറമ്പ് നാടെന്നാൽ ഇന്നത്തെ ഗോപിച്ചെട്ടിപ്പാളയം ആണെന്നാണ് നിഗമനം.

പുറനാനൂറിൽ പാരിയെക്കുറിച്ചുള്ള പരാമർശങ്ങൾ

[തിരുത്തുക]
വരികൾ അർഥം
താളിർ കൊള്ളലിർ വാളിറ്റാരലൻ ഽ യാനറികവനതു കൊള്ളുമാറേ ഽ ചുകിർ പുരിനരമ്പിൻ ചീറിയാഴ്‌ പണ്ണി ഽ വിരൈയൊലികൂന്തനും വിരലിയർ പിൻവര ഽ ആടിനിർ പാടിനിർ ചെലിനേ ഽ നാടുങ്കുൻറു മൊരുങ്കീയുമ്മേ
പാരിയുടെ പറമ്പിലെ ഓരോ വൃക്ഷത്തിലും കെട്ടാവുന്ന അത്രയെണ്ണം ആനകളുള്ള പടയുമായി വന്നാലും അദ്ദേഹത്തെ വെല്ലാനാകില്ല. ആട്ടത്തിനും പാട്ടിനും മാത്രമേ വേൾ പാരിയെ കീഴടക്കാനാകൂ എന്നാണ് കപിലർ പാടിയിരിക്കുന്നത്.
പാരി പാരിയെൻറുപലവേത്തി ഽ ഒരുവർ പുലവർ ചെന്നാപ്പുലവർ ഽ പാരിയൊരുവനുമല്ലൻ ഽമാരിയുമുണ്ടീണ്ടുലകുപുരപ്പതുവേ
പണ്ഡിതരെല്ലാം പാരി പാരി എന്നു പറഞ്ഞദ്ദേഹത്തെ പുകഴ്ത്തുന്നു; പാരി മാത്രമല്ല മാരിയുമുണ്ട് ഇവിടെ ഉലകത്തെ രക്ഷിക്കാൻ എന്ന മട്ടിൽ കപിലർ പാരിയുടെ കീർത്തിയെ ആവശ്യത്തിനുമനാവശ്യത്തിനും ‌‌പുകഴ്ത്തുന്ന പണ്ഡിതരെ ചെറുതായൊന്ന് പരിഹസിക്കുന്നു.
ഇരുമ്പൽ കൂന്തൻ മടന്തൈയർ തന്തൈഽ ആടുകഴൈനരലുഞ്ചേട്ചിമൈപ്പുലവർ ഽ പാടിയാനാപ്പൺപിർപകൈവർ ഽ ഓടുകഴർകമ്പലൈ കണ്ട ഽ ചെരുവെഞ്ചേഏയ് പെരുവിറനാടേ
കൂന്തലഴകുള്ള ഈ പെൺകുട്ടികളുടെ പിതാവും, സംഗീതം പൊഴിക്കുന്ന മുള പോലെ ശിഖരമുള്ളവനും, പാടിവാഴ്ത്താനാകാത്ത വിധം സ്വഭാവഗുണങ്ങളുള്ളവനും, പടയിൽ തോറ്റ് പിന്തിരിഞ്ഞോടുന്ന ശത്രുക്കളെ പിന്തുടർന്ന് ആക്രമിക്കാതെ അത് കണ്ട് നിന്ന് പോരാടുന്നവനുമായ പാരിയുടെ നാട് എന്നാണ് പാരിയുടെ പുത്രിമാരുമായി പറമ്പ് നാട് വിടുന്ന കപിലർ അദ്ദേഹത്തെ വാഴ്ത്തുന്നത്.

ചതിയിൽ പെട്ട് മരണം

[തിരുത്തുക]
പറമ്പ് മല

മൂവേന്തരായ ചേര ചോള പാണ്ഡ്യ രാജാക്കന്മാർക്ക് പോലും പോരിലൂടെ കീഴടക്കാനാകാത്ത പാരിയെ ചതിച്ചു കൊന്നതാണെന്ന് പുറനാനൂറ് സാക്ഷ്യപ്പെടുത്തുന്നു. മൂവേന്തരുടെ രഹസ്യ സംഘം യാചകരുടെ വേഷത്തിലെത്തി പാരിയെ കൊലപ്പെടുത്തുകയായിരുന്നു. പാരിയുടെ മരണ ശേഷം അദ്ദേഹത്തിന്റെ രണ്ട് പുത്രിമാരുടെ സംരക്ഷണം കപിലർ ഏറ്റെടുത്തു. അച്ഛന്റെ മരണത്തിൽ ദുഖിക്കുന്ന ആ പുത്രിമാരുടെ പാട്ടും പുറനാനൂറിലുണ്ട്.. സദ്ഭരണത്തിലായിരുന്ന പറമ്പ് നാട് പാരിയുടെ മരണ ശേഷം ശോചനീയാവസ്ഥയിലെത്തിയതിനെപ്പറ്റി കപിലർ വർണ്ണനകൾ നടത്തുന്നുണ്ട്. പക്ഷിമൃഗവൃക്ഷലതഫലമൂലാദികൾ നിറഞ്ഞ മലയിലെ യുവതികൾ പാരിയെ എതിർക്കാൻ വരുന്ന രാജാക്കന്മാരുടെ കുതിര വണ്ടികളെ എണ്ണി വിനോദിച്ചിരുന്നിടത്ത് ഇപ്പോൾ ചവറ് കൂമ്പാരത്തിൽ നിന്നുകൊണ്ട് വ്യാപാരികളുടെ ഉപ്പ് വണ്ടികളെണ്ണി തീർക്കുകയാണെന്ന് കപിലർ പരിതപിക്കുന്നു.

പാരിയുടെ മരണ ദുഃഖത്തിൽ നിന്ന് സ്വയം കരകയറാനാകാതെയും, പറമ്പ് നാടിന്റെ ദയനീയാവസ്ഥയിൽ മനം നൊന്തും, ഇതര രാജാക്കന്മാരിൽ നിന്നുള്ള അവമതിയാലും കപിലർ വടക്കിരുന്ന് മരിച്ചു. അപമാനത്തിൽ നിന്ന് രക്ഷനേടാൻ വടക്കോട്ട് ദർശനമായി ഇരുന്ന് ഭക്ഷണമുപേക്ഷിച്ച് ആത്മാഹുതി ചെയ്യുന്ന രീതിയാണ് വടക്കിരിക്കൽ. തന്റെ മരണത്തിന് മുന്നെ വേൾ പാരിയുടെ പുത്രിമാരുടെ സംരക്ഷണം കപിലർ ചില ബ്രാഹ്മണരുടെ കൈയ്യിൽ ഏൽപ്പിച്ചു. തുടർന്ന് സംഘകാല തമിഴ് കവയിത്രിയായ ഔവ്വയാർ പാരിയുടെ പുത്രിമാരുടെ സംരക്ഷണം ഏറ്റെടുത്തു. ഔവ്വയാർ അവരെ പിന്നീട് മലൈയമ്മാൻ തിരുമുടി കാരി എന്ന രാജാവിന് വിവാഹം ചെയ്തു കൊടുത്തു.

ഇതും കാണുക

[തിരുത്തുക]