വൈസ്രോയ്സ് ഹൗസ് | |
---|---|
സംവിധാനം | ഗുരീന്ദർ ചധ |
അഭിനേതാക്കൾ | |
സംഗീതം | എ.ആർ. റഹ്മാൻ |
ഛായാഗ്രഹണം | ബെൻ സ്മിത്താർഡ് |
ചിത്രസംയോജനം | വിക്ടോറിയ ബോയ്ഡെൽ |
റിലീസിങ് തീയതി |
|
രാജ്യം | |
ഭാഷ | ഇംഗ്ലീഷ് |
സമയദൈർഘ്യം | 106 minutes[1] |
2017-ൽ ഗുരീന്ദർ ചധ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ഒരു ബ്രിട്ടീഷ് - ഇന്ത്യൻ ചരിത്ര ചലച്ചിത്രമാണ് വൈസ്രോയ്സ് ഹൗസ്. [2] ഹ്യൂഗ് ബോണെവിൽ, ഗില്യൻ ആൻഡേഴ്സൺ, മനീഷ് ദയാൽ, ഹുമ ഖുറേഷി, മൈക്കൽ ഗാംബൺ എന്നിവരാണ് ഈ ചലച്ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. [3] 67-ാമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ മത്സരവിഭാഗത്തിൽ ഈ ചലച്ചിത്രം പ്രദർശിപ്പിച്ചിരുന്നു. [4]
2017 മാർച്ച് 3 - ന് വൈസ്രോയ്സ് ഹൗസ് യുണൈറ്റഡ് കിങ്ഡത്തിലും,[5] ഡബ്ബ് ചെയ്ത ഹിന്ദി പതിപ്പ് 2017 ഓഗസ്റ്റ് 18 -ന് പാർട്ടീഷൻ: 1947 എന്ന പേരിൽ ഇന്ത്യയിലും പുറത്തിറങ്ങി. ഇന്ത്യയുടെ 70-ാമത് സ്വാതന്ത്ര്യദിനത്തിന് മൂന്ന് ദിവസങ്ങൾക്കു ശേഷമാണ് വൈസ്രോയ്സ് ഹൗസ് ഇന്ത്യയിൽ റിലീസ് ചെയ്തത്. ലോകവ്യാപകമായി ചിത്രം 2017 സെപ്റ്റംബർ 1-ന് റിലീസ് ചെയ്തു. [6]
ലൂയി മൗണ്ട്ബാറ്റൻ (ഹ്യൂഗ് ബോണെവിൽ) 1947-ൽ ഡൽഹിയിൽ വൈസ്രോയിയുടെ ഭവനത്തിലേക്ക് തന്റെ ഭാര്യയായ എഡ്വിന മൗണ്ടബാറ്റൻ (ഗില്യൻ ആൻഡേഴ്സൺ), മകൾ പമെല എന്നിവരോടൊപ്പം എത്തുന്നു. ഭാരതത്തെ പുതിയ സ്വതന്ത്ര രാജ്യമാക്കേണ്ടതിന്റെ ചുമതല ബ്രിട്ടീഷ് ഇന്ത്യയുടെ അവസാനത്തെ വൈസ്രോയി കൂടിയായ മൗണ്ട്ബാറ്റന്റേതായിരുന്നു. ഈ സമയം ഇന്ത്യയിലെ രണ്ട് പ്രധാനപ്പെട്ട നേതാക്കളായ ജവാഹർലാൽ നെഹ്റു, മുഹമ്മദലി ജിന്ന എന്നിവർക്കിടയിൽ അഭിപ്രായവ്യത്യാസത്തിന് മധ്യസ്ഥൻ ആകുന്നതിനുവേണ്ടി മൗണ്ട്ബാറ്റൻ ശ്രമിക്കുന്നു. സ്വതന്ത്രയായതിനുശേഷം ഇന്ത്യ ഒറ്റ രാജ്യമായിരിക്കണമെന്നാണ് ജവാഹർലാൽ നെഹ്റു ആഗ്രഹിച്ചിരുന്നത്. എന്നാൽ ഒരു മുസ്ലിം രാഷ്ട്രമായി പാകിസ്താൻ രൂപീകരിക്കണമെന്ന് മുഹമ്മദലി ജിന്ന ആഗ്രഹിച്ചിരുന്നു.
ഇതേസമയം, മൗണ്ട്ബാറ്റന്റെ പുതിയതായി എത്തിച്ചേർന്ന സഹായിയായ ജീത് (മനീഷ് ദയാൽ), ആലിയ (ഹുമ ഖുറേഷി) എന്ന യുവതിയുമായി പ്രണയത്തിലാകുന്നു. എന്നാൽ ആലിയ ഈ പ്രണയത്തെ തിരസ്കരിക്കുന്നു. ജീത് ഒരു ഹിന്ദുവും ആലിയ മുസ്ലീമും ആയതിനാൽ തന്റെ പിതാവായ അലി (ഓംപുരി)യെ പേടിച്ചുകൊണ്ടാണ് ആലിയ തിരസ്കരിക്കുന്നത്.
ഇന്ത്യയിലൊട്ടാകെ ലഹളകൾ നടന്നുകൊണ്ടിരിക്കവേ, ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നൽകാനുള്ള പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താൻ ബ്രിട്ടീഷുകാർ തീരുമാനിക്കുന്നു. മൗണ്ട്ബാറ്റൻ ഒറ്റ രാഷ്ട്രം എന്ന നിലപാടെടുത്തിരുന്നുവെങ്കിലും, മുസ്ലിങ്ങളും ഹിന്ദുക്കളും തമ്മിലുള്ള രൂക്ഷമായ വർഗീയ ലഹളകൾ നിരീക്ഷിച്ചുകൊണ്ട് ഇന്ത്യാ വിഭജനം അംഗീകരിക്കുന്നു. ഏതാനും മാസങ്ങൾ മാത്രമാണ് നിലവിലുള്ള രാഷ്ട്രത്തെ വിഭജിക്കുന്നതിനായി മൗണ്ട്ബാറ്റന് നൽകിയിരിക്കുന്നത്. ഇതിനായി ഇംഗ്ലീഷ് അഭിഭാഷകനായ സിറിൾ റാഡ്ക്ലിഫും (Simon Callow) മൗണ്ട്ബാറ്റനെ സഹായിക്കുന്നു. ഈ സമയം ജീത് ആലിയയെ പ്രണയിക്കുന്നുണ്ടെങ്കിലും ഒടുവിൽ, തന്റെ ബാല്യകാലത്തുതന്നെ ആലിയ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചിട്ടുണ്ടെന്ന് ജീത് മനസ്സിലാക്കുന്നു. ഇന്ത്യാ വിഭജനത്തെത്തുടർന്ന് വൈസ്രോയിയുടെ ഭവനത്തിലെ സേവകർ ഇന്ത്യയിലോ പാകിസ്താനിലോ സ്ഥിരമായി താമസിക്കാൻ നിർബന്ധിതരാകുന്നു.
മൗണ്ട്ബാറ്റന്റെ കീഴിലുള്ള ഉദ്യോഗസ്ഥരുടെ തലവനായ Lord Ismay (Michael Gambon), രഹസ്യമായി പാകിസ്താന്റെ അതിർത്തികൾ വരച്ചുകൊണ്ട് ഇന്ത്യൻ ഉപഭൂഖണ്ഡവും സോവിയറ്റ് യൂണിയനും തമ്മിൽ സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ശ്രമിക്കുന്നുവെന്ന് മൗണ്ട്ബാറ്റൻ മനസ്സിലാക്കുന്നു. ഇതോടെ ലക്ഷക്കണക്കിന് ജനങ്ങളെ ബാധിക്കുന്ന പ്രശ്നത്തിനായി ഒരു കരുവായി തന്നെ ഉപയോഗിക്കുകയായിരുന്നെന്ന് മൗണ്ട്ബാറ്റൻ തിരിച്ചറിയുന്നു. ഇതേസമയം തന്റെ കുടുംബത്തിലെ എല്ലാവരും പഞ്ചാബിൽവച്ച് വധിക്കപ്പെട്ടുവെന്നറിഞ്ഞുകൊണ്ട് ജീത് ദുഃഖിതനാകുന്നു. തുടർന്ന് വീണ്ടും ജീത്, ആലിയയെ കാണുന്നതിനു മുൻപുതന്നെ ആലിയ തന്റെ പിതാവിനോടൊപ്പം പാകിസ്താനിലേക്ക് പോകാൻ തീരുമാനിക്കുന്നു. ദിവസങ്ങൾക്കുശേഷം, ആലിയ രാത്രി യാത്രചെയ്തിരുന്ന തീവണ്ടി ആക്രമിക്കപ്പെട്ടുവെന്നും എല്ലാ യാത്രക്കാരും വധിക്കപ്പെട്ടുവെന്നുമുള്ള വാർത്ത ജീത് ദിനപത്രത്തിൽ കാണുന്നു. തുടർന്ന് തന്റെ ഉദ്യോഗം ജീത് രാജിവയ്ക്കാൻ തീരുമാനിക്കുകയും അതിനുമുൻപ് മൗണ്ട്ബാറ്റനോടുള്ള ദേഷ്യത്താൽ കത്തിയെടുത്ത് വീശുകയും ചെയ്യുന്നു.
ഡൽഹിയിൽ അഭയാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർധിച്ചതോടെ ഇന്ത്യയിൽത്തന്നെ താമസിച്ച് സഹായിക്കാൻ മൗണ്ട്ബാറ്റൻ തീരുമാനിച്ചു. ഇതേസമയം, വോളന്റിയറായി അഭയാർത്ഥികളെ സഹായിക്കുന്നതിനിടെ ഗുരുതരമായി പരിക്കേറ്റ ചികിത്സയിൽ കഴിയുന്ന ആലിയയെ ജീത് കണ്ടെത്തുകയും അവരിരുവരും ഒന്നിക്കുകയും ചെയ്യുന്നു.
2015 ഏപ്രിൽ 30-ന് ഹ്യൂഗ് ബോണെവിൽ, ഗില്യൻ ആൻഡേഴ്സൺ എന്നിവർ ഗുരീന്ദർ ചധ സംവിധാനം ചെയ്യുന്ന വൈസ്രോയ്സ് ഹൗസ് എന്ന് പേരിട്ട ചലച്ചിത്രത്തിൽ അഭിനയിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. പോൾ മയേഡ ബെർജ്സ്, മോയിറ ബുഫിനി എന്നിവരായിരിക്കും ഈ ചലച്ചിത്രത്തിന്റെ തിരക്കഥ രചിക്കുകയെന്നും അറിയിച്ചിരുന്നു. [7] 1947 കാലഘട്ടത്തിൽ നടക്കുന്ന ചിത്രം ഇന്ത്യാ വിഭജനത്തെക്കുറിച്ചുള്ള കഥയാണെന്നും ചധ, ദീപക് നയർ, പോൾ റിച്ചി എന്നിവർ ചിത്രം നിർമ്മിക്കുമെന്നും പിന്നീട് അറിയിച്ചു. [7] ബിബിസി ഫിലിംസും ചിത്രത്തിന്റെ നിർമ്മാണത്തിൽ പങ്കാളികളായിരുന്നു. [7] 2015 സെപ്റ്റംബർ 1-ന് മനീഷ് ദയാൽ, ഹുമ ഖുറേഷി, തൻവീർ ഖാൻ, ഡെൻസിൽ, നീരജ് കാബി, ഓംപുരി, ലിലി ട്രാവേഴ്സ്, മൈക്കൽ ഗാംബോൺ, സൈമൺ കാലോ എന്നീ മറ്റ് അഭിനേതാക്കളുടെ പേരും പ്രഖ്യാപിച്ചു. [8]
2015 ഓഗസ്റ്റ് 30-ന് 8 ആഴ്ചകളോളം നീണ്ടുനിന്ന, ചിത്രത്തിന്റെ നിശ്ചല ഛായാഗ്രഹണം രാജസ്ഥാനിലെ ജോധ്പൂരിൽ ആരംഭിച്ചു. [9][8]
2017 മാർച്ച് 3 ന് ചിത്രം യുണൈറ്റഡ് കിങ്ഡത്തിൽ റിലീസ് ചെയ്തു. [5]
ഇന്ത്യാ വിഭജനത്തിന്റെ അപ്സ്റ്റെയർ, ഡൗൺസ്റ്റെയർ വീക്ഷണമാണ് ചിത്രത്തിന്റെ ഉള്ളടക്കമെന്നാണ് ഗുരീന്ദർ ചന്ദ വൈസ്രോയ്സ് ഹൗസിനെക്കുറിച്ച് പറഞ്ഞത്. 2006-ൽ നരേന്ദ്ര സിങ് സരിള രചിച്ച The Shadow of the Great Game: The Untold Story of India's Partition എന്ന ഗ്രന്ഥത്തെ ആസ്പദമാക്കിയാണ് ഈ ചിത്രം നിർമ്മിച്ചിട്ടുള്ളതെന്ന് ചധ പിന്നീട് പറയുകയുണ്ടായി. ബ്രിട്ടീഷ് ലൈബ്രറിയിലെ രഹസ്യ രേഖകളെക്കുറിച്ച് പരാമർശിച്ചിട്ടുള്ള പുസ്തകമാണിത്. [10]
പാകിസ്താനി കവിയും എഴുത്തുകാരിയുമായ ഫാത്തിമ ഭൂട്ടോ, ഇന്ത്യാവിഭജനത്തെ അനുകൂലിക്കുന്ന ചിത്രമാണിതെന്ന് അഭിപ്രായപ്പെടുകയുണ്ടായി. [11] [12]
വൈസ്രോയ്സ് ഹൗസ് (ഒറിജിനൽ മോഷൻ പിക്ചർ ശബ്ദട്രാക്ക്) | ||||
---|---|---|---|---|
ശബ്ദട്രാക്ക് by എ.ആർ. റഹ്മാൻ | ||||
Released | മാർച്ച് 3, 2017 (ഡിജിറ്റൽ) ജൂൺ 9, 2017 (സി.ഡി) | |||
Recorded | 2016-17 എബി റോഡ് സ്റ്റുഡിയോസ്, ലണ്ടൻ പഞ്ചത്താൻ റെക്കോർഡ് ഇൻ, എ.എം സ്റ്റുഡിയോസ്, ചെന്നൈ എ.ആർ. സ്റ്റുഡിയോസ്, മുംബൈ | |||
Genre | ചലച്ചിത്ര ശബ്ദട്രാക്ക് | |||
Length | 44:43 | |||
Language | ഇംഗ്ലീഷ് | |||
Label | വി.എച്ച്. പ്രൊഡക്ഷൻസ് | |||
Producer | എ.ആർ. റഹ്മാൻ | |||
എ.ആർ. റഹ്മാൻ chronology | ||||
|
# | ഗാനം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|
1. | "വൈസ്രോയ്സ് ഹൗസ്" | എ.ആർ. റഹ്മാൻ | 2:39 | |
2. | "ഡിസ്പ്ലേസ്മെന്റ്" | എ.ആർ. റഹ്മാൻ | 2:35 | |
3. | "സ്വെയറിങ് ഇൻ" | എ.ആർ. റഹ്മാൻ | 2:34 | |
4. | "ജിന്ന - മൗണ്ട്ബാറ്റൻ കണ്ടുമുട്ടൽ" | എ.ആർ. റഹ്മാൻ | 1:21 | |
5. | "ലിമറെൻസ്" | എ.ആർ. റഹ്മാൻ | 1:39 | |
6. | "ഗാന്ധി" | എ.ആർ. റഹ്മാൻ | 1:09 | |
7. | "പമേല - അലി ബന്ധം" | എ.ആർ. റഹ്മാൻ | 1:24 | |
8. | "ഡിക്കി ഈസ് ദി മാൻ" | രേഖ സാഹ്നേയ് | 3:06 | |
9. | "ടു ബ്രോക്കൺ ഹേർട്സ്" | എ.ആർ. റഹ്മാൻ | 3:13 | |
10. | "അഹിംസ" | രേഖ സാഹ്നേയ് | 2:46 | |
11. | "The Partition" | രേഖ സാഹ്നേയ്, അനന്ത് ഭട്ടെ | 3:59 | |
12. | "ക്ലാസിഫൈഡ്" | എ.ആർ. റഹ്മാൻ | 2:18 | |
13. | "ദ ബെർത്ത് ഓഫ് ടു നേഷൻസ്" | എ.ആർ. റഹ്മാൻ | 3:29 | |
14. | "എക്സോഡസ്" | രേഖ സാഹ്നേയ്, അനന്ത് ഭട്ടെ | 4:04 | |
15. | "ജീത് അലിയയെ കണ്ടെത്തുന്നു" | എ.ആർ. റഹ്മാൻ | 3:03 | |
16. | "ദ കോസ്റ്റ് ഓഫ് ഫ്രീഡം" | എ.ആർ. റഹ്മാൻ | 5:07 | |
ആകെ ദൈർഘ്യം: |
44:43 |
ചലച്ചിത്രത്തിന്റെ ഹിന്ദി പതിപ്പിനുവേണ്ടിയാണ് അധിക ട്രാക്കുകൾ റിലീസ് ചെയ്തത്.
# | ഗാനം | ഗായകർ | ദൈർഘ്യം | |
---|---|---|---|---|
1. | "ദോ ദിലോൻ കേ" | ശ്രേയ ഘോഷാൽ, ഹരിഹരൻ | 4:45 | |
2. | "ദമാ ദം മസ്ത് കലന്ദർ" | ഹൻസ് രാജ് ഹൻസ് | 3:30 | |
3. | "ജിന്ദ്വാ" | ഹൻസ് രാജ് ഹൻസ് | 3:36 | |
ആകെ ദൈർഘ്യം: |
11:51 |
2017 ഫെബ്രുവരി 12-ന് 67-ാമത് ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ വൈസ്രോയ്സ് ഹൗസ്, മത്സരവിഭാഗത്തിൽ പ്രദർശിപ്പിക്കുകയുണ്ടായി. [4][1] 2017 മാർച്ച് 3-ന് ചിത്രം യുണൈറ്റഡ് കിങ്ഡത്തിൽ റിലീസ് ചെയ്തു. [5] പാർട്ടീഷൻ: 1947 എന്ന പേരിൽ ഡബ്ബ് ചെയ്ത ഹിന്ദി പതിപ്പും 2017 ഓഗസ്റ്റ് 18-ന് പുറത്തിറങ്ങിയിരുന്നു. [13][14][15] പാകിസ്താനിൽ ഈ ചിത്രം നിരോധിച്ചിരുന്നു. [16]
ചലച്ചിത്രവിമർശകരിൽ നിന്നും പൊതുവെ അനുകൂലമായ പ്രതികരണങ്ങളാണ് വൈസ്രോയ്സ് ഹൗസിന് ലഭിച്ചത്. റോട്ടൻ ടൊമാറ്റോസ് എന്ന വിമർശകൻ 41 റിവ്യൂകളെ ആസ്പദമാക്കിക്കൊണ്ട് 76% റേറ്റിങ്ങും 6/10 ശരാശരി റേറ്റിങ്ങും ഈ ചലച്ചിത്രത്തിന് നൽകുകയുണ്ടായി. [17] ദ ന്യൂയോർക്ക് ടൈംസ്, cramming ample history into a compact running time without sacrificing flow or interest." എന്ന് അഭിപ്രായപ്പെട്ടു. [18] ദ വാഷിങ്ടൺ പോസ്റ്റ്, educational, if melodramatic," എന്നും "the movie accomplishes a difficult task, making sense of a complicated period in history." എന്നും ചിത്രത്തെക്കുറിച്ച് പറയുകയുണ്ടായി. [19]
ദ ഗാർഡിയൻ ദിനപത്രം, പ്രതികരണങ്ങളെയെല്ലാം കൂട്ടിയിണക്കിക്കൊണ്ട്, "Notices by film reviewers have been muted but reasonably kind" എന്ന് പറഞ്ഞു. പക്ഷേ ഇതിനോടൊപ്പം തന്നെ ചിത്രത്തിന്റെ പോരായ്മകളും അവർ ചൂണ്ടിക്കാണിച്ചിരുന്നു. [20]