മുസ്ലിം ആധ്യാത്മിക മത പണ്ഡിത നഫീസ ബിൻത് അലി ഹസ്സൻ | |
---|---|
പൂർണ്ണ നാമം | സയ്യിദ അത്താഹിറ |
ജനനം | 762 ACE, 145 AH മക്ക, ഹിജാസ് |
മരണം | 824 ACE, 208 AH കൈറോ |
Region | ഈജിപ്ത് , ആഫ്രിക്ക |
Occupation | ഇസ്‌ലാമിക മതപണ്ഡിത |
Denomination | അഹ്‌ലു സുന്ന |
പ്രധാന താല്പര്യങ്ങൾ | സൂഫിസം, ഹദീസ് |
സ്വാധീനിച്ചവർ | |
സ്വാധീനിക്കപ്പെട്ടവർ |
ക്രിസ്താബ്ദം എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പണ്ഡിതയും പ്രബോധകയുമായിരുന്നു നഫീസത്തുൽ മിസ്രിയ്യ. ഇസ്ലാമിക ആധ്യാത്മിക വനിതാ ജ്ഞാനികളിൽ പ്രമുഖയാണ് ബീവി നഫീസ. നഫീസത്ത് ബിന്ത് അൽ ഹസ്സൻ (Arabic: الـسـيـدة نـفـيـسـة بـنـت الـحـسـن) എന്നതാകുന്നു അവരുടെ പേര്. സയ്യിദ നഫീസ (ആദരണീയയായ നഫീസ), നഫീസ താഹിറ (പരിശുദ്ധ നഫീസ), നഫീസത്തുൽ മിസ്രിയ്യ (മിസ്ർ (ഈജ്പ്ത്) ദേശക്കാരി നഫീസ എന്നെല്ലാം അറിയപ്പെടുന്നു.
ചന്ദ്ര വർഷം 145 ൽ പ്രവാചക കുടുംബത്തിൽ പണ്ഡിതനും ആത്മീയ ജ്ഞാനിയുമായ സയ്യിദ് ഹസ്സനുൽ അൻവറിന്റെ മകളായി മക്കയിൽ ജനനം. മുഹമ്മദ് നബി സ്വയുടെ പൗത്രൻ ഹസ്സന്റെ റ ചെറുമകനായിരുന്നു നഫീസയുടെ പിതാവ്.
പിതാവിൽ നിന്നും ഖുർആനും ഹദീസും കർമ്മശാസ്ത്രവും വിശ്വാസശാസ്ത്രവും ആധ്യാത്മികതയുമൊക്കെ കരസ്ഥമാക്കി. ഖുർആൻ മുഴുവനായും ആയിരക്കണക്കിന് ഹദീസുകളും ഹൃദ്യസ്തമാക്കിയിരുന്നു. അമൂല്യ ജ്ഞാനം കരസ്ഥമാക്കുകയും സ്ത്രീകളുൾപ്പെടെയുള്ളവർക്കു അത് പകർന്നു കൊടുക്കുകയും ചെയ്തു.[1]
സൂഫിയും പണ്ഡിതനുമായിരുന്ന ഇസ്ഹാക്കുൽ മുഅതമിൻ റ ആയിരുന്നു ഇവരുടെ ജീവിത പങ്കാളി. മക്കൾ ഖാസിമും ഉമ്മുകുല്സും. നാൽപതു വയസ്സിന് ശേഷം മിസ്രിലേക്കു താമസം മാറ്റി. വിവാഹ ശേഷം ഭർത്താവൊപ്പം ഈജിപ്റ്റിൽ സ്ഥിര താമസമാക്കിയതിനാൽ നഫീസത്തുൽ മിസ്രിയ്യ അഥവാ ഈജിപ്റ്റ് വാസിയായ നഫീസ എന്ന നാമത്താൽ പ്രശസ്തയായി.
നഫീസയിൽ നിന്നും പഠിക്കാൻ ദൂര ദേശങ്ങളിൽ നിന്നും ആളുകൾ എത്തിയിരുന്നു. വിജ്ഞാനത്തിനും പ്രാർത്ഥനയ്ക്കുമായി ആയിരങ്ങൾ സന്ദർശിക്കുമായിരുന്നു . ദുന്നൂറുൽ മിസ്‌രി, ഇമാം ഷാഫി അടക്കം ഒട്ടേറെ സതീർഥ്യരായ ശിഷ്യ ഗണങ്ങൾ ബീവി നഫീസയ്ക്കുണ്ട്. നഫീസയുടെ സാമ്പത്തിക സഹായത്താലായിരുന്നത്രേ ശാഫി ഇമാം പഠനം നടത്തിയിരുന്നത്.[2]
നഫീസയിൽ നിന്നും ആശീർവാദങ്ങളും പ്രാർത്ഥനകളും നേടാൻ വൻ ജനതിരക്കായിരുന്നു എപ്പോഴും. തനിക്ക് ദൈവ സമരണയിൽ കഴിയാൻ സമയം ലഭിക്കുന്നില്ല എന്നതിനാൽ ഈജിപ്ത് വിട്ടുപോകാൻ അവർ ശ്രമിച്ചു. എന്നാൽ ഭരണാധികാരികളുടേയും ജനങ്ങളുടേയും അപേക്ഷ മാനിക്കാൻ നിർബന്ധിതയായി മരണം വരെ കയറോയിൽ കഴിയുകയായിരുന്നു.
അറുപത് വയസ്സ് കഴിഞ്ഞതിനു ശേഷം വീടിനുള്ളിൽ തന്നെ സ്വയം ഒരു ഖബർ കുഴിക്കുകയും രാത്രിയിലെ ആരാധനയും നിസ്കാരവുമെല്ലാം അതിലേക് മാറ്റുകയും ചെയ്തു. ഹിജ്റ 208 റംസാനിൽ മരണപ്പെട്ടു 63 വയസ്സായിരുന്നു പ്രായം. സ്വയം നിർമ്മിച്ച ഖബറിൽ തന്നെയാണ് മറമാടിയത്. സൂഫി വനിതകളിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്ന ബീവി നഫീസയുടെ സ്മൃതി മണ്ഡപം ഈജിപ്തിലെ പ്രധാന സന്ദർശക കേന്ദ്രമാണ്.
നഫീസയെക്കുറിച്ച് ധാരാളം ഭിവ്യാൽഭുത കഥകൾ ഉണ്ട്. അന്ധത സുഖപ്പെടുത്തിയതും, കപ്പൽ മുങ്ങാതെ രക്ഷിച്ചതും , തടവുകാരെ രക്ഷപ്പെടുത്തിയതും ദാരിദ്ര്യം മാറ്റിയതുമെല്ലാം ഈ അൽഭുത പ്രവർത്തികളിൽപ്പെടുന്നു.
മുസ്ലിം യാഥാസ്ഥിതിക മത വിശ്വാസികൾ ഇവരെ പുണ്യവതിയായി കരുതുകയും അപദാനങ്ങൾ വാഴ്ത്തിപ്പാടുകയും ചെയ്യാറുണ്ട്. നഫീസത്ത് മാല ഇത്തരത്തിൽ കേരളത്തിൽ പ്രചാരത്തിലുള്ള ഇവരുടെ ഒരു വാഴ്ത്തു പാട്ടാണ്.