ഷാൻ റഹ്മാൻ | |
---|---|
ജന്മനാമം | ഷാൻ റഹ്മാൻ |
ജനനം | [1] കോഴിക്കോട്, കേരളം, ഇന്ത്യ | 30 ഡിസംബർ 1979
തൊഴിൽ(കൾ) | സംഗീത സംവിധായകൻ |
ഉപകരണ(ങ്ങൾ) | കീബോർഡ് |
വർഷങ്ങളായി സജീവം | 2006-present |
ഒരു മലയാള ചലച്ചിത്ര സംഗീത സംവിധായകനും പിന്നണി ഗായകനുമാണ് ഷാൻ റഹ്മാൻ (ജനനം: 30 ഡിസംബർ 1979). മലർവാടി ആർട്സ് ക്ലബ് (2010), തട്ടത്തിൻ മറയത്ത് (2012), തിര (2013), ഓം ശാന്തി ഓശാന (2014), ഓർമ്മയുണ്ടോ ഈ മുഖം (2014), ആട് (2015), ഒരു വടക്കൻ സെൽഫി (2015), അടി കപ്യാരേ കൂട്ടമണി (2015), വേട്ട (2016), ജേക്കബിന്റെ സ്വർഗ്ഗരാജ്യം (2016), ആൻമരിയ കലിപ്പിലാണ് (2016), ഗോദ (2017), വെളിപാടിന്റെ പുസ്തകം (2017), ഒരു അഡാർ ലവ് (2018) തുടങ്ങിയവയാണ് സംഗീത സംവിധാനം നിർവ്വഹിച്ച പ്രധാന ചലച്ചിത്രങ്ങൾ. വെളിപാടിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനവും[2] ഒരു അഡാർ ലവ് എന്ന ചലച്ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനവും പ്രശസ്തമാവുകയും സമൂഹമാധ്യമങ്ങളിലൂടെ ധാരാളം പേർ കേൾക്കുകയും ചെയ്ത ഗാനങ്ങളാണ്. മഴവിൽ മനോരമയിലെ സൂപ്പർ 4 എന്ന റിയാലിറ്റി ഷോയിലെ വിധികർത്താവാണ്.
ജോണി ആന്റണി സംവിധാനം ചെയ്ത് 2009ൽ പുറത്തിറങ്ങിയ ഈ പട്ടണത്തിൽ ഭൂതം എന്ന ചലച്ചിത്രമാണ് ഷാൻ റഹ്മാൻ സംഗീത സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രം. സുഹൃത്തും പിന്നണി ഗായകനുമായ വിനീത് ശ്രീനിവാസനോടൊപ്പം 2008ൽ ഷാൻ ചെയ്ത സംഗീത ആൽബത്തിനുശേഷമാണ് ഈ പട്ടണത്തിൽ ഭൂതത്തിൽ സംഗീത സംവിധായകനാകാനുള്ള അവസരം ലഭിച്ചത്. 2010ൽ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത മലർവാടി ആർട്സ് ക്ലബ്ബിലെ ഗാനങ്ങൾക്കും സംഗീതം നൽകി.[3]
വിനീത് ശ്രീനിവാസൻ തന്നെ സംവിധാനം ചെയ്ത് 2012ൽ തട്ടത്തിൻ മറയത്താണ് സംഗീതം നൽകിയ മൂന്നാമത്തെ ചലച്ചിത്രം. തട്ടത്തിൻ മറയത്തിലെ ഗാനങ്ങൾ വളരെ വേഗം പ്രശസ്തമാവുകയുണ്ടായി.[4][5][6] ഈ ചലച്ചിത്രത്തിലെ മുത്തുച്ചിപ്പി പോലൊരു എന്ന ഗാനം തന്റെ ഇഷ്ടഗാനങ്ങളിലൊന്നാണെന്ന് സംഗീത സംവധായകൻ എം. ജയചന്ദ്രൻ പറയുകയുണ്ടായി. 2014ൽ തട്ടത്തിൻ മറയത്തിന്റെ തെലുഗു റീമേക്കായ സാഹേബ സുബ്രഹ്മണ്യം എന്ന ചലച്ചിത്രത്തിലെ ഗാനങ്ങൾക്കും സംഗീതം നൽകി.[7]
1979 ഡിസംബർ 30ന് കോഴിക്കോട് ജില്ലയിൽ ജനിച്ചു. പിതാവ് യൂണിയൻ സിമന്റ് കമ്പനിയിലെ ഉദ്യോഗസ്ഥനാണ്. രണ്ട് സഹോദരങ്ങളുണ്ട്. 2009 ഒക്ടോബർ 11ന് സൈറയെ വിവാഹം ചെയ്തു.
ദീപക് ദേവ് സംഗീത സംവിധാനം നിർവ്വഹിച്ച ഉറുമി, തേജാ ഭായ് & ഫാമിലി, ഐ ലൗ മീ എന്നീ ചലച്ചിത്രങ്ങൾ ഷാൻ റഹ്മാൻ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.[8]
2017 ൽ പുറത്തിറങ്ങിയ വെളിപാടിന്റെ പുസ്തകം എന്ന ചലച്ചിത്രത്തിലെ എന്റമ്മേടെ ജിമിക്കി കമ്മൽ കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ പ്രശസ്തിയാർജ്ജിച്ചു. വിനീത് ശ്രീനിവാസൻ, രഞ്ജിത്ത് ഉണ്ണി എന്നിവർ ആലപിച്ച ഈ ഗാനം 2017 ഓഗസറ്റ് 6ന് യൂട്യൂബിലൂടെ റിലീസ് ചെയ്തു. കവിയും ഗാനരചയിതാവുമായ അനിൽ പനച്ചൂരാനാണ് ഗാനത്തിന്റെ വരികൾ രചിച്ചത്.
2018 ൽ പുറത്തിറങ്ങിയ ഒരു അഡാർ ലവ് എന്ന ചലച്ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനം ജനശ്രദ്ധയാകർഷിച്ചു. വിനീത് ശ്രീനിവാസനാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. 2018 ഫെബ്രുവരി 9ന് ഈ ഗാനം യൂട്യൂബിലൂടെ റിലീസ് ചെയ്തു. മികച്ച പ്രതികരണങ്ങൾ ലഭിച്ച ഈ ഗാനത്തിന് ഒരു ദിവസത്തിനുള്ളിൽ 50,000 ലൈക്കുകൾ ലഭിച്ചു.[9] പി.എം.എ. ജബ്ബാർ എന്ന മാപ്പിളപ്പാട്ട് കവി രചിച്ച കവിതയാണ് ഈ ഗാനം.[10] 1978ൽ ഈ ഗാനം തലശ്ശേരി കെ. റഫീഖ് ഈണം നൽകി അവതരിപ്പിച്ചിട്ടുണ്ട്.