വൊക്കലിഗ

കർണ്ണാടക സംസ്ഥാനത്ത്, പ്രധാനമായും പഴയ മൈസൂർ നാട്ടുരാജ്യപ്രദേശങ്ങളിലും ദക്ഷിണ കന്നഡയിലും അധിവസിക്കുന്നതും പരമ്പരാഗതമായി കാർഷികവൃത്തി മുഖ്യതൊഴിലായി സ്വീകരിച്ചിരുന്നതുമായ പൊതുപൈതൃകമുള്ള വിവിധ സമുദായങ്ങളെ പൊതുവായി അറിയപ്പെടുന്ന നാമമാണ് വൊക്കലിഗ (കന്നഡ: ಒಕ್ಕಲಿಗ, ഒക്കലിഗ). 1956 വരെ അംഗബലം കൊണ്ടും രാഷ്ട്രീയശക്തി കൊണ്ടും മൈസൂർ സംസ്ഥാനത്തെ പ്രധാന സമുദായമായിരുന്നു വൊക്കലിഗർ.[1][2] എന്നാൽ 1956-ലെ സംസ്ഥാന പുനർനിർണ്ണയ നിയമപ്രകാരം മൈസൂർ സംസ്ഥാനത്തോട്[൧] ബോംബെ, ഹൈദരാബാദ് സംസ്ഥാനങ്ങളിലുൾപ്പെട്ടിരുന്ന കന്നഡഭൂരിപക്ഷ ജില്ലകളും കൂർഗും കൂട്ടിച്ചേർത്തതോടെ ലിംഗായത്തുകൾ ഇവിടുത്തെ അംഗബലമേറിയ സമുദായമായി മാറി. എന്നാൽ ഇപ്പോഴും സംസ്ഥാനരാഷ്ട്രീയത്തിന്റെ ഗതിവിഗതികളെ നിശ്ചയിക്കുന്നതിൽ ലിംഗായത്തുകൾക്കൊപ്പം വൊക്കലിഗരും ഒരു നിർണ്ണായക ശക്തിയാണ്.[3][4]

നാമോത്പത്തി

[തിരുത്തുക]

'വൊക്കലിഗ' എന്ന പദം ആദ്യകാല കന്നഡ രചനകളായ കവിരാജമാർഗ, പമ്പാഭാരത, മംഗരാജായുടെ നിഘണ്ടു തുടങ്ങിയവയിൽ കാണപ്പെടുന്നുണ്ട്. അവയിയെല്ലാം കാർഷിക സമൂഹത്തിനുള്ള വിശേഷണപദമാണിത്. ഈ പദത്തിന്റെ ഉത്പത്തിയെക്കുറിച്ച് ഐതിഹ്യപശ്ചാത്തലമുള്ളവയടക്കം മറ്റ് അഭിപ്രായങ്ങളും നിലനിൽക്കുന്നുണ്ട്.

വൊക്കലിഗ സമുദായ അംഗങ്ങൾ പേരിനൊപ്പം തങ്ങളുടെ ഉപജാതി നാമങ്ങളും ഉപയോഗിക്കാറുണ്ട്. ഇതിൽ ഏറ്റവും പ്രമുഖമായത് ഗൗഡയാണ്. അധിവാസസ്ഥാനപരമായും ഭാഷാടിസ്ഥാനത്തിലും മറ്റനേകം ഉപജാതി നാമങ്ങളുണ്ടെങ്കിലും സാധാരണ രീതിയിൽ ഗൗഡ, വൊക്കലിഗ എന്നിവ പര്യായ പദങ്ങളായി ഉപയോഗിക്കാറുണ്ട്. എന്നാൽ മറ്റ് സമുദായങ്ങളിലും ഗൗഡ എന്ന പേര് സ്ഥാനനാമം ആയി സ്വീകരിച്ചിട്ടുണ്ട്.

'ഗൗഡ' എന്ന പദത്തിന്റെ ഉത്പത്തിയെപ്പറ്റിയും വിവിധ അഭിപ്രായങ്ങൾ നിലനിൽക്കുന്നുണ്ട്. ഈ പദവും അതിന്റെ പൂർവ്വ രൂപങ്ങളായിരുന്ന ഗാമുണ്ട, ഗാവുണ്ട, ഗാവുഡ എന്നിവ എപ്പിഗ്രാഫിയ കർണാട്ടിക്ക എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെട്ടിരിക്കുന്ന ലിഖിതങ്ങളിൽ ആവർത്തിച്ച് കാണപ്പെടുന്നുണ്ട്. ഗ്രാമ, മുണ്ഡ (ശിരസ്സ്) എന്നീ സംസ്കൃതപദങ്ങൾ ചേർന്നാണ് 'ഗ്രാമത്തലവൻ' എന്നർത്ഥത്തിൽ ഗാമുണ്ട എന്ന പദമുണ്ടായതെന്നാണ് പ്രമുഖ നരവംശശാസ്ത്രകാരനായ എച്ച്.വി. നഞ്ചുണ്ടയ്യാ അഭിപ്രായപ്പെടുന്നത്. വൊക്കലിഗർ പരമ്പരാഗതമായി തന്നെ ഭൂപ്രഭുക്കന്മാരും ഗ്രാമത്തലവന്മാരുമായിരുന്നു.[5] ദക്ഷിണേന്ത്യയിലെ ജാതികളും വർഗ്ഗങ്ങളും എന്ന ഗ്രന്ഥത്തിന്റെ സഹരചയിതാവായ എഡ്‌ഗാർ തർസ്റ്റനും കർണ്ണാടകയിലെ പ്രമുഖ ഗവേഷകരിലൊരാളായ ശാംബ ജോഷിയും ഗൗഡ എന്ന നാമം ഗോപാലകൻ എന്നർത്ഥമുള്ള ഗോവാല എന്ന സംസ്കൃതപദം പരിണമിച്ചുണ്ടായതാണെന്ന അഭിപ്രായക്കാരാണ്. വൊക്കലിഗർ മൃഗസംരക്ഷണം നടത്തിയിരുന്നെങ്കിലും ഗോവാല എന്നറിയപ്പെട്ടിരുന്നത് ഗോപാലക വൃത്തിയിലേർപ്പെട്ടിരുന്ന യാദവരെയായിരുന്നുവെന്ന് ഈ അഭിപ്രായത്തെ എതിർക്കുന്നവർ ചൂണ്ടിക്കാണിക്കുന്നു. തമിഴ്‌നാട്ടിലെ (പ്രധാനമായും കോയമ്പത്തൂർ ജില്ലയിലും സമീപസ്ഥലങ്ങളിലും) വൊക്കലിഗർ ഗൗണ്ടർ എന്ന പേരാണ് തങ്ങളുടെ ജാതിനാമമായി ഉപയോഗിക്കുന്നത്. എന്നാൽ ഈ പേര് രൂപപ്പെട്ടത് 'മേൽനോട്ടക്കാരൻ' എന്നർത്ഥമുള്ള കാവുണ്ടാൻ എന്ന തമിഴ് പദത്തിൽ നിന്നാണ് എന്ന അവകാശവാദമാണുള്ളത്.

പ്രമുഖ വൊക്കലിഗർ

[തിരുത്തുക]

കുറിപ്പുകൾ

[തിരുത്തുക]

^ 1973-ൽ മൈസൂർ സംസ്ഥാനം 'കർണാടക' എന്നു പുനർനാമകരണം ചെയ്തു.

അവലംബം

[തിരുത്തുക]
  1. Benjamin Lewis Rice (1897). Mysore A Gazetteer Compiled for Government. Archibald Constable & Co. Westminster.
  2. Francis Buchanan (1870). A Journey from Madras through the countries of Mysore,Canara and Malabar (vol II). Balmar & Co., London.
  3. http://www.jstor.org/pss/4366061
  4. James Manor (1978). Political Change in Indian State,Mysore(1917-1955).
  5. "കർണ്ണാടകയിലെ പ്രധാന ജാതികൾ, ക്ലാസ്സിക്കൽ കന്നഡ വെബ്‌സൈറ്റ്". Archived from the original on 2012-07-12. Retrieved 2012-07-11.