വിവിധ ഇനംചിത്രശലഭങ്ങളുടെ ലാർവകൾ വിവിധ ഇനം പുഷ്പിക്കുന്നസസ്യങ്ങളുടെ ഇലകൾ, പൂക്കൾ, പഴങ്ങൾ എന്നിവയാണ് ആഹരിച്ച് വളരുന്നത്. ഒരു ശലഭത്തിന്റെ ലാർവകൾ തിന്നുന്ന സസ്യത്തെ ആ ശലഭത്തിന്റെ ഭക്ഷണസസ്യം അല്ലെങ്കിൽ ആ ശലഭപ്പുഴുവിന്റെ ഭക്ഷണസസ്യം (butterfly host plants) എന്നു വിളിക്കുന്നു. ഇത്തരം സസ്യങ്ങൾ മിക്കവയും ഔഷധസസ്യങ്ങൾ ആണെന്നത് ശ്രദ്ധേയമാണ്. മിക്ക ലാർവയുടെ ഭക്ഷണത്തിൽ നിന്നും വ്യത്യസ്തമായി ശലഭങ്ങളുടെ ഭക്ഷണം മിക്കവാറും പൂക്കളിലെ തേൻ ആയിരിക്കും. ചില ശലഭപ്പുഴുക്കൾ ഒരേ ഒരു തരം സസ്യമേ ആഹരിക്കൂ. അവയെ ഏകസസ്യഭോജി എന്നു വിളിക്കുന്നു. മറ്റു ചിലവ ഒരു കൂട്ടം (മിക്കവയും ഒരേ സസ്യകുടുംബത്തിൽപ്പെട്ട) സസ്യങ്ങളെ ആഹരിക്കുന്നു. ഇവയെ ബഹുസസ്യഭോജി എന്നും വിളിക്കുന്നു. ശലഭപഠനത്തിൽ ഒഴിച്ചുകൂടാൻ വയ്യാത്തതാണ് ശലഭപ്പുഴുക്കളുടെ ഭക്ഷണസസ്യങ്ങളെപ്പറ്റിയുള്ള പഠനവും.[1]