ശുദ്ധാനന്ദ ഭാരതി | |
---|---|
![]() ശുദ്ധാനന്ദ ഭാരതി | |
പശ്ചാത്തല വിവരങ്ങൾ | |
ജനനം | ശിവഗംഗ | 11 മേയ് 1897
മരണം | 7 മാർച്ച് 1990 ഷോളാപുരം | (പ്രായം 92)
ഒരു ഭാരതീയ തത്ത്വചിന്തകനും കവിയുമായിരുന്നു ശുദ്ധാനന്ദ ഭാരതി (11 മേയ് 1897 - 7 മാർച്ച് 1990). കവി യോഗി മഹർഷി ഡോ. ശുദ്ധാനന്ദ ഭാരതി എന്നാണ് ഇദ്ദേഹം അറിയപ്പെടുന്നത്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവായ ശുദ്ധാനന്ദ ഭാരതി ആയിരത്തിൽപ്പരം കീർത്തനങ്ങൾ രചിച്ചിട്ടുണ്ട്.[1][2][3]
1897 മേയ് 11 -ന് തമിഴ്നാട്ടിലെ ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബത്തിൽ ജടാധര അയ്യരുടെയും കാമാക്ഷിയുടെയും മകനായി ശുദ്ധാനന്ദ ഭാരതി ജനിച്ചു. വെങ്കട സുബ്രഹ്മണ്യം എന്നായിരുന്നു കുട്ടിക്കാലത്തെ പേര്. അദ്ദേഹത്തിന് രണ്ട് മൂത്ത സഹോദരന്മാരും ഒരു മൂത്ത സഹോദരിയും ഉണ്ടായിരുന്നു. ചെറുപ്പത്തിലേ തന്നെ ആത്മീയതയിലേക്ക് ആർഷിക്കപ്പെട്ട വെങ്കട സുബ്രഹ്മണ്യം, അമ്മയുടെ അമ്മാവൻ പൂർണ്ണാനന്ദയിൽ നിന്ന് യോഗ പഠിച്ചു. ചിദംബരം ക്ഷേത്രത്തിലെ ധ്യാനത്തിനു ശേഷം അദ്ദേഹം തുടർച്ചയായി കാവ്യങ്ങൾ രചിച്ചതായി പറയപ്പെടുന്നു. എപ്പടി പാടിനാരോ[4][5] എന്ന പ്രശസ്ത കീർത്തനം അദ്ദേഹത്തിൻറെ ആദ്യകാല കൃതികളിൽപ്പെടുന്നു.[6]
1925 മുതൽ 1947 വരെ പോണ്ടിച്ചേരിയിൽ ശ്രീ അരബിന്ദോയുടെ ആശ്രമത്തിൽ മൗനവ്രതത്തിൽ ചെലവഴിച്ച ശുദ്ധാനന്ദ ഭാരതി, 1950 മുതൽ 1970 വരെ അഡയാറിനടുത്തുള്ള യോഗി ഗാർഡൻസിലായിരുന്നു താമസിച്ചിരുന്നത്.
തമിഴ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഹിന്ദി, തെലുങ്ക് ഭാഷകളിലായി ഇരുന്നൂറ്റിയമ്പതിൽപ്പരം കൃതികൾ രചിച്ചിട്ടുണ്ട്. ഇതുകൂടാതെ സംസ്കൃതം, കന്നഡ, മലയാളം, ഉർദു ഭാഷകളിലും പ്രാവീണ്യമുണ്ടായിരുന്നു. തിരുക്കുറൾ പദ്യവും ഗദ്യവും ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത ആദ്യ പരിഭാഷകനാണ് ശുദ്ധാനന്ദ ഭാരതി. 1990 മാർച്ച് 7 ന് അദ്ദേഹം അന്തരിച്ചു.[7][8][9]