സഞ്ചാരം | |
---|---|
![]() ഡി.വി.ഡി. പുറംചട്ട | |
സംവിധാനം | ലിജി ജെ. പുല്ലാപ്പള്ളി |
നിർമ്മാണം | ജെറി തോമസ് |
രചന | ലിജി ജെ. പുല്ലാപ്പള്ളി |
അഭിനേതാക്കൾ | സുഹാസിനി വി. നായർ ശ്രുതി മേനോൻ കെ.പി.എ.സി. ലളിത വത്സല മേനോൻ ശ്യാം ശീതൾ |
സംഗീതം |
|
ഗാനരചന | അവിയൽ |
ഛായാഗ്രഹണം | എം.ജെ. രാധാകൃഷ്ണൻ |
ചിത്രസംയോജനം | ബി. അജിത്കുമാർ |
വിതരണം | വൂൾഫ് വീഡിയോ |
റിലീസിങ് തീയതി | 2004 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 107 മിനിറ്റ് |
2004-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് സഞ്ചാരം. ലിജി ജെ. പുല്ലാപ്പള്ളി സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പ്രമേയം രണ്ട് പെൺകുട്ടികൾ തമ്മിലുള്ള സ്വവർഗ്ഗപ്രണയമാണ്. ഒറ്റപ്പാലത്താണ് ഇതിന്റെ ചിത്രീകരണം നടന്നത്. കേരളത്തിൽ നടന്ന ഒരു യഥാർഥ സംഭവവും ലിജിയുടെ തന്നെ ഉലി എന്ന് പേരിലുള്ള ഹ്രസ്വചിത്രവും അടിസ്ഥാനമാക്കിയാണ് സഞ്ചാരം നിർമ്മിച്ചിരിക്കുന്നത്.
സ്വവർഗ്ഗപ്രണയമാണ് ഈ ചിത്രത്തിന്റെ പ്രമേയം. ഇത് പ്രമേയമാക്കിയുള്ള ഫയർ പോലുള്ള ചിത്രങ്ങൾ മുമ്പും ഇന്ത്യയിൽ ഉണ്ടായിട്ടുണ്ടെങ്കിലും വിവാഹം പരാജിതമായതിനാലും മറ്റും കഥാപാത്രങ്ങൾ സ്വവർഗ്ഗപ്രണയത്തിലേക്ക് തിരിയുന്നതായാണ് അവയിൽ കാണിച്ചിരുന്നത്. എന്നാൽ ഇത്തരം ബാഹ്യകാരണങ്ങളൊന്നുമില്ലാതെത്തന്നെ സ്വവർഗ്ഗപ്രണയികളാകുന്നവരാണ് സഞ്ചാരത്തിലെ കഥാപാത്രങ്ങൾ.
കിരണും ഡെലിലയും സുഹൃത്തുക്കളാണ്. ഡെലിലയെ പ്രണയിക്കുന്ന രാജനുവേണ്ടി അവൾക്ക് പ്രണയലേഖനങ്ങൾ എഴുതുന്നത് കിരണാണ്. ഡെലിലയോടുള്ള പ്രണയം കുടുംബക്കാരൊന്നുമറിയാതെ പ്രകടിപ്പിക്കാന് കിരണ് ഇത് സഹായകമാകുന്നു. ഒടുവിൽ കത്തുകളെല്ലാം എഴുതുന്നത് കിരണാണെന്ന് മനസ്സിലാക്കുന്ന ഡെലില കിരണിനോട് തനിക്ക് പ്രണയമുണ്ടെന്ന് സമ്മതിക്കുകയും അവർ തമ്മിൽ സ്വവർഗ്ഗാനുരാഗം ആരംഭിക്കുകയും ചെയ്യുന്നു.
ഇത് മനസ്സിലാക്കുന്ന രാജൻ ഡെലിലയുടെ അമ്മയെ കാര്യങ്ങളറിയിക്കുന്നു. കുടുംബം ഡെലിലയെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ തീരുമാനിക്കുകയും അത് അവൾക്ക് അനുസരിക്കേണ്ടി വരികയും ചെയ്യുന്നു.
2004-ലെ ചിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ ചിക്കാഗോ അവാർഡ് ഈ ചിത്രം നേടി.[1] 2004-ലെ കേരളസംസ്ഥാന ചലച്ചിത്ര അവാർഡുകളിൽ മികച്ച സംവിധായികയ്ക്കുള്ള പ്രത്യേക ജൂറി പരാമർശം ലിജി പുല്ലാപ്പള്ളിക്കും മികച്ച പശ്ചാത്തലസംഗീതത്തിനുള്ള അവാർഡ് ഐസക് തോമസിനും ഈ ചിത്രത്തിന്റെ പേരിൽ ലഭിച്ചു.[2]