ശ്രീവത്സം

Wiktionary
Wiktionary
ശ്രീവത്സം എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക

പരമാത്മാവായ മഹാവിഷ്ണുവിന്റെ മാറിൽ കാണപ്പെടുന്നതായി പുരാണങ്ങളിൽ പരാമർശിക്കുന്ന വിശിഷ്ടമായ മറുകാണു് ശ്രീവത്സം എന്നറിയപ്പെടുന്നതു്.[1]. ബുദ്ധമതത്തിൽ മഞ്ജുശ്രീയുടെ ഒരു ലക്ഷണമായും[2] ജൈനമതത്തിൽ തീർത്ഥങ്കരബിംബങ്ങളുടെ അഷ്ടമംഗലങ്ങളിലൊന്നായിനെഞ്ചിൽ കാണുന്ന അടയാളമായും ശ്രീവത്സം അറിയപ്പെടുന്നു.

ശ്രീവത്സത്തിന്റെ ഉത്ഭവകഥ

[തിരുത്തുക]

ഭാഗവതം ദശമസ്കന്ധത്തിലാണു് ശ്രീവത്സത്തിന്റെ ഉത്ഭവകഥ വിവരിക്കപ്പെടുന്നതു്.[3]

ഒരിക്കൽ സരസ്വതീനദിയുടെ തീരത്തു് മഹർഷികൾ ഒത്തുചേർന്നു് ഒരു യാഗം നടത്തി. യാഗത്തിനിടയിൽ വെച്ച് ത്രിമൂർത്തികളിൽ ആർക്കാണു് ഏറ്റവും മഹത്ത്വം എന്നൊരു പ്രശ്നം തർക്കമായി ഉയർന്നു. പലർക്കും പല അഭിപ്രായമായിരുന്നതുകൊണ്ടു് പരിശോധിച്ചറിയുന്നതിനുവേണ്ടി ഭൃഗുമഹർഷിയെ തെരഞ്ഞെടുത്തയച്ചു.

ഭൃഗുമഹർഷി ആദ്യം ബ്രഹ്മാവിനെ ചെന്നുകണ്ടു. അവിടെ അനേകം മുനികളുടെ മദ്ധ്യത്തിൽ ഉപവിഷ്ടനായിരുന്ന ബ്രഹ്മാവിന്റെ മുമ്പിലുള്ള ഒരു പീഠത്തിൽ അദ്ദേഹവും ചെന്നിരുന്നു. മുൻകൂട്ടി അനുവാദമില്ലാതെ വന്നുകയറിയിരുന്നതു കണ്ടു് ബ്രഹ്മാവ് വളരെയധികം കോപിച്ചു. മഹർഷിയാകട്ടെ, കൂടുതലൊന്നും ഉരിയാടാതെ അവിടെ നിന്നും ഇറങ്ങിപ്പോന്നു.

അടുത്തതായി ഭൃഗു ചെന്നെത്തിയതു് ശിവന്റെ ആസ്ഥാനമായ കൈലാസത്തിലായിരുന്നു. ചെന്നെത്തിയപാടേ ശിവൻ ഭൃഗുവിനെ ആലിംഗനം ചെയ്യാനായി അടുത്തേക്കോടി വന്നു. "ച്ഛേ, എന്നെത്തൊടരുത്!" എന്നു പറഞ്ഞുകൊണ്ട് മഹർഷി മാറിനിന്നു. മഹർഷിയുടെ ധാർഷ്ട്യം കണ്ട് കുപിതനായ ശിവൻ തന്റെ ത്രിശൂലമെടുത്തു് പ്രയോഗിക്കാനാഞ്ഞു. പക്ഷേ, പാർവ്വതി ഉടനെ അദ്ദേഹത്തെ തടഞ്ഞു. ഭൃഗുവാകട്ടെ, അവിടെനിന്നും തിരിച്ച് മഹാവിഷ്ണുവിന്റെ‍ വാസസ്ഥലമായ വൈകുണ്ഠത്തിലേക്കു പുറപ്പെട്ടു.

യോഗനിദ്രയിലായിരുന്ന വിഷ്ണു ഭൃഗുമഹർഷി വന്നതറിഞ്ഞില്ല അഥവാ അറിഞ്ഞതായി ഭാവിച്ചില്ല. ലോകസ്ഥിതി പരിപാലിക്കാൻ സദാ ജാഗരൂകനായിരിക്കേണ്ടുന്ന വിഷ്ണു ഉറങ്ങിക്കിടക്കുന്നതുകണ്ട ഭ്രുഗുമഹർഷി അദ്ദേഹത്തിന്റെ മാറിൽ ആഞ്ഞുചവിട്ടി. ഞെട്ടിയുണർന്ന വിഷ്ണു തന്നെ കാണാൻ വന്ന മഹർഷിക്ക് കാത്ത് നിൽക്കേണ്ടി വന്നതിനു ക്ഷമ ചോദിക്കുകയും, ചവിട്ടിയപ്പോൾ പാദത്തിനു വല്ലതും സംഭവിച്ചുവോ എന്ന് ആരായുകയും ചെയ്തു. ഭഗവാന്റെ അസാധാരണമായ സഹിഷ്ണതയിൽ അത്ഭുതം തോന്നിയ മഹർഷി തന്റെ ആഗമനോദ്ദേശ്യം പറയുകയും താൻ ചെയ്ത മഹാപരാധത്തിന് മാപ്പിരക്കുകയും ചെയ്തു. ഭഗവാൻ സന്തോഷത്തോടെ ഭൃഗുമുനിയെ യാത്ര അയച്ചു. മുനിയെ അനാദരിച്ചതിനു് പ്രായശ്ചിത്തമായി പാദം വക്ഷസ്സിൽ പതിച്ചപ്പോഴുണ്ടായ മറുകു് തന്റെ മാറിടത്തിൽ സദാ പതിഞ്ഞുകിടക്കണമെന്നു് മഹാവിഷ്ണു തീരുമാനിച്ചു. ആ അടയാളമാണ് ശ്രീവത്സമെന്ന പേരിൽ അറിയപ്പെടുന്നതു്.

അവലംബം

[തിരുത്തുക]
  1. Sarat Chandra Das (1902). Tibetan-English Dictionary with Sanskrit Synonyms. Calcutta, India: Bengal Secretariat Book Depot, p.69
  2. Alex Wayman, "Chanting the Names of Manjusri" 1985, p. 94
  3. ഭൃഗു- (പുരാണനിഘണ്ടു) - വെട്ടം മാണി ISBN 81-240-0081-6