ഇന്ത്യൻ സംസ്ഥാനങ്ങളെയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും ഭാഷ അടിസ്ഥാനത്തിൽ വേർതിരിക്കാൻ കാരണമായ പ്രധാനപ്പെട്ട ഒരു നവീകരണം ആണ് സംസ്ഥാന പുനഃസംഘടന നിയമം, 1956.
1956നു ശേഷവും സംസ്ഥാന അതിർത്തികളിൽ മാറ്റങ്ങൾ വന്നിട്ടുണ്ടെങ്കിലും 1956ലെ സംസ്ഥാന പുനഃസംഘടന നിയമം ആണ് സ്വാതന്ത്ര്യത്തിനു ശേഷം നടന്ന ഏറ്റവും സമഗ്രമായ മാറ്റങ്ങൾ നടത്തിയ നിയമം.
ഭരണഘടന (ഏഴാം ഭേദഗതി) നിയമം, 1956 പ്രകാരം ഭരണഘടനയുടെ 3 & 4 ആർട്ടിക്കിൾ ഉപയോഗിച്ച് ആണ് സംസ്ഥാന പുനഃസംഘടന നിയമം നടപ്പിലാക്കിയത്[1].
ബ്രിട്ടീഷുകാർ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയും പാകിസ്‍താനും രണ്ടു രാജ്യങ്ങൾ ആയി. അഞ്ചൂറ് നാട്ടുരാജ്യങ്ങളുമായി ഉണ്ടാക്കിയ ഉടമ്പടികൾ ബ്രിട്ടീഷുകാർ അവസാനിപ്പിച്ചു. അവരോടു ഇന്ത്യയിലോ പാകിസ്താനിലോ ചേരാൻ പ്രോത്സാഹിപ്പിച്ചു. അവർ ആഗ്രഹിക്കുന്നുവെങ്കിൽ സ്വാതന്ത്ര്യമായി നിലനിൽക്കാം എന്നും പറഞ്ഞു. മിക്കവാറും നാട്ടുരാജ്യങ്ങൾ ഇന്ത്യയിലും ചിലതു പാകിസ്താനിലും ലയിച്ചു. ഭൂട്ടാനും ഹൈദരാബാഥും സ്വാതന്ത്ര്യമായി നിൽക്കാൻ തീരുമാനിച്ചു. പക്ഷെ ഹൈദരാബാദ് പിന്നീട് ഇന്ത്യ ബലം ഉപയോഗിച്ച് പിടിച്ചടക്കി.
1950ൽ നിലവിൽ വന്ന ഇന്ത്യൻ ഭരണഘടന പ്രകാരം ഇന്ത്യ ഒരു പരമാധികാര ജനാധിപത്യമായി പ്രഖ്യാപിക്കപ്പെട്ടു. ഇതിൽ ഇന്ത്യ ഒരു "സംസ്ഥാനങ്ങളുടെ ഐക്യം" ആയിരിക്കും എന്നും പറയുന്നുണ്ട്.[2] 1950 ലെ ഭരണഘടന ഇന്ത്യൻ സംസ്ഥാനങ്ങളെ 3 പ്രധാന വിഭാഗങ്ങളായാണ് വിഭജിച്ചത്.
പാർട് എ സംസ്ഥാനങ്ങൾ, മുൻപ് ബ്രിട്ടീഷ് ഇന്ത്യയുടെ ഭരണത്തിൽ ഉണ്ടായിരുന്ന സംസ്ഥാനങ്ങൾ ആണ്. തിരഞ്ഞെടുക്കപ്പെട്ട ഗവർണറും, നിയമസഭയും ഇവയ്ക്കുണ്ടായിരുന്നു. ഒമ്പതു പാർട് എ സംസ്ഥാനങ്ങൾ ആണ് ഉണ്ടായിരുന്നത്. ആസാം, ബിഹാർ,ബോംബെ, മധ്യപ്രദേശ്, മദ്രാസ്, ഒറീസ, പഞ്ചാബ്, ഉത്തർപ്രദേശ്.
പാർട് ബി സംസ്ഥാനങ്ങൾ, മുൻപ് നാട്ടുരാജ്യങ്ങൾ ആയി നില നിന്നിരുന്ന രാജ ഭരണ പ്രദേശങ്ങൾ ആണ്. രാജപ്രമുഖ് എന്നറിയപ്പെട്ട ഭരണാധികാരിയും, നിയമസഭയും ഉണ്ടായിരുന്നു ഇവയ്ക്കു. രാജപ്രമുഖിനെ നിയമിച്ചിരുന്നു രാഷ്ട്രപതി ആയിരുന്നു. എട്ടു സംസ്ഥാനങ്ങൾ ആണ് പാർട് ബി സംസ്ഥാനങ്ങൾ ആയി കണക്കാക്കിയത്. ഹൈദരാബാദ്, ജമ്മു കാശ്മീർ, മധ്യ ഭാരത്, മൈസൂർ, പട്യാല ആൻഡ് പൂർവ പഞ്ചാബ് യൂണിയൻ, രാജ്യസ്ഥാൻ, സൗരാഷ്ട്ര, തിരുവിതാംകൂർ-കൊച്ചിൻ
പാർട് സി സംസ്ഥാനങ്ങൾ, മുൻപ് ചീഫ് കമ്മീഷണർ ഭരിച്ചിരുന്ന പ്രദേശങ്ങൾ കൂടാതെ മറ്റു ചില നാട്ടുരാജ്യങ്ങൾ. രാഷ്ട്രപതി നിയമിച്ച ചീഫ് കമ്മീഷണർ ആയിരുന്നു ഭരണാധികാരി. പത്തു പാർട് സി സംസ്ഥാനങ്ങൾ ആണ് നിശ്ചയിച്ചത്. അജ്‌മീർ, ഭോപ്പാൽ, ബിലാസ്പുർ, കൂർഗ്, ഡൽഹി, ഹിമാചൽ പ്രദേശ്, കച്, മണിപ്പൂർ, ത്രിപുര, വിന്ധ്യ പ്രദേശ്.
ഒരേയൊരു പാർട് ഡി സംസ്ഥാനം ആന്തമാൻ നിക്കോബാർ ദ്വീപുകൾ. കേന്ദ്ര സർക്കാർ നിയോഗിച്ച ഒരു ലെഫ്റ്റനന്റ് ഗവർണർ ആയിരുന്നു ഭരണാധികാരി.
സ്വാതന്ത്ര്യത്തിനു മുൻപ് തന്നെ ഭാഷ അനുസരിച്ചു സംസ്ഥാനങ്ങളെ വേർതിരിക്കുന്നതിനു വേണ്ടിയുള്ള മുറവിളികൾ തുടങ്ങിയിരുന്നു. 1895ൽ ഒറീസ ആണ് അത്തരത്തിൽ ഉള്ള ആദ്യ സമരം ഉണ്ടാവുന്നത്. കാല ക്രമേണ പ്രക്ഷോഭം ശക്തി പ്രഖ്യാപിക്കുകയും ബിഹാർ-ഒറീസ സംയുക്ത പ്രദേശം വിഭജിക്കാനുള്ള ആവശ്യം ശക്തമായി ഉന്നയിക്കെപ്പെടുകയും ചെയ്തു.[3][4] ഒറീസ ദേശീയ വാദത്തിന്റെ പിതാവായ മധുസൂദന ദാസിന്റെ പരിശ്രമത്തിൽ 1936ൽ ഒറീസ ഭാഷ അടിസ്ഥാനത്തിൽ രൂപം കൊണ്ട (സ്വാതന്ത്ര്യ പൂർവ)ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം ആയി .
സ്വാതന്ത്ര്യത്തിനു ശേഷം ഭാഷാ വാദം ശക്തമായി. മദ്രാസ് സംസ്ഥാനത്തിന്റെ ഉത്തര ഭാഗങ്ങളിൽ ഉള്ള തെലുങ്ക് പ്രദേശങ്ങൾ അവരുടെ സ്വന്തം സംസ്ഥാനത്തിനായി വാദം ഉന്നയിച്ചു. 1953ൽ മദ്രാസ് സംസ്ഥാനത്തിന്റെ 16 തെലുങ്ക് ജില്ലകൾ ചേർത്തു ആന്ധ്ര സംസ്ഥാനം രൂപം കൊടുത്തു
സംസ്ഥാന പുനഃസംഘടന കമ്മീഷൻ മുൻപ് ലിംഗ്വിസ്റ്റിക് പ്രൊവിൻസസ് കമ്മീഷൻ (ധാർ കമ്മീഷൻ), ജെ.വി.പി കമ്മീഷൻ എന്നിവ ഉണ്ടായിരുന്നു. ഡിസംബർ, 1953നു പ്രധാന മന്ത്രി ജവാഹർലാൽ നെഹ്‌റു സംസ്ഥാന പുനഃസംഘടന കമ്മീഷനെ നിയമിച്ചു. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ഫസൽ അലി ആയിരുന്നു കമ്മീഷന്റെ തലവൻ. എച്.എൻ ക്‌നസ്‌റു, കെ.എം പണിക്കർ എന്നിവർ ആയിരുന്നു കമ്മീഷനിലെ മറ്റു അംഗങ്ങൾ. അന്നത്തെ ആഭ്യന്തരമന്ത്രി ഗോവിന്ദ് ബല്ലഭ് പന്ത് കമ്മീഷന് നേതൃത്വം വഹിച്ചു. സെപ്റ്റംബർ 30 1955നു കമ്മീഷൻ റിപ്പോർട് സമർപ്പിച്ചു. പിന്നീട് ബില് നിയമസഭയിൽ അവതരിപ്പിക്കുകയും പാസാക്കുകയും ചെയ്തു.[5]
ആഗസ്ത് 31 1956 നു ബില് പാസ് ആക്കിയെങ്കിലും നവംബർ 1നു നിയമം നിലവിൽ വരുന്നതിനു മുൻപ് പ്രധാനപ്പെട്ട ഒരു ഭേദഗതി നിയമത്തിൽ വരുത്തി. 1950 ലെ ഭരണഘടന പ്രകാരം സംസ്ഥാനങ്ങളെ പാർട് എ, ബി, സി, ഡി എന്നിങ്ങനെ വേർതിരിക്കുന്നത് എടുത്തു കളഞ്ഞു. പകരം "സംസ്ഥാനങ്ങൾ" എന്ന് മാത്രം നാമകരണം ചെയ്തു. കേന്ദ്രഭരണ പ്രദേശം എന്നൊരു പുതിയ വിഭാഗം ഉൾപ്പെടുത്തി.
ബീഹാർ: ചില പ്രദേശങ്ങൾ പശ്ചിമ ബംഗാളിലേക്ക് മാറ്റി[6]
ബോംബെ സംസ്ഥാനം: തെക്കേ അറ്റത്തുള്ള ഭാഗങ്ങളെ മൈസൂർ സംസ്ഥാനത്തു ചേർത്തു. സൗരാഷ്ട്രാ, കച് സംസ്ഥാനങ്ങൾ, നാഗ്പുർ വിഭാഗത്തിലെ മറാത്തി ഭാഷ പ്രദേശങ്ങൾ, ഹൈദരാബാദ് മറാത്താവാദി പ്രദേശങ്ങളെ ബോംബേ സംസ്ഥാനത്തു ചേർത്തു
കേരളം: മദ്രാസ് സംസ്ഥാനത്തെ സൗത്ത് കാനറാ സംസ്ഥാനത്തു നിലനിന്നിരുന്ന കാസർഗോഡ് താലൂക്, മലബാർ സംസ്ഥാനം എന്നിവയെ തിരുവിതാംകൂർ-കൊച്ചിൻ സംസ്ഥാനവുമായി ലയിപ്പിച്ചു കേരളം രൂപപ്പെടുത്തി. തിരുവിതാംകൂർ-കൊച്ചിൻ സംസ്ഥാനത്തെ ദക്ഷിണ ഭാഗങ്ങൾ മദ്രാസ് സംസ്ഥാനത്തിന് കൈമാറി.
മധ്യപ്രദേശ്: മധ്യ ഭാരത്, വിന്ധ്യ പ്രദേശ്, ഭോപ്പാൽ എന്നീ സംസ്ഥാനങ്ങൾ മധ്യപ്രദേശിൽ ലയിപ്പിച്ചു. നാഗ്പുർ വിഭാഗത്തിലെ മറാത്തി പ്രദേശങ്ങൾ ബോംബേക്കു കൈമാറി
മദ്രാസ് സംസ്ഥാനം: മലബാർ സംസ്ഥാനം കേരളത്തിന് കൈമാറി. കണ്ണന്നൂർ, മിനിക്കോയ് അമിൻഡിവി ദ്വീപുകൾ എന്ന പേരിൽ ഒരു കേന്ദ്ര ഭരണ പ്രദേശം രൂപപ്പെടുത്തി. തിരുവിതാങ്കൂർ-കൊച്ചിൻ പ്രദേശത്തിന്റെ ദക്ഷിണ ഭാഗങ്ങളും കന്യാകുമാരി ജില്ലയും ചേർത്തു (1968ൽ തമിഴ്‌നാട് എന്ന് പേര് മാറ്റി)
ഹൈദരാബാദ്: മദ്രാസ്, ബോംബെ, ഹൈദരാബാദ് എന്നീ സംസ്ഥാനങ്ങളുടെ കന്നഡ ഭാഷാ പ്രദേശങ്ങൾ, കൂർഗ് സംസ്ഥാനം എന്നിവ ഉൾപ്പെടുത്തി (1973ൽ കർണാടക എന്ന് പേര് മാറ്റി)