ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ഒരു പുരോഹിതനും ക്രിസ്തുമതപ്രചാരകനും മതാധ്യാപകനും ഇന്ത്യയിലെ ഒരു സാമൂഹ്യപരിഷ്കർത്താവുമായിരുന്നു സി.എഫ്. ആൻഡ്രൂസ് എന്ന ചാൾസ് ഫ്രീർ ആൻഡ്രൂസ് (1871 ഫെബ്രുവരി 12 – 1940 ഏപ്രിൽ 5). മഹാത്മാഗാന്ധിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളിൽ ഒരാളായിരുന്ന ഇദ്ദേഹം ഇന്ത്യൻ സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിനു പിന്തുണ നൽകിയിരുന്നു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരുടെ അവകാശങ്ങൾക്കു വേണ്ടി പ്രവർത്തിച്ചിരുന്ന ഗാന്ധിജിയെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നതിൽ ആൻഡ്രൂസ് വഹിച്ച പങ്ക് വളരെ പ്രധാനപ്പെട്ടതാണ്. ആൻഡ്രൂസിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളായ C.F.A. എന്നതിനു 'ക്രിസ്തുവിന്റെ വിശ്വസ്തനായ അപ്പോസ്തലൻ' (Christ's Faithful Apostle) എന്ന വിശേഷണമാണ് ഗാന്ധിജി നൽകിയിരുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ ആൻഡ്രൂസ് നൽകിയ സംഭാവനൾ പരിഗണിച്ച് ഡെൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിലെ വിദ്യാർത്ഥികളും ഗാന്ധിജിയും അദ്ദേഹത്തെ 'ദീനബന്ധു' (പാവപ്പെട്ടവന്റെ സുഹൃത്ത്) എന്ന് അഭിസംബോധന ചെയ്തിരുന്നു.
1871 ഫെബ്രുവരി 12-ന് ബ്രിട്ടനിലെ ന്യൂകാസിൽ അപ്പോൺ ടൈനിലുള്ള 14 ബ്രൂമൽ ടെറസിലാണ് സി.എഫ്. ആൻഡ്രൂസിന്റെ ജനനം. അദ്ദേഹത്തിന്റെ പിതാവ് ബിർമിങ്ഹാമിലെ കത്തോലിക്ക് അപ്പോസ്തലിക് ചർച്ചിലെ ഒരു പുരോഹിതനായിരുന്നു. സാമ്പത്തികമായി ഏറെ പിന്നിൽ നിന്നിരുന്ന കുടുംബത്തിലാണ് ആൻഡ്രൂസ് വളർന്നത്. ബിർമിംഹാമിലെ കിംഗ് എഡ്വേർഡ് സ്കൂളിലും കേംബ്രിഡ്ജ് സർവകലാശാലയ്ക്കു കീഴിൽ പെംബ്രോക്ക് കോളേജിലും പഠനം പൂർത്തിയാക്കിയ ആൻഡ്രൂസ് പിന്നീട് ചർച്ച് ഓഫ് ഇംഗ്ലണ്ടിൽ വൈദിക പഠനത്തിനും ചേർന്നിരുന്നു.[1] 1896-ൽ ഒരു ശെമ്മാശൻ ആയിത്തീർന്ന അദ്ദേഹം സൗത്ത് ലണ്ടനിലെ പെംബ്രോക്ക് കോളേജ് മിഷന്റെ ചുമതല ഏറ്റെടുത്തു. ഒരു വർഷം കഴിഞ്ഞപ്പോൾ പുരോഹിതനായി. കേംബ്രിജിലെ വെസ്റ്റ് കോട്ട് ഹൗസ് തിയോളജിക്കൽ കോളേജിന്റെ വൈസ് പ്രിൻസിപ്പിളായും പ്രവർത്തിച്ചു.
ചർച്ച് ഓഫ് ഇംഗ്ലണ്ടിലെ ക്രിസ്ത്യൻ സോഷ്യൽ യൂണിയനിൽ പ്രവർത്തിക്കുന്ന കാലത്ത് സുവിശേഷങ്ങളിലും ബ്രിട്ടീഷ് സാമ്രാജ്യത്തിനുള്ളിലെ നീതിക്കു വേണ്ടിയുള്ള പോരാട്ടങ്ങളിലും സി.എഫ്. ആൻഡ്രൂസിനു താൽപ്പര്യം തോന്നിത്തുടങ്ങിയിരുന്നു. 1904-ൽ ഡെൽഹിയിലേക്കുള്ള കേംബ്രിജ് മിഷനിൽ ചേർന്ന അദ്ദേഹം ഡെൽഹിയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ തത്ത്വചിന്ത പഠിപ്പിക്കുവാൻ ആരംഭിച്ചു. ഇന്ത്യാക്കാരോടുള്ള ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ വിവേചനപരമായ നടപടികളെ വിമർശിച്ചുകൊണ്ട് 1906-ൽ സിവിൽ ആൻഡ് മിലിട്ടറി ഗസറ്റിൽ അദ്ദേഹം ഒരു ലേഖനം പ്രസിദ്ധീകരിച്ചു. വൈകാതെ തന്നെ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ അദ്ദേഹം പങ്കാളിയായി. 1913-ൽ മദ്രാസിലെ പരുത്തി തൊഴിലാളികളുടെ സമരത്തിനു പരിഹാരം നിർദ്ദേശിച്ചത് ആൻഡ്രൂസായിരുന്നു.
സി.എഫ്. ആൻഡ്രൂസിന്റെ ധിഷണാശക്തിയും സത്യസന്ധതയും മനസ്സിലാക്കിയ ഗോപാല കൃഷ്ണ ഗോഖലെ അദ്ദേഹത്തോട് ദക്ഷിണാഫ്രിക്കയിലേക്കു പോകുവാൻ നിർബന്ധിച്ചു. ദക്ഷിണാഫ്രിക്കയിലെ ഇന്ത്യാക്കാരും ഗവൺമെന്റും തമ്മിലുള്ള പ്രശ്നങ്ങൾക്കു പരിഹാരം കാണുക എന്നതായിരുന്നു യാത്രയുടെ ഉദ്ദേശ്യം. ദക്ഷിണാഫ്രിക്കയിൽ എത്തിച്ചേർന്ന ആൻഡ്രൂസ് അവിടെയുള്ള ഇന്ത്യാക്കാരുടെ അവകാശങ്ങൾക്കായി പോരാടിക്കൊണ്ടിരുന്ന ഗാന്ധിജിയെ പരിചയപ്പെട്ടു. ഗാന്ധിജിയുടെ ക്രിസ്ത്യൻ കാഴ്ചപ്പാടുകളിലും അഹിംസാ സിദ്ധാന്തത്തിലും ആൻഡ്രൂസിനു താൽപ്പര്യമുണ്ടായി. നേറ്റാളിൽ ഒരു ആശ്രമം തുടങ്ങുന്നതിനും ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിന്റെ പ്രസിദ്ധീകരണത്തിനും ഗാന്ധിജിയെ സഹായിച്ചത് ആൻഡ്രൂസായിരുന്നു. പല ഇന്ത്യൻ നേതാക്കളുടെയും ഉപദേശമനുസരിച്ച് 1914-ൽ ഗാന്ധിജിയൊടൊപ്പം ആൻഡ്രൂസും ഇന്ത്യയിലേക്കു തിരിച്ചെത്തി. 1918-ൽ ഒന്നാം ലോകമഹായുദ്ധത്തിലേക്ക് സൈനികരെ അയയ്ക്കുവാനുള്ള ഗാന്ധിജിയുടെ ശ്രമങ്ങളോടു യോജിക്കുവാൻ ആൻഡ്രൂസിനു കഴിഞ്ഞില്ല.[2] 1925-ലും 1927-ലും ആൾ ഇന്ത്യാ ട്രേഡ് യൂണിയന്റെ പ്രസിഡന്റായി ആൻഡ്രൂസിനെ തിരഞ്ഞെടുത്തു.
ആൻഡ്രൂസ് ശാന്തിനികേതനിൽ കഴിയുന്ന കാലത്ത് കവിയും തത്ത്വചിന്തകനുമായ രബീന്ദ്ര നാഥ് ടാഗോറിനെ പരിചയപ്പെട്ടു. ടാഗോറിനൊപ്പം കേരളത്തിലെത്തിയ അദ്ദേഹം സാമൂഹ്യപരിഷ്കർത്താവായിരുന്ന ശ്രീ നാരായണഗുരുവുമായി കൂടിക്കാഴ്ച നടത്തി.
പിന്നോക്ക വിഭാഗക്കാരുടെ അവകാശങ്ങൾക്കു വേണ്ടിയുള്ള വൈക്കം സത്യാഗ്രഹത്തിൽ ആൻഡ്രൂസ് പങ്കെടുത്തു. ദളിതരുടെ ആവശ്യങ്ങൾക്കായുള്ള പ്രവർത്തനങ്ങളിൽ ബി.ആർ. അംബേദ്കറെ സഹായിച്ചിട്ടുമുണ്ട്. രണ്ടാം വട്ടമേശ സമ്മേളനത്തിൽ പങ്കെടുക്കുന്നതിനായി ലണ്ടനിലെത്തിയ ഗാന്ധിജിയുടെ സഹായിയായി ആൻഡ്രൂസും ഉണ്ടായിരുന്നു.[3]
ഫിജിയിലെ ഇന്തൻ കൂലിത്തൊഴിലാളികൾക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനായി 1915 സെപ്റ്റംബറിൽ സി.എഫ്. ആൻഡ്രൂസിനെയും ഡബ്ല്യൂ.ഡബ്ല്യൂ. പിയേഴ്സണെയും അയയ്ക്കുവാൻ ഇന്ത്യൻ ഗവൺമെന്റ് തീരുമാനിച്ചു. ഇവർ രണ്ടുപേരും ഫിജിയിലെ തോട്ടം തൊഴിലാളികളെയും കൂലിപ്പണിക്കാരെയും കണ്ട് വിവരങ്ങൾ അന്വേഷിച്ചു. ഫിജിയിൽ നിന്നും ഇന്ത്യയിലേക്കു മടങ്ങിയെത്തിയ തൊഴിലാളികളെയും അവർ സന്ദർശിച്ചു. ഫിജിയിലെ കൂലിപ്പണിക്കാരുടെ അവസ്ഥയെക്കുറിച്ച് ആൻഡ്രൂസും പിയേഴ്സണും സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബ്രിട്ടീഷ് കോളനികളിലേക്ക് ഇന്ത്യൻ തൊഴിലാളികളെ അയയ്ക്കുന്നതിന് ബ്രിട്ടൻ നിയന്ത്രണം ഏർപ്പെടുത്തി. 1917-ൽ ആൻഡ്രൂസ് വീണ്ടും ഫിജി സന്ദർശിച്ചു. അദ്ദേഹത്തിന്റെ നിരന്തരമായ പരിശ്രമങ്ങൾക്കൊടുവിൽ 1920 ഓടെ ഫിജിയിലെ ഇന്ത്യാക്കാരുടെ പ്രശ്നങ്ങൾക്ക് പരിഹാരമായി.
ഗാന്ധിജിയുടെ ഉറ്റചങ്ങാതിയായി മാറിയതോടെ ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലേക്ക് സി.എഫ്. ആൻഡ്രൂസ് കടന്നുവന്നു. ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് ഇന്ത്യ സ്വതന്ത്രമാകണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. 1935 മുതൽ ബ്രിട്ടനിൽ കൂടുതൽ സമയം ചിലവഴിക്കുവാൻ തുടങ്ങിയ ആൻഡ്രൂസ് അവിടെ യേശുക്രിസ്തുവിന്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ സുവിശേഷങ്ങൾ നടത്തി. 'യേശുവിന്റെ വിശ്വസ്തനായ അപ്പോസ്തലൻ' എന്നാണ് ഗാന്ധിജി ഇദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. ഗാന്ധിജിയെ 'മോഹൻ' എന്ന് അഭിസംബോധന ചെയ്തിരുന്ന വളരെ കുറച്ചുപേരിൽ ഒരാളാണ് ആൻഡ്രൂസ്.[4]
1940 ഏപ്രിൽ 5-ന് കൊൽക്കത്ത സന്ദർശിക്കുന്ന വേളയിൽ സി.എഫ്. ആൻഡ്രൂസ് അന്തരിച്ചു. കൊൽക്കത്തയിലെ ലേവർ സർക്കുലാർ റോഡ് സെമിത്തേരിയിലാണ് അദ്ദേഹത്തിന്റ ഭൗതികശരീരം അടക്കം ചെയ്തത്.[5][6]
സി.എഫ്. ആൻഡ്രൂസിനെ ഇന്ത്യാക്കാർ എന്നും ബഹുമാനിച്ചിരുന്നു. കൊൽക്കത്താ സർവകലാശാലയ്ക്കു കീഴിലുള്ള ദീനബന്ധു ആൻഡ്രൂസ് കോളേജ്, ദീനബന്ധു ഇൻസ്റ്റിറ്റ്യൂഷൻ, ദക്ഷിണ കൊൽക്കത്തയിലെ ഒരു ഹൈസ്കൂൾ എന്നിവയ്ക്ക് ആൻഡ്രൂസിനോടുള്ള സ്മരണാർത്ഥമാണ് പേര് നൽകിയിരിക്കുന്നത്.[7] 1982-ൽ പുറത്തിറങ്ങിയ ഗാന്ധി എന്ന ചലച്ചിത്രത്തിൽ ബ്രിട്ടീഷ് നടനായ ഇയാൻ ചാൾസൺ ആണ് സി.എഫ്. ആൻഡ്രൂസിനെ അവതരിപ്പിച്ചത്. അമേരിക്കയിലെ എപ്പിസ്കോപ്പൽ ചർച്ചിൽ എല്ലാവർഷവും ഫെബ്രുവരി 12-ന് ആൻഡ്രൂസിന്റെ ഓർമ്മദിനം ആചരിക്കുന്നു. 1971-ൽ അദ്ദേഹത്തിന്റെ നൂറാം ജൻമവാർഷികത്തോടനുബന്ധിച്ച് ഇന്ത്യൻ ഗവൺമെന്റ് പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു.[8]
The Teaching of Ahimsa