ഷാർലറ്റ് ഇ. റിഡൽ | |
---|---|
ജനനം | Charlotte Eliza Lawson Cowan 30 സെപ്റ്റംബർ 1832 Carrickfergus, County Antrim, United Kingdom of Great Britain and Ireland |
മരണം | 24 സെപ്റ്റംബർ 1906 Ashford, Kent, England | (പ്രായം 73)
ദേശീയത | British |
Period | Victorian |
Genre | novel |
പങ്കാളി | Joseph Hadley Riddell |
ഷാർലറ്റ് റിഡൽ (ജീവിതകാലം: 30 സെപ്റ്റംബർ 1832 - 24 സെപ്റ്റംബർ 1906) വിക്ടോറിയൻ കാലഘട്ടത്തിൽ ജീവിച്ചിരുന്ന പ്രശസ്തയും സ്വാധീനം ചെലുത്തിയതുമായ ഒരു ഐറിഷ് വംശജയായ എഴുത്തുകാരിയായിരുന്നു. 56 പുസ്തകങ്ങൾ, നോവലുകൾ, ചെറുകഥകൾ എന്നിവയുടെ രചയിതാവായിരുന്ന അവർ 1860 കളിൽ ലണ്ടനിലെ ഒരു പ്രമുഖ സാഹിത്യ വാർത്താപത്രികയായിരുന്ന സെന്റ് ജെയിംസ് മാഗസിന്റെ ഉടമകളിലൊരാളും പത്രാധിപരുമായിരുന്നു.
ഷാർലറ്റ് എലിസ ലോസൺ കോവൻ എന്ന പേരിൽ 1832 സെപ്റ്റംബർ 30 ന് അയർലണ്ടിലെ കൗണ്ടി ആൻട്രിമിലെ കാരിക്ഫെർഗസിൽ ജനിച്ച റിഡൽ, ആൻട്രിം കൗണ്ടിയിലെ കാരിക്ഫെർഗസിലെ മുഖ്യ ഭരണനിർവ്വാഹണോദ്യോഗസ്ഥനായിരുന്ന ജെയിംസ് കോവന്റെയും ഇംഗ്ലണ്ടിലെ ലിവർപൂളിലെ എല്ലെൻ കിൽഷായുടെയും ഇളയ മകളായിരുന്നു. 1855 ലെ ശൈത്യകാലത്ത്, പിതാവിന്റെ മരണത്തിന് നാല് വർഷത്തിന് ശേഷം അവരും മാതാവും ലണ്ടനിലേക്ക് താമസം മാറി. അടുത്ത വർഷം മാതാവ് മരണമടഞ്ഞു.
1857-ൽ യഥാർത്ഥത്തിൽ സ്റ്റാഫോർഡ്ഷയറിൽ നിന്നുള്ളതെങ്കിലും ലണ്ടനിൽ സ്ഥിര താമസമാക്കിയ ഒരു സിവിൽ എഞ്ചിനീയറായിരുന്ന ജോസഫ് ഹാഡ്‌ലി റിഡലിനെ വിവാഹം കഴിച്ചു. 1860 കളുടെ മധ്യത്തിൽ ഹാരിംഗെയ്ക്കും വെസ്റ്റ് ഗ്രീനിനുമിടയിലുള്ള സെന്റ് ജോൺസ് ലോഡ്ജിൽ താമസിക്കാൻ അവർ താമസം മാറിയതായും 1873-ൽ ഈ പ്രദേശത്ത് നിർമ്മാണം നടക്കുന്നതിനിടെയിൽ പുറത്തേയ്ക്കു പോയതായും പറയപ്പെടുന്നു. വിവാഹത്തിൽ അവർക്ക് കുട്ടികളുണ്ടായിരുന്നില്ല.[1]
അവരുടെ ആദ്യ നോവലായിരുന്ന, ദി മൂർസ് ആൻഡ് ഫെൻസ് 1858 ൽ പുറത്തിറങ്ങി. എഫ്. ജി. ട്രാഫോർഡ് എന്ന തൂലികാനാമത്തിൽ ഇത് പുറത്തിറക്കുകയും 1864-ൽ അവർ സ്വന്തം പേരിൽ രചനകൾ ആരംഭിച്ചതോടെ ഈ പേര് ഉപേക്ഷിക്കുകയും ചെയ്തു. തുടർന്ന് നോവലുകളും കഥകളും തുടർച്ചയായി രചിക്കപ്പെടുകയും 1858 നും 1902 നും ഇടയിൽ മുപ്പത് വാല്യങ്ങൾ പുറത്തിറക്കുകയും ചെയ്തു. ഇതിൽ ഏറ്റവും ശ്രദ്ധേയമായതെന്നു കരുതപ്പെടുന്ന എഫ്. ജി. ട്രാഫോർഡ് (1864; മറ്റ് പതിപ്പുകൾ 1865, 1886) എന്ന തൂലികാനാമത്തിലെഴുതിയ ജോർജ്ജ് ഗീത്ത് ഓഫ് ഫെൻ കോർട്ടിന് ടിൻസ്ലി 800 ഡോളർ അവർക്ക് നൽകി. 1883 ൽ വൈബർട്ട് റീവ് ഇത് നാടകരൂപത്തിലാക്കുകയും, വടക്കൻ യോർക്ക്ഷേയറിലെ സ്കാർബറോയിൽ നിർമ്മിച്ച ഇത് പിന്നീട് ഓസ്ട്രേലിയയിൽ അവതരിപ്പിക്കുകയും ചെയ്തു.
1861 ൽ ശ്രീമതി എസ്. സി. ഹാളിന് കീഴിൽ ആരംഭിച്ച സെന്റ് ജെയിംസസ് മാസികയുടെ സഹ-ഉടമയും പത്രാധിപരുമായിരുന്നു 1867 മുതൽ റിഡൽ. 1860 കളിൽ ഹോം എന്നൊരു മാസിക എഡിറ്റ് ചെയ്തതോടൊപ്പം സൊസൈറ്റി ഫോർ ദി പ്രൊമോഷൻ ഓഫ് ക്രിസ്ത്യൻ നോളജ്, റൂട്ട്‌ലെഡ്ജിന്റെ ക്രിസ്മസ് വാർഷികങ്ങൾ എന്നിവയ്ക്കായി ചെറുകഥകളും അവർ എഴുതിയിരുന്നു. എന്നാൽ അവരുടെ ചെറുകഥകൾ നോവലുകളുടെയത്ര വിജയമായിരുന്നില്ല.[1]
പ്രേത കഥകളുടെ രചയിതാവെന്ന നിലയിലും റിഡൽ പ്രമുഖയായിരുന്നു. ഫെയറി വാട്ടർ, ദി അൺഇൻഹാബിറ്റഡ് ഹൌസ്, ദ ഹോണ്ടഡ് റിവർ, ദ ഡിസപ്യറൻസ് ഓഫ് മിസ്റ്റർ ജെറമിയ റെഡ് വർത്ത്, ദ നൺസ് കർസ് എന്നീ അഞ്ച് നോവലുകൾ അമാനുഷിക പ്രതിഭാസങ്ങളാൽ നശിച്ച കെട്ടിടങ്ങളുമായി ബന്ധപ്പെട്ടതാണ്.[2] അവർ രചിച്ച "ഓപ്പൺ ഡോർ", "നട്ട് ബുഷ് ഫാം" പോലെയുള്ള ഹ്രസ്വമായ നിരവധി പ്രേത കഥകൾ വിർഡ് സ്റ്റോറീസ് എന്ന വാല്യത്തിൽ ശേഖരിക്കപ്പെട്ടിട്ടുണ്ട്.[3]
അവരുടെ ഭർത്താവ് 1880-ൽ അന്തരിച്ചു. 1886 ന് ശേഷമുള്ള കാലം മിഡിൽസെക്സിലെ അപ്പർ ഹാലിഫോർഡിൽ അവർ ഏകാന്തവാസം നയിച്ചു. 1901 മെയ് മാസത്തിൽ പ്രതിവർഷം £60 നിരക്കിൽ സൊസൈറ്റി ഓഫ് ഓതേർസിൽനിന്ന് അടുത്തൂൺ ലഭിച്ച ആദ്യത്തെ അടുത്തൂണുകാരിയായിരുന്നു അവർ.[1] 1906 സെപ്റ്റംബർ 24 ന് കെന്റിലെ ആഷ്ഫോർഡിൽവച്ച് ക്യാൻസർ ബാധിച്ച് അവർ അന്തരിച്ചു.[4]