ഹിന്ദിചലച്ചിത്രസംഗീതരംഗത്ത് 1949 മുതൽ 1971 വരെ സജീവമായിരുന്ന സംഗീതസംവിധായക ദ്വയമാണ് ശങ്കർ- ജയ്‌കിഷൻ (Shankar Jaikishan). ജയ്‌കിഷന്റെ മരണത്തിനു ശേഷവും ശങ്കർ സംഗീതസംവിധാനരംഗത്ത് 1987 വരെ സജീവമായിരുന്നു.1950 മുതൽ 1970 വരെയുള്ള രണ്ടുപതിറ്റാണ്ടുകളിലായി ജനപ്രീതിയാർജ്ജിച്ച ഒട്ടേറെ ഗാനങ്ങൾക്കാണ് അവർ സംഗീതമേകിയത്.[1] ബർസാത് എന്ന ഹിന്ദിചലച്ചിത്രത്തിലെ ഗാനങ്ങൾ അക്കാലത്തെ ഏറ്റവും ജനപ്രീതിയാർജ്ജിച്ചവ ആയിരുന്നു.
ഈ ദ്വയത്തിലെ ശങ്കർ എന്ന ശങ്കർ സിങ് ആന്ധ്രയിലെ തെലങ്കാനയിലാണ് ജനിച്ചത്.(15 ഒക്ടോ 1922 – 26 ഏപ്രിൽ 1987) ആദ്യകാലങ്ങളിൽ തബല വാദകനായിരുന്ന ശങ്കർ സ്കൂൾ വിദ്യാഭ്യാസത്തിനുശേഷം മുംബൈയിലേയ്ക്ക് താമസം മാറ്റി. അക്കാലത്ത് ചില നാടക സമിതികളുമായി ബന്ധപ്പെട്ട് ശങ്കർ സഹകരിച്ചു. രാജ്കപൂറിന്റെ പൃത്ഥ്വി നാടകസംഘവുമായി ബന്ധപ്പെടുന്നതിനു മുൻപ് ഹസൻലാൽ ഭഗത് റാം എന്ന സംഗീത സംവിധായക ജോഡികളുടെ സഹായിയായും അദ്ദേഹം പ്രവർത്തിച്ചു.
ജയ്‌കിഷൻ ദയാഭായ് പഞ്ചാൽ എന്ന ജയ്‌കിഷൻ ഗുജറാത്തിലെ വൻസാദയിൽ ജനിച്ചു. (ജ :4 നവം:1929 – 12 സെപ്റ്റം:1971) ഹാർമോണിയം വായനയിൽ മികവു പുലർത്തിയ ജയ്‌കിഷന് പ്രേം ശങ്കർ നായിക്,വാഡിലാജി എന്ന സംഗീതജ്ഞരുടെ ശിക്ഷണവും ലഭിച്ചിരുന്നു.