സാമന്ത നട്ട് | |
---|---|
ജനനം | ഒക്ടോബർ 1969 (വയസ്സ് 55–56) |
ദേശീയത | കനേഡിയൻ |
കലാലയം | |
അറിയപ്പെടുന്നത് | രചയിതാവ്, ഫിസിഷ്യൻ, വാർ ചൈൽഡ് കാനഡ / വാർ ചൈൽഡ് യു.എസ്.എ. സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറും |
ജീവിതപങ്കാളി | എറിക് ഹോസ്കിൻസ് |
കുട്ടികൾ | Rhys |
സാമന്ത നട്ട് CM OOnt (ജനനം: ഒക്ടോബർ 1969) വാർ ചൈൽഡ് കാനഡ എന്ന ചാരിറ്റിയുടെ സ്ഥാപകയും പ്രസിഡന്റുമായ കനേഡിയൻ ഫിസിഷ്യനും മനുഷ്യസ്‌നേഹിയുമാണ്. പതിനാറ് വർഷത്തിലേറെയായി യുദ്ധമേഖലകളിൽ പ്രവർത്തിച്ച പരിചയം അവർക്കുണ്ട്. അവളുടെ 2011-ലെ പുസ്തകമായ ഡാംഡ് നേഷൻസ്: ഗ്രീഡ്, ഗൺസ്, ആർമീസ് ആൻഡ് എയ്ഡ്, ലോകത്തിലെ ഏറ്റവും വിനാശകരമായ ചില പ്രദേശങ്ങളിൽ പതിനഞ്ച് വർഷക്കാലം അവർ നടത്തിയ പ്രവർത്തനങ്ങളെ കുറിച്ച് വിശദീകരിക്കുന്നു. തന്റെ കരിയറിലുടനീളം, യുദ്ധമേഖലയിലെ കഷ്ടനഷ്ട ബാധിതരായ സ്ത്രീകൾക്കും കുട്ടികൾക്കും സഹായം നൽകുന്നതിലാണ് നട്ട് ശ്രദ്ധ കേന്ദ്രീകരിച്ചത്. വാർ ചൈൽഡ് കാനഡ/വാർ ചൈൽഡ് യുഎസ്എ എന്ന ചാരിറ്റി സംഘടനയുടെ സ്ഥാപകയും പ്രസിഡന്റുമായ അവർ ഐക്യരാഷ്ട്രസഭയിലും അതുപോലെ സർക്കാരിതര സംഘടനകളോടൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. ഇറാഖ്, അഫ്ഗാനിസ്ഥാൻ, ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ, ലൈബീരിയ, സിയറ ലിയോൺ, സൊമാലിയ, ഡാർഫൂർ, സൗത്ത് സുഡാൻ, ബുറുണ്ടി, വടക്കൻ ഉഗാണ്ട, എത്യോപ്യ, തായ്-ബർമീസ് അതിർത്തി തുടങ്ങി നിരവധി യുദ്ധ മേഖലകളിലെ പ്രതിസന്ധികളിൽ നട്ട് കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ഒപ്പം മുൻനിരയിൽനിന്ന് പ്രവർത്തിച്ചിട്ടുണ്ട്.[1]
ടൊറണ്ടോയിലെ വിമൻസ് കോളേജ് ഹോസ്പിറ്റലിലെ സ്റ്റാഫംഗവും ടൊറന്റോ യൂണിവേഴ്സിറ്റിയിൽ ഫാമിലി ആൻഡ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗത്തിൽ അസിസ്റ്റന്റ് പ്രൊഫസറുമാണ് നട്ട്. ഡേവിഡ് സുസുക്കി ഫൗണ്ടേഷന്റെ ബോർഡംഗവും കൂടിയാണ് അവർ. ഒണ്ടാറിയോയുടെ മുൻ ആരോഗ്യ-ദീർഘകാല പരിചരണ മന്ത്രിയായിരുന്ന എറിക് ഹോസ്കിൻസിനെയാണ് അവർ വിവാഹം കഴിച്ചത്.[2]
1969 ഒക്ടോബറിൽ ടൊറണ്ടോയിൽ ജനിച്ച നട്ട്, ഒരു വയസ്സ് മുതൽ ആറ് വയസ്സ് വരെയുള്ള കാലത്ത് ദക്ഷിണാഫ്രിക്കയിലെ ഡർബൻ പട്ടണത്തിന് സമീപം താമസിക്കുകയും പിന്നീട് കുടുംബത്തോടൊപ്പം ജന്മനാട്ടിലേയ്ക്ക് മടങ്ങിയെത്തുകയും ചെയ്തു.
പിതാവ് കുട്ടികളുടെ പാദുകങ്ങൾ രൂപ കൽപ്പന ചെയ്തിരുന്നയാളായിരുന്നതിനാൽ അവളുടെ കൗമാരത്തിന്റെ തുടക്കത്തിൽ പിതാവ് കുടുംബത്തെ ആറ് മാസത്തേക്ക് ബ്രസീലിലേക്ക് കൊണ്ടുപോയി.[3] മക്മാസ്റ്റർ യൂണിവേഴ്സിറ്റിയുടെ ആർട്സ് & സയൻസ് പ്രോഗ്രാമിൽ നിന്ന് നട്ട് ബിരുദം നേടി. അതേ സർവകലാശാലയിൽ നിന്നുതന്നെ ഡോക്ടർ ഓഫ് മെഡിസിൻ ബിരുദവും അവർ നേടി. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീൻ ആൻഡ് ട്രോപ്പിക്കൽ മെഡിസിനിൽ നിന്ന് എം.എസ്.സി. ബിരുദം നേടിയ അവർ കാനഡയിലെ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിൽ നിന്ന് കമ്മ്യൂണിറ്റി മെഡിസിനിൽ (FRCPC) ഫെലോഷിപ്പും നേടിയിട്ടുണ്ട്. കോളേജ് ഓഫ് ഫാമിലി പ്രാക്ടീസിൻറെ (CCFP) സാക്ഷ്യപത്രമുള്ള അവർ കൂടാതെ ടൊറന്റോ സർവകലാശാലയിലൂടെ വനിതാ ആരോഗ്യ വിദഗ്ധയായി സ്ത്രീകളുടെ ആരോഗ്യത്തിൽ ഉപ വൈദഗ്ധ്യവും പൂർത്തിയാക്കി. പ്രാക്ടീസ് ചെയ്യുന്ന ഒരു ഫാമിലി ഫിസിഷ്യൻ എന്ന നിലയിൽ അവൾ റോയൽ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസിലെ ഫെല്ലോയും കൂടാതെ കോളേജ് ഓഫ് ഫാമിലി മെഡിസിൻ സാക്ഷ്യപ്പെടുത്തിയിട്ടുള്ള ഫിസിഷ്യനുമാണ്.