രാമായണകഥയിലെ രാക്ഷസരാജാവായ രാവണന്റെ സഹോദരിയാണ് ശൂർപ്പണഖ. ശൂർപ്പം (മുറം) പോലുള്ള നഖമുള്ളവൾ ആയതിനാൽ ശൂർപ്പണഖ എന്ന പേർ വന്നു.[1]. വിശ്രവസ്സിനു കൈകസിയിൽ ജനിച്ച നാലു മക്കളിൽ മൂന്നാമത്തെ സന്താനമാണ് ശൂർപ്പണഖ. കൈകേയിയെപ്പൊലെ ഒരു വില്ലൻ കഥാപാത്രമായിട്ടാണ് വാല്മീകി രാമായണത്തിൽ ശൂർപ്പണഖ ചിത്രീകരിക്കപ്പെട്ടിരിക്കുന്നത്. സീതാപഹരണം നടത്താൻ രാവണനെ പ്രേരിപ്പിക്കുകയും അതുമൂലം ലങ്കായുദ്ധത്തിനും രാവണനിഗ്രഹത്തിനും ശ്രീരാമ ദൗത്യപൂർത്തീകരണത്തിനും ഹേതുവായവളായും ശൂർപ്പണഖ വീക്ഷിക്കപ്പെടുന്നു.
രാമന്റെ വനവാസകാലം തുടങ്ങുമ്പോൾ തന്നെ ശൂർപ്പണഖ പ്രത്യക്ഷപ്പെടുന്നു [3]. കാട്ടിൽ വച്ച് രാമലക്ഷ്മണന്മാരെ സീതയോടൊപ്പം കാണാനിടയായ ശൂർപ്പണഖ രാമനിൽ അനുരക്തയാവുന്നു. രാമനോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും, ഏകപത്നീവ്രതനായ രാമൻ തന്റെ നിസ്സഹായാവസ്ഥ വിശദിക്കരിച്ച് വിവാഹാഭ്യർത്ഥന നിരസിക്കുന്നു. തുടർന്ന് സീതയെ ഉപേക്ഷിച്ചു തന്നെ വേൾക്കാൻ അവൾ രാമനോടഭ്യർത്ഥിക്കുന്നുവെങ്കിലും, രാമനാകട്ടെ അവളോട് ലക്ഷ്മണനെ സമീപിക്കാൻ പറഞ്ഞ് ഒഴിഞ്ഞുമാറുന്നു. (ലക്ഷ്മണപത്നിയായ ഊർമ്മിള വനവാസക്കാലത്ത് ലക്ഷ്മണനു കൂട്ടിനില്ലായിരുന്നു). പക്ഷെ തന്റെ നിയോഗം ഇപ്പോൾ ജ്യേഷ്ഠസേവ മാത്രമാണന്നു ലക്ഷ്മണനും മറുപടി പറഞ്ഞ്, ശൂർപ്പണഖയുടെ അഭ്യർത്ഥന നിരസിക്കുന്നു. ജ്യേഷ്ഠാനുജന്മാർ തന്നെ പരിഹസിക്കുകയാണെന്നു മനസ്സിലാക്കാതെ ശൂർപ്പണഖ രാമനെയും ലക്ഷ്മണനേയും വീണ്ടും പലതവണ സമീപിക്കുന്നു. അപ്പോഴും വിവാഹാഭ്യർത്ഥന നിരസിക്കപ്പെട്ടതിൽ കുപിതയായി തന്റെ അഭീഷ്ടത്തിനു ഭംഗമായി നിൽക്കുന്ന സീതയെ ആക്രമിക്കാനായി പാഞ്ഞടുത്തപ്പോൾ രാമന്റെ നിർദ്ദേശപ്രകാരം ലക്ഷ്മണൻ അവൾക്ക് അംഗച്ഛേദം വരുത്തുന്നു. അപമാനിതയായ ശൂർപ്പണഖ പ്രതികാരബുദ്ധിയോടെ ആദ്യം തന്റെ കനിഷ്ഠസഹോദരനായ ഖരന്റെ സഹായം അഭ്യർത്ഥിക്കുന്നു. തുടർന്നുണ്ടാകുന്ന വൻ യുദ്ധത്തിൽ ഖരനും സൈന്യവും നിഗ്രഹിക്കപ്പെടുന്നു. ഇതു കണ്ട ശൂർപ്പണഖ തന്റെ ജ്യേഷ്ഠസഹോദരനും രാക്ഷസരാജാവുമായ രാവണനെ അഭയം പ്രാപിക്കുന്നു. സുന്ദരിയായ സീതയെ അപഹരിക്കാനും, രാമനെ വധിക്കാനും രാവണനെ പ്രേരിപ്പിക്കുന്നു.
വാല്മീകി രാമായണത്തിലെ ശൂർപ്പണഖ രാമന്റെ നേർവിപരീത ചിത്രമാണ്. രാമനെ യുവത്വ സുമുഖസുന്ദരനായി അവതരിപ്പിക്കുന്ന വാല്മീകി ശൂർപ്പണഖയെ വിരൂപിയും കുടവയറത്തിയുമായി അവതരിപ്പിക്കുന്നു. രാമന്റെ സുന്ദരനയനങ്ങളും ഇടതൂർന്ന മുടിയും ഇമ്പമുള്ള ശബ്ദവുമെല്ലാം ശൂർപ്പണഖയുടെ കോങ്കണും , ചെമ്പിച്ചുണങ്ങിയ മുടിയും അരോചക ഭാഷണവുമായി വാല്മീകി വിരുദ്ധ താരതമ്യം നടത്തുന്നു.രാമൻ സത്ചരിതനും ധർമ്മിഷ്ടനും ആകുന്നു അവളാകട്ടെ ദുഷ്ടയും വഞ്ചകിയും അപരിഷ്കൃതയും . ധർമ്മാധർമ്മ വിവേചനം വരച്ചുകാട്ടാനുപകരിക്കുന്ന മനോഹര വർണ്ണനമാണ് രാമശൂർപ്പണഖാ താരതമ്യം .
മലയാളികൾ പ്രധാനമായി ഉപയോഗിക്കുന്ന അദ്ധ്യാത്മരാമായണത്തിൽ ശൂർപ്പണഖയെ ഒരു മായാവിനിയായ നിശാചരിയായാണ് ചിത്രീകരിക്കുന്നത്. കാമരൂപിണിയായ അവൾ, തറയിൽ പതിഞ്ഞുകിടക്കുന്ന ശ്രീരാമന്റെ കാൽപ്പാടുകൾ കണ്ട് കൗതുകം പൂണ്ട് രാമാശ്രമത്തിനകത്തു കയറുന്നു. അവിടെ സുന്ദരനായ രാമനെ കണ്ട് വിമോഹിതയാകുകയും, വിവാഹാഭ്യർത്ഥന നടത്തുകയും ചെയ്യുന്നു. രാമൻ, തനിക്ക് ഭാര്യയായി സീത കൂടെത്തന്നെ ഉണ്ടെന്നും, തന്റെ സഹോദരൻ ലക്ഷ്മണനെ സമീപിക്കാനും പറയുന്നു. ലക്ഷ്മണനാകട്ടെ, താൻ രാമന്റെ ദാസൻ മാത്രമാണെന്നും, നീ ദാസിയാകാൻ തക്കവളല്ല എന്നും, രാമനോടു തന്നെ വിവാഹാഭ്യർത്ഥന നടത്തുകയാണ് വേണ്ടതെന്നും പറയുന്നു. ഇങ്ങനെ ഒന്നുരണ്ടുപ്രാവശ്യം അങ്ങോട്ടും ഇങ്ങോട്ടും പറഞ്ഞുവിട്ടപ്പോൾ കുപിതയായ ശൂർപ്പണഖ, തന്റെ മനോഹരമായ മായാരൂപം ഉപേക്ഷിച്ച് മലപോലെയുള്ള രാക്ഷസരൂപം സ്വീകരിച്ച് സീതയുടെ നേരെ അടുക്കുന്നു. അപ്പോൾ ലക്ഷ്മണൻ വാൾ ഊരി അവളുടെ ചെവിയും മൂക്കും മുലയും ഛേദിക്കുന്നു.
വാല്മീകി ശൂർപ്പണഖയെ വിരൂപിയാക്കുമ്പോൾ എഴുത്തച്ഛൻ സുന്ദരിയാക്കുന്നവളെ. അദ്ധ്യാത്മരാമായണം ആരണ്യകാണ്ഡത്തിലെ ശൂർപ്പണഖയുടെ ചോദ്യത്തിനു മറുപടിയും തിരിച്ചുള്ള രാമന്റെ മറുചോദ്യവും ഇങ്ങനെയാണ്.
"സുന്ദരി! കേട്ടുകൊൾക ഞാനയോദ്ധ്യാധിപതി-
നന്ദനൻ ദാശരഥി രാമനെന്നല്ലോ നാമം.
എന്നുടെ ഭാര്യയിവൾ ജനകാത്മജാ സീത
ധന്യേ! മൽഭ്രാതാവായ ലക്ഷ്മണനിവനെടോ.
എന്നാലെന്തൊരു കാര്യം നിനക്കു മനോഹരേ!
നിന്നുടെ മനോഗതം ചൊല്ലുക മടിയാതെ."
വാല്മീകി രാമായണത്തിൽ നിന്നും വ്യത്യസ്തമായി വശ്യസുന്ദരിയായ ശൂർപ്പണകയെയാണ് കമ്പരാമായണത്തിൽ കാണാൻ സാധിക്കുക. ജനിച്ചപ്പോൾതന്നെ സുന്ദരമിഴികളുണ്ടായിരുന്ന അവളുടെ ആദ്യ പേർ മീനാക്ഷിയെന്നായിരുന്നു. വശീകരണ ചാതുര്യം സ്വതേ ഉണ്ടായിരുന്ന അവൾക്ക് തിരഞ്ഞെടുക്കുന്ന ഏത് രൂപവും സ്വീകരിക്കാൻ സാധിക്കുമായിരുന്നു കമ്പ രാമായണത്തിൽ.
മറ്റൊരു രാമായണ കഥയിൽ[അവലംബം ആവശ്യമാണ്] ശ്രീരാമനോടുള്ള പ്രേമമല്ല മറിച്ച് സ്വന്തം സഹോദരനായ രാവണനോടുള്ള പകയാണ് രാമനെ കരുവാക്കി രാവണനിഗ്രഹത്തിനുപയോഗിക്കാൻ ശൂർപ്പണഖയെ പ്രേരിപ്പിക്കുന്നത്. അസുരനായ ദുഷ്ടബുദ്ധിയായിരുന്നു ശൂർപ്പണഖയുടെ ഭർത്താവ്. ദുഷ്ടബുദ്ധിയുടെ അധികാരമോഹം രാവണകോപം ക്ഷണിച്ചു വരുത്തി. രാവണ നിർദ്ദേശപ്രകാരം ദുഷ്ട്ബുദ്ധി വധിക്കപ്പെടുന്നു. വിധവയായ ശൂർപ്പണഖ ഭർത്തൃവധത്തിനു പ്രതികാരം ചെയ്യാൻ ഇറങ്ങി തിരിക്കുന്നതാണ് രാമായണകഥയുടെ ഈ അവതരണത്തിൽ. ഈ കഥയിൽ രാമന്റെ ശക്തി തിരിച്ചറിഞ്ഞ ശൂർപ്പണഖ രാമനല്ലാതെ മറ്റാർക്കും രാവണനെ കൊല്ലാൻ സാധിക്കില്ല എന്നു മനസ്സിലാക്കുന്നു. തുടർന്നു രാമരാവണയുദ്ധത്തിനു കളമൊരുക്കുകയാണവൾ ചെയ്യുന്നത്.
കൈകേയിയും ശൂർപ്പണകയും ഇല്ലായിരുന്നെങ്കിൽ രാമായണമോ രാമരാവണയുദ്ധം തന്നെയുമോ ഉണ്ടാവുമായിരുന്നില്ല എന്ന് വാല്മീകി തന്നെ അവ്യക്തമായി സൂചിപ്പിച്ചിരുന്നത്രെ.[അവലംബം ആവശ്യമാണ്]
മലബാറിൽ മുസ്ലീംങ്ങളുടെ ഇടയിൽ പ്രചാരത്തിലുണ്ടായിരുന്ന രാമായണകഥാസന്ദർഭങ്ങളുടെ കാവ്യാവിഷക്കാരമാണ് മാപ്പിള രാമായണം .[5] മാപ്പീള രാമായണത്തിൽ ശൂർപ്പണഖ രാമനെ (ലാമനെ) ആദ്യമായി കണ്ടുമുട്ടുന്നത് ഇങ്ങനെ വിവരിച്ചിരിക്കുന്നു.
പൊന്നാരപൊന്നുമ്മ ബീവി ശൂർപ്പണഖാ
കിന്നാരകണ്ണിച്ചിയോതി ലാമനോട്
"ആരാ നിങ്ങള് വാല്യക്കാരാ പേരന്താടോ
കൂടെകാണുന്നോരാപ്പെണ്ണ് ബീടരാണോ
മക്കളില്ലേ കൂടെ മരുമക്കളില്ലേ
കൊക്കും പൂവും ചോന്ന പെണ്ണ് പെറ്റിട്ടില്ലേ
തുടർന്നു ശൂർപ്പണഖ നടത്തുന്ന വിവാഹാഭ്യർത്ഥന രാമൻ നിരസിക്കുന്നു. രാമന്റെ ഏകപത്നീവ്രതം ശൂർപ്പണഖ പൊളിക്കാൻ നോക്കുന്നതിങ്ങനെയാണ്
ആണിനു പെണ്ണ് നാലോ അഞ്ചോ വച്ചാലെന്താടോ
പെണ്ണിനങ്ങനെ പാടില്ലാ ശരീഅത്തില് നേമം. .[6]
തുടർന്നും നടക്കുന്ന സംഭാഷണങ്ങൾ തനി മാപ്പിള ശൈലിയിൽ കവി അവതരിപ്പിക്കുന്നു