| ||||||||||||||||||||||||||||||
ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും മൈസൂർ രാജ്യവും തമ്മിൽ നടന്ന നാലാം ആംഗ്ലോ-മൈസൂർ യുദ്ധത്തിന്റെ അവസാനത്തിൽ ടിപ്പു സുൽത്താന്റെ കൊല്ലപ്പെടലിൽ അവസാനിച്ച യുദ്ധഭാഗമാണ് ശ്രീരംഗപട്ടണം ഉപരോധം (1799) എന്ന് അറിയപ്പെടുന്നത്. (5 ഏപ്രിൽ– 4 മെയ്1799). നഗരത്തിലെ കോട്ട പിടിച്ചെടുക്കുകവഴി ബ്രിട്ടീഷുകാർ ഈ യുദ്ധത്തിൽ നിർണ്ണായക മുന്നേറ്റം നടത്തുകയുണ്ടായി .[1] അതിനുശേഷം വൊഡയാർ രാജവംശത്തെ ബ്രിട്ടീഷുകാർ ഭരണത്തിൽ തിരിച്ചെത്തിച്ചെങ്കിലും നിയന്ത്രണം ബ്രിട്ടീഷുകാരുടെ കയ്യിൽത്തന്നെ ആയിരുന്നു.
50000- ഓളം പടയാളികളുമായി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും കൂട്ടരും 30000- ഓളം പടയാളികളുമായി ടിപ്പുവിന്റെ മൈസൂർ രാജ്യവും 1799 ഏപ്രിൽ - മെയ് മാസത്തിൽ ശ്രീരംഗപട്ടണത്തും ചുറ്റുപാടുകളിലുമായാണ് ഈ ഏറ്റുമുട്ടലുകൾ നടന്നത്. ടിപ്പുവിന്റെ തോൽവിയോടെയും മരണത്തോടെയുമാണ് നാലാം ആംഗ്ലോ-മൈസൂർ യുദ്ധം അവസാനിച്ചത്
ജനറൽ ജോർജ്ജ് ഹാരിസിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷുകാർക്ക് രണ്ടു വലിയ കോളം സേനകളായിരുന്നു ഉണ്ടായിരുന്നത്. ഒന്നാമത്തേതിൽ 4000 യൂറോപ്യന്മാരും ബാക്കി ഇന്ത്യക്കാരായ സിപ്പായിമാരും അടങ്ങിയ 26000 ആൾക്കാരും ഹൈദരാബാദ് നിസാം നൽകിയ രണ്ടാം വിഭാഗത്തിൽ 16000 കുതിരപ്പട്ടാളവും പത്തു ബറ്റാലിയനുകളുമായിരുന്നു ഉണ്ടായിരുന്നത്. ഇവയെല്ലാം കൂടി ഏതാണ്ട് 50000 പേർ വരുമായിരുന്നു. മൂന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തോടെ വൻ സേനാനാശവും രാജ്യത്തിന്റെ പകുതിയും നഷ്ടമായ ടിപ്പുവിന്റെ സൈന്യത്തിൽ ഏതാണ്ട് 30000 ആൾക്കരാണ് ഉണ്ടായിരുന്നത്.
ബ്രിട്ടീഷുകാരായ സൈന്യത്തിന്റെ ഘടന[2]
സിപ്പായി സൈന്യത്തിൽ ഉണ്ടായിരുന്നവർ:[2][3]
1799 ഏപ്രിൽ 5 ന് ബ്രിട്ടീഷ് സേന ശ്രീരംഗപട്ടണം കോട്ട ഉപരോധിച്ചു. മൺസൂണിനു മുൻപേ യുദ്ധം ആരംഭിച്ചാൽ ശ്രീരംഗപട്ടണത്തിനു കുറുകേ ഒഴുകുന്ന കാവേരിയിൽ വെള്ളം ഏറ്റവും കുറഞ്ഞ നിലയിൽ ആയതിനാൽ കാലാൾപ്പടയ്ക്കുതന്നെ ഉപരോധം നടത്താൻ സാധിക്കുമായിരുന്നു. സമയം നീട്ടിക്കിട്ടാനുള്ള കളികളാണ് ടിപ്പു നടത്തിയിരുന്നതെന്ന് അദ്ദേഹത്തിനോടുള്ള കത്തിടപാടുകളിൽ നിന്നും മനസ്സിലായി. താൻ നായാട്ടിന്റെ തിരക്കിലാണെന്നും ചർച്ചകൾക്കായി രണ്ടുപേരെ അയയ്ക്കണമെന്നും ടിപ്പു ആവശ്യപ്പെട്ടു. ടിപ്പുവിന്റെ പ്രധാനമന്ത്രിയേയും ജനറൽ മിർ സാദിക്കിനെയും ബ്രിട്ടീഷുകാർ വശത്താക്കിയെന്നു കരുതപ്പെടുന്നു. .[4]
ഇന്ത്യയുടെ ഗവർണർ ജനറൽ റിച്ചാഡ് വെല്ലസ്ലി ടിപ്പുവിന്റെ കോട്ടയിൽ വിള്ളൽ വീഴിക്കാൻ പദ്ധതിയിട്ടു. 1799 മെയ് ഒന്നിനു രാത്രി മുഴുവൻ പരിശ്രമിച്ച് രണ്ടാം തിയതി പുലർച്ചയോടെ നിസാമിന്റെ സേന കോട്ടയ്ക്ക് ഒരു വിള്ളലുണ്ടാക്കുന്നതിൽ വിജയിച്ചു. 20 വർഷം മുമ്പ് 44 മാസത്തോളം ടിപ്പുവിന്റെ തടവിൽ കിടക്കേണ്ടി വന്ന് ടിപ്പുവിനോട് കൊടും പകയുള്ള ജനറൽ ഡേവിഡ് ബെയ്ഡ് ആയിരുന്നു ബ്രിട്ടീഷ് സൈന്യത്തെ നയിച്ചിരുന്നത്.
ആക്രമണം, പടയാളികൾ ഭക്ഷണത്തിനു ശേഷം വിശ്രമിക്കുന്ന, ദിവസത്തിൽ ഏറ്റവും ചൂടുള്ളതായ നട്ടുച്ചയ്ക്ക് ഒരു മണിക്ക് നടത്താനാണ് പദ്ധതിയിട്ടത്. മുന്നണിപ്പടയുടെ നേതൃത്ത്വത്തിൽ രണ്ടു വിഭാഗം തുളവീഴ്‌ത്തിയ കോട്ടയുടെ ഭാഗം ആശ്രമിക്കുക എന്നതാണ് പദ്ധതി. ആർതർ വെല്ലസ്ലിയുടെ നേതൃത്ത്വത്തിൽ മൂന്നാമതൊരു കരുതൽ സൈന്യം വേണ്ടിവന്നാൽ ഇടപെടാൻ തയ്യാറായും നിന്നു.
1977 മെയ് മാസം നാലാം തിയതി പകൽ 11 മണിക്ക് ബ്രിടീഷ് സൈന്യം വിസ്കിയും ബിസ്ക്കറ്റും കഴിച്ച് തയ്യാറായി. 76 അംഗങ്ങളുള്ള മുന്നണിപ്പട ആക്രമണത്തിനു നേതൃത്ത്വം നൽകി. ബയണറ്റുമേന്തി 4 അടി ആഴമുള്ള കാവേരിയിലൂടെ നീങ്ങിയ സൈന്യം 16 മിനിട്ടുകൊണ്ട് അപ്പുറത്തെത്തി എതിരാളികളെ കീഴ്‌പ്പെടുത്തി. അവർ ടിപ്പുവിന്റെ കടുവയേയും പിടിച്ചെടുക്കുകയുണ്ടായി.
വടക്കുപടിഞ്ഞാറു ഭാഗത്തെത്തിയ സൈന്യം പെട്ടെന്നുതന്നെ തടിയനായ കുറിയ ഒരു ഓഫീസറിന്റെ നേതൃത്ത്വത്തിലുള്ള മൈസൂർ സേനയോടു പോരാടേണ്ടിവന്നു. സേവകന്മാരിൽ നിന്നും വേട്ടയ്ക്കുള്ള ആയുധങ്ങൾ നിറച്ചു കിട്ടിയവ ഉപയോഗിച്ച് അയാൾ ബ്രിട്ടീഷുകാർക്കു നേരേ നിറയൊഴിച്ചുകൊണ്ടിരുന്നു. വൈകുന്നേരത്തോടെ ടിപ്പുവിന്റെ ശരീരം തിരഞ്ഞുപോയ ബ്രിട്ടീഷുകാർക്കു മനസ്സിലായി നെരത്തെ തങ്ങൾക്കുനേരേ നിറയൊഴിച്ചുകൊണ്ടിരുന്ന ആൾ ആണ് ടിപ്പു എന്ന്.
ബെഞ്ചമിൻ സിഡെൻഹാം ആ ശരീരത്തെപ്പറ്റി വിവരിച്ചത്:
'ഏതാണ്ട് 5 അടി 8 ഇഞ്ചോളം ഉയരമുള്ള നിറം മങ്ങിയ തടിച്ച, കുറിയ കഴുത്തുള്ള ഉയരമുള്ള തോളുകളാണെങ്കിലും ചെറിയ മാർദ്ദവമുള്ള കയ്യുമുള്ള അയാളുടെ വലതു ചെവിയുടെ മുകളിലായി ഒരു മുറിവുണ്ടായിരുന്നു. ഇടത്തെ കവിളിൽ വെടിയുണ്ട കൊണ്ട നിലയിലുള്ള ആ ശരീരത്തിൽ രണ്ടു മൂന്നൂ മുറിവുകൾ കൂടിയുണ്ടായിരുന്നു.
'വലിയ കണ്ണുകൾ ഉള്ള അയാൾക്ക് ചെറിയ വളവുള്ള പുരികങ്ങളും വളരെ ചെറിയ കൃതാവുമായിരുന്നു ഉള്ളത്. സാധാരണക്കാരിൽ നിന്നും ഉയർന്നവൻ ആയിരുന്നു താനെന്ന് അയാളുടെ രൂപം വ്യക്തമാക്കിയിരുന്നു.'[5]
വില്ല്യം കൊള്ളിൻസിൽന്റെ ദ മൂൺസ്റ്റോൺ എന്ന നോവൽ തുടങ്ങുന്നത് ടിപ്പുവിന്റെ ശ്രീരംഗപട്ടണത്തുള്ള ഖജനാവ് കൊള്ളയടിക്കുന്നതു മുതലാണ്.
ശ്രീരംഗപട്ടണം യുദ്ധമാണ്, ബെർണാഡ് കോൺവെലിന്റെ ഷാർപീസ് ടൈഗർ എന്ന നോവലിന്റെ മുഖ്യപ്രമേയം.
സന്ധൂസ്റ്റിലെ റോയൽ മിലിട്ടറി കോളേജ്, ഓഫീസേർസ് മെസ്സിനു മുന്നിൽ ഈ യുദ്ധത്തിൽ പിടിച്ച ടിപ്പുവിന്റെ രണ്ട് പീരങ്കികൾ പ്രദർശിപ്പിച്ചിട്ടുണ്ട്.
ടിപ്പുവിന്റെ ശരീരം ലഭിച്ച ഇടം, ബ്രിട്ടീഷുകാരെ തടവിലാക്കിയ ഇടം, നശിച്ച കൊട്ടാരം നിന്ന സ്ഥലം എന്നിങ്ങനെ യുദ്ധവുമായി ബന്ധപ്പെട്ട മിക്കതും ഇപ്പോഴും അതേപടി നിലനിർത്തിയിട്ടുണ്ട്.
ശ്രീരംഗപട്ടണത്തെ ഗാരിസൺ സെമിത്തേരിയിലാണ് ഈ യുദ്ധത്തിൽ കൊല്ലപ്പെട്ട ഏതാണ്ട് എൺപതോളം സ്വിസ്സ് റെജിമെന്റിലെ ഉദ്യാഗസ്ഥരെയും അവരുടെ കുടുംബാംഗങ്ങളെയും അടക്കിയിരിക്കുന്നത്.[6]