ആധുനികകാലത്തെ സന്ന്യാസിയും അദ്വൈത വേദാന്ത ആചാര്യനുമായ രമണ മഹർഷിയുടെ വാസസ്ഥാനമായിരുന്നു ശ്രീ രമണാശ്രമം. 1922 മുതൽ 1950-ൽ മരണം വരെ രമണമഹർഷി കഴിഞ്ഞിരുന്നത് ഇവിടെയായിരുന്നു. തമിഴ്‌നാട്ടിലെ തിരുവണ്ണാമലയുടെ പടിഞ്ഞാറ് അരുണാചലം കുന്നിന്റെ ചുവട്ടിലാണ് ആശ്രമം സ്ഥിതിചെയ്യുന്നത്. ആയിരക്കണക്കിന് അനുയായികൾ അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ ഇവിടെ ഒത്തുകൂടിയിരുന്നു. രമണമഹർഷിയുടെ സമാധി ക്ഷേത്രം ലോകമെമ്പാടുമുള്ള ഭക്തരെ ഇപ്പോഴും ആകർഷിക്കുന്നു.[1]
1922 മെയ് 19 ന് അന്തരിച്ച അമ്മ അളഗമ്മാളിന്റെ സമാധിക്കു സമീപം, രമണ മഹർഷി താമസമാക്കിയതോടെ ആശ്രമം ക്രമേണ സ്ഥലത്ത് വളർന്നു വികസിച്ചു. തുടക്കത്തിൽ, ഒരു ചെറിയ കുടിൽ മാത്രമായിരുന്നു അവിടെയുണ്ടായിരുന്നത്. 1924 ആയപ്പോഴേക്കും ഒന്ന് സമാധിക്ക് എതിർവശത്തും മറ്റൊന്ന് വടക്ക് ഭാഗത്തുമായി ഇവിടെ രണ്ട് കുടിലുകൾ സ്ഥാപിക്കപ്പെട്ടു.
1931 ആശ്രമത്തിലെത്തിയ ബ്രിട്ടീഷ് എഴുത്തുകാരൻ പോൾ ബ്രണ്ടൻ അവിടുത്തെ ആദ്യകാല പാശ്ചാത്യ സന്ദർശകരിൽ ഉൾപ്പെടുന്നു. രമണ മഹർഷിയെ "എ സെർച്ച് ഇൻ സീക്രട്ട് ഇന്ത്യ" (1934), "ദി സീക്രട്ട് പാത്ത്" എന്നീ പുസ്തകങ്ങളിലൂടെ പടിഞ്ഞാറൻ രാജ്യങ്ങളിലേക്ക് പരിചയപ്പെടുത്തിയതിന്റെ ബഹുമതി അദ്ദേഹത്തിനുണ്ട്. എഴുത്തുകാരൻ ഡബ്ല്യു. സോമർസെറ്റ് മോം 1938 ൽ ആശ്രമം സന്ദർശിച്ചു. പിന്നീട് ദി റേസേർസ് എഡ്ജ് (1944) എന്ന നോവലിൽ രമണ മഹർഷിയെ ശ്രീ ഗണേശന്റെ മാതൃകയായി വിവരിച്ചു.[2] സ്വാമി ശിവാനന്ദ സരസ്വതി, പരമഹംസ യോഗാനന്ദൻ,[3] ആൽഫ്രഡ് സോറൻസെൻ, വീവുവീ എന്നിവരും ആശ്രമത്തിലെ സന്ദർശകരായിരുന്നു.[4]
ആർതർ ഓസ്ബോൺ ഇരുപത് വർഷത്തോളം ആശ്രമത്തിൽ താമസിച്ച് രമണ മഹർഷിയെക്കുറിച്ചും അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ചും നിരവധി പുസ്തകങ്ങൾ രചിക്കുകയും ദി മൗണ്ടെയ്ൻ പാത്ത് എന്ന ജേണൽ എഡിറ്റിംഗ് നടത്തുകയും ചെയ്തു. മൗനി സാധു 1949 ൽ ആശ്രമത്തിൽ മാസങ്ങളോളം താമസിച്ചു.[5] 1976 ൽ ഡേവിഡ് ഗോഡ്മാൻ ആശ്രമത്തിലെത്തി. അതിനുശേഷം അദ്ദേഹം രമണ മഹർഷിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ പതിനാല് പുസ്തകങ്ങൾ എഴുതുകയോ എഡിറ്റ് ചെയ്യുകയോ ചെയ്തു. അദ്ദേഹം ആശ്രമത്തിനടുത്ത് താമസിക്കുന്നത് തുടരുന്നു.
1916 ൽ അമ്മയ്‌ക്കൊപ്പം ആശ്രമത്തിലേക്ക് മാറിയ രമണ മഹർഷിയുടെ ഇളയ സഹോദരൻ നിരഞ്ജനന്ദ സ്വാമി ജീവിതകാലം മുഴുവൻ ആശ്രമത്തിൽ താമസിക്കുകയും അതിന്റെ നടത്തിപ്പ് കൈകാര്യം ചെയ്യുകയും ചെയ്തു. അദ്ദേഹത്തിന്റെ മകനും ചെറുമകനും ആശ്രമത്തെ പരിപാലിച്ചു.[6]