കർണ്ണാടക സംഗീതം |
---|
ആശയങ്ങൾ |
രചനകൾ |
വദ്യോപകരണങ്ങൾ |
|
സാവേരി | |
---|---|
ജനകരാഗം | മായാമാളവഗൗള |
കർണാടകസംഗീതത്തിലെ 15ആം മേളകർത്താരാഗമായ മായാമാളവഗൗളയുടെ ജന്യരാഗമാണ് സാവേരി. അനുകമ്പയാണ് ഈ രാഗത്തിന്റെ സ്വഭാവം[1][2]. ഒരു ദിവസത്തിന്റെ ആദ്യയാമത്തിൽ ആലപിക്കേണ്ട രാഗങ്ങളിൽ ഒന്നാണിത്. ബിലഹരി, ദേവമനോഹരി എന്നിവയാണ് ഇങ്ങനെ ഒരു ദിവസത്തിന്റെ ആദ്യയാമത്തിൽ ആലപിക്കേണ്ട മറ്റു രാഗങ്ങൾ[3].
ജനക രാഗമായ മായാമാളവഗൗളയോട് സാമ്യം ഉണ്ടെങ്കിലും ആരോഹണത്തിൽ ഗാന്ധാരം നിഷാദം എന്നിവ വർജ്യം. ഔഡവ സമ്പൂർണ്ണ രാഗം. അതായത്, ആരോഹണത്തിൽ 5 സ്വരങ്ങളും അവരോഹണത്തിൽ 7 സ്വരങ്ങളും വരുന്നു. കരുണരസ പ്രധാനമായ ഈ രാഗം പ്രഭാത സമയത്ത് പാടിയാൽ കൂടുതൽ ശോഭിക്കും. വിശദമായ രാഗലാപനതിനു ഇടം നൽകുന്നതിനാൽ കച്ചേരികളിൽ പ്രധാനമായും പാടുന്നു[4].
ഷഡ്ജം, ശുദ്ധഋഷഭം, അന്തരഗാന്ധാരം, ശുദ്ധമധ്യമം, പഞ്ചമം, ശുദ്ധധൈവതം, കാകളി നിഷാദം എന്നിവയാണ് സ്വരസ്ഥാനങ്ങൾ. ധ മ ധ സ , നി ധ മ ഗ രി , എന്നീ പഞ്ചമ വർജ്യ പ്രയോഗങ്ങൾ ഈ രാഗത്തിന്റെ ഭംഗി വർധിപ്പിക്കുന്നു. പല്ലവി ശേഷയ്യർ ഈ രാഗം എട്ടു മണിക്കൂർ ആലപിച്ചതായി പറയപ്പെടുന്നു[4]. ഋഷഭം, മധ്യമം, ധൈവതം എന്നിവ ജീവ സ്വരങ്ങളും , മധ്യമം, പഞ്ചമം, ധൈവതം എന്നിവ ന്യാസസ്വരങ്ങളും ഷഡ്ജം, പഞ്ചമം, ധൈവതം എന്നിവ ഗ്രഹസ്വരങ്ങളുമാണ്. നിഷാദം ദീർഘമായി പാടാറില്ല. ഋഷഭം ഷഡ്ജത്തിലും ധൈവതം പഞ്ചമത്തിലും തൊട്ട് ചെറിയ ഗമകത്തോടെ പാടുന്നു[4].
കർണ്ണാടക സംഗീതത്തിലെ അതിശ്രേഷ്ഠമായ കൃതികളിൽ ഒന്നായ രാമായണം മുഴുവൻ ചുരുക്കി ഒരു കൃതിയിലാക്കി സാവേരി രാഗത്തിൽ രൂപക താളത്തിൽ സ്വാതി തിരുനാൾ ചിട്ടപെടുത്തിയ ഭാവയാമി രഘുരാമം ഏകദേശം 100 ഓളം വർഷങ്ങൾക്കു ശേഷം പ്രശസ്ത സംഗീതഞ്ജൻ ശെമ്മാങ്കുടി ശ്രീനിവാസ അയ്യർ ഈ കൃതിയെ ഒരു രാഗമാലിക ആയി മാറ്റി ചിട്ടപ്പെടുത്തി. ആറ് ഖണ്ഡികകളുള്ള ഈ കൃതി രാമായണത്തിലെ ആറ് കാണ്ഡങ്ങളെ പ്രതിനിധാനം ചെയ്യുന്നു. അതായത് ബാല, അയോധ്യ, ആരണ്യ, കിഷ്കിണ്ട, സുന്ദര, യുദ്ധ എന്നീ കാണ്ഡങ്ങൾ സാവേരി, നാട്ടക്കുറിഞ്ഞി, ധന്യാസി, മോഹനം, മുഖാരി, പൂർവികല്യാണി, മധ്യമാവതി എന്നീ രാഗങ്ങളിലാക്കി മാറ്റി ചിട്ടപ്പെടുതിയിരിക്കുന്നു. ഈ കൃതിക്കുള്ള മറ്റൊരു പ്രത്യേകത എന്തെന്നാൽ ഓരോ ഖണ്ഡിക കഴിയുമ്പോഴും ഓരോ രാഗവും സാവേരി രാഗത്തിലേക്ക് തിരിച്ച് സ്വരങ്ങൾ കൊണ്ട് ഗ്രഹഭേദം ചെയ്ത് പോകുന്നുണ്ട്. ഒടുവിൽ മധ്യമാവതിയിൽ നിന്ന് സാവേരിയിലേക്ക് ഈ ആറ് രാഗങ്ങളിലെ സ്വരങ്ങളിലൂടെയുള്ള തിരിച്ച് പോക്ക് ഗംഭീരമാണ്[4].
ത്യാഗരാജഭാഗവതരുടെ ഇന്തകന്ന ദാൽ പരാദ – ത്രിപുട – ദിവ്യനാമകീർത്തനം, കൊത്തവാസൽ വെങ്കടരാമയ്യരുടെ സരസൂഡ – ആദിതാളവർണ്ണം, ശ്യാമശാസ്ത്രികളുടെ ദുരുസുഗാ കൃപജൂമി – ആദി, മുത്തുസ്വാമി ദീക്ഷിതരുടെ ശ്രീ രാജഗോപാല – ആദി, പട്ടണം സുബ്രമണ്യ അയ്യരുടെ എന്ത നേർചിന – ആദി, മൈസൂർ സദാശിവ റാവുവിൻറെ ശ്രീ കാമ കോടി പീടസ്ഥിതെ – ആദി, സ്വാതി തിരുനാളിൻറെ ദേവി പാവനെ – ആദി – നവരാത്രി കീർത്തനം, ഇരയിമ്മൻ തമ്പിയുടെ പാഹിമാം ത്രിലോകേശ്വരി – ചാപ്പ്, ജനക സുതാ – രൂപകം – ഗീതം, തുളസീഗജജ്ജനനി – രൂപകം, ശങ്കരി ശങ്കരു ചന്ദ്രമുഖി – രൂപകം എന്നിവ ഈ രാഗത്തിലെ പ്രധാന കൃതികൾ ആണ്[4].
സാവേരി രാഗത്തിലുള്ള സ്വാതി തിരുനാളിൻറെ മറ്റ് കീർത്തനങ്ങൾ 'പാഹിമാം ശ്രീപദ്മനാഭ', 'ഹേമോപ മേയാംഗി', 'ഭാസുരാംഗി ബാലെ', 'ആഞ്ജനേയ', 'പരിപാഹി ഗണാധിപ', 'സാരസരസ മൃദുവചന', 'സാവേരിഹതനൂജ', 'വനജാക്ഷ' തുടങ്ങിയവയാണ്[5].
പ്രശസ്തമായ രാഗം ആണെങ്കിലും സാവേരിയിൽ അധികം ഗാനങ്ങൾ കേൾക്കുന്നില്ല. കെ.പി. ഉദയഭാനു സംഗീതം നൽകി യേശുദാസ് ആലപിച്ച ‘ശബരി ഗിരീശ്വര സൗഭാഗ്യ ദായക’ എന്ന അയ്യപ്പഭക്തി ഗാനം ഈ രാഗത്തിലുള്ളതാണ്[4]. .