1958-ൽ ഇന്ത്യൻ പാർലമെന്റ് നടപ്പിലാക്കിയ നിയമമാണ് സായുധസേനാ പ്രത്യേകാധികാര നിയമം അഥവാ അഫ്സ്പ (ആംഗലേയം- Armed Forces Special Powers Act)[1] (AFSPA). ഈ നിയമം "പ്രക്ഷുബ്ധമായ പ്രദേശങ്ങളിൽ" പൊതു ക്രമസമാധാനം നിലനിർത്തുന്നതിന് ഇന്ത്യൻ സായുധ സേനയ്ക്ക് (പട്ടാളത്തിന്) പ്രത്യേക അധികാരം നൽകുന്നു. ഇത് നടപ്പാക്കുന്ന സ്ഥലങ്ങളിൽ സൈന്യത്തിന് അമിതാധികാരത്തിന് വ്യവസ്ഥ ചെയ്യുന്നു. ഈ നിയമ പ്രകാരം അരുണാചൽ പ്രദേശ്, അസം, മണിപ്പൂർ, മേഘാലയ, മിസോറം, നാഗാലാൻഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളിലെ അസ്വസ്ഥ ബാധിത പ്രദേശങ്ങിലാണ് പ്രശ്‌നങ്ങൾ നേരിടുന്നതിന് സൈന്യത്തിന് പ്രത്യേകാധികാരം വ്യവസ്ഥ ചെയ്യുന്നത്. 1990 ജൂലൈയിൽ The Armed Forces (Jammu and Kashmir) Special Powers Act എന്ന പേരിൽ ജമ്മുകശ്മീരിലേക്കും ഈ നിയമം വ്യാപിപ്പിച്ചു[2].
നിയമം ലംഘിക്കുന്നവർക്കോ അഞ്ചിൽ കൂടുതൽ പേർ സംഘം ചേർന്നാലോ ആയുധങ്ങൾ കൈവശം വെച്ചാലോ ബലപ്രയോഗത്തിനും വെടിവെക്കുന്നതിനും സായുധസേനയ്ക്ക് നിയമം അധികാരം നൽകുന്നു. ഇത്തരം നടപടികളിൽ കരസേനാ ഓഫീസർമാർക്ക് നിയമപരിരക്ഷയും വ്യവസ്ഥ ചെയ്തിട്ടുണ്ട്.
അഫ്സ്പ നിയമപ്രകാരം സൈന്യത്തിന് ആരെ എപ്പോൾ വേണമെങ്കിലും അറസ്റ്റു ചെയ്യാനും കേസ് എടുക്കാതെ തടവിൽ വെക്കാനും അധികാരമുണ്ട്.സർക്കാറിനെതിരായി കൂട്ടം കൂടുകയോ, നിയമം കൈയ്യിലെടുക്കുന്നതായി തോന്നുകയോ ചെയ്യുന്ന സമയങ്ങളിൽ സൈന്യത്തിന് ഇടപെടാവുന്നതാണ്. ഏത് വീട്ടിലും എപ്പോൾ വേണമെങ്കിലും പ്രത്യേകിച്ച് കാരണമൊന്നും കൂടാതെ തിരച്ചിൽ നടത്താവുന്നതാണ്. ഈ നിയമം പ്രദേശവാസികളുടെ ജീവനും സ്വത്തിനുമുള്ള സുരക്ഷിതത്വം ഇല്ലാതാക്കിയെന്ന് മാത്രമല്ല, ഭരണകൂടത്തിനെതിരെയുള്ള പ്രവർത്തനങ്ങൾക്ക് പ്രേരിപ്പിക്കകയും ചെയ്തു. മണിപ്പൂരിൽ ഇത്തരം പ്രതിഷേധങ്ങൾക്ക് നേതൃത്വം കൊടുത്തത് ഇറോം ചാനു ശർമ്മിളയാണ്. പത്തു വർഷമായി അവർ നടത്തുന്ന നിരാഹാര സത്യാഗ്രഹം മണിപ്പൂരിന്റെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്..2020 മാർച്ച് 31 ന് കേന്ദ്രസർക്കാർ അഫ്‌സ്പായുടെ മേഖലകളിൽ ഇളവ് പ്രഖ്യാപിച്ചു.അസമിലെ 23 ജില്ലകളെയും മണിപ്പുരിലെ ആറു ജില്ലകളിലെ 15 പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളെയും നാഗാലൻഡിലെ ഏഴു ജില്ലകളിലെ 15 പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള പ്രദേശങ്ങളെയും അഫ്സ്പയുടെ പരിധിയിൽ നിന്ന് നീക്കി.
2016 ജൂലൈ 8-ന്, സുപ്രധാനമായ ഒരു വിധിയിൽ, AFSPA പ്രകാരമുള്ള നിയമനടപടിയിൽ നിന്ന് സായുധ സേനയുടെ (പട്ടാളത്തിന്റെ) നിയമപരിരക്ഷ അവസാനിപ്പിച്ചുകൊണ്ട് ഇന്ത്യയുടെ സുപ്രീം കോടതി 85 പേജുള്ള വിധിന്യായത്തിൽ ഇങ്ങനെ പറഞ്ഞു, "ഇര സാധാരണക്കാരനാണോ തീവ്രവാദിയാണോ കലാപകാരിയാണോ എന്നത് പ്രശ്നമല്ല, അക്രമി സാധാരണക്കാരനാണോ ഭരണകൂടമാണോ എന്നത് പ്രശ്നമല്ല. നിയമം രണ്ടുപേർക്കും തുല്യമാണ്, രണ്ടുപേർക്കും ഒരുപോലെ ബാധകമാണ് ... ഇത് ഒരു ജനാധിപത്യത്തിന്റെ ആവശ്യകതയും നിയമവാഴ്ചയും വ്യക്തിസ്വാതന്ത്ര്യവും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുമാണ്."
(AFSPA) ഇപ്പോൾ 4 വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ 31 ജില്ലകളിൽ മുഴുവനായും 12 ജില്ലകളിൽ ഭാഗിഗമായും മാത്രമേ ബാധകമാകൂ.
ഈ നിയമം ജമ്മു കാശ്മീർ സംസ്ഥാനം മുഴുവൻ ബാധകമാണ്.