സി.ഡി. ഡാർലിങ്ടൺ | |
---|---|
![]() സി.ഡി. ഡാർലിങ്ടൺ | |
ജനനം | 1903 ഡിസംബർ 19- ഇംഗ്ലണ്ടിൽ ലങ്കാഷെയറിലെ കോർലെ |
മരണം | 1981 മാർച്ച് 26 ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ് |
ദേശീയത | ബ്രിട്ടീഷ് |
തൊഴിൽ | ജീവശാസ്ത്രകാരൻ |
അറിയപ്പെടുന്നത് | പാരമ്പര്യത്തിൽ ക്രോമസോമുകളുടെ പങ്ക് സംബന്ധിച്ച പഠനം |
സിറിൽ ഡീൻ ഡാർലിങ്ടൺ ഇംഗ്ലീഷ് ജീവശാസ്ത്രകാരനായിരുന്നു. 1903 ഡിസംബർ 19-ന് ഇംഗ്ലണ്ടിൽ ലങ്കാഷെയറിലെ കോർലെയിൽ ജനിച്ചു.
കെന്റിലെ വൈ കോളജിൽ (Wye college) നിന്ന് കൃഷിശാസ്ത്രപഠനം പൂർത്തിയാക്കിയശേഷം 1923-ൽ ജോൺ ഇൻസ് ഇൻസ്റ്റിറ്റ്യൂഷനിൽ ജോലിയിൽ പ്രവേശിച്ചു. ക്രോമസോം തിയറിയുടെ ഉപജ്ഞാതാവായ പ്രസിദ്ധ ജനിതക ശാസ്ത്രജ്ഞൻ വില്യം ബേറ്റ്സണിനോടൊപ്പമാണ് ഇദ്ദേഹം ജോലി നോക്കിയിരുന്നത്. ക്രോമസോം തിയറിയെ ഡാർലിങ്ടൺ പൂർണമായും അംഗീകരിച്ചിരുന്നു. കോശ ക്രോമസോമുകളിലുളള ജീനുകളാണ് പാരമ്പര്യ സ്വഭാവ നിർണയം നടത്തുന്നതെന്നാണ് ക്രോമസോം തിയറി.
1939-ൽ ഡാർലിങ്ടൺ ജോൺ ഇൻസ്റ്റിറ്റ്യൂഷനിൽ ഡയറക്ടറായി നിയമിതനായി. 1946 ൽ റോയൽ സൊസൈറ്റിയുടെ റോയൽ മെഡൽ ലഭിച്ചു. 1953-ൽ ഓക്സ്ഫോഡ് സർവകലാശാലയിൽ ബോട്ടണി പ്രൊഫസറും ബൊട്ടാണിക് ഗാർഡൻ കീപ്പറുമായി നിയമിതനായി. 1971 മുതൽ ഇവിടെത്തന്നെ എമരിറ്റസ് പ്രൊഫസറായി പ്രവർത്തിച്ചിരുന്നു. 1981 മാർച്ച് 26-ന് ഇംഗ്ലണ്ടിലെ ഓക്സ്ഫോഡിൽ വച്ച് അന്തരിച്ചു. പാരമ്പര്യത്തിൽ ക്രോമസോമുകളുടെ പങ്കാണ് ഇദ്ദേഹം പഠന വിധേയമാക്കിയത്. തോമസ് മോർഗന്റെ ക്രോസിങ് ഓവർ തിയറിയും പാരമ്പര്യത്തെപ്പറ്റിയും പരിണാമത്തെപ്പറ്റിയുമുളള ഗവേഷണവും ഡാർലിങ്ടൺ തന്റെ പഠന മേഖലയിൽ ഉൾപ്പെടുത്തിയിരുന്നു. പരിസ്ഥിതി ഘടകങ്ങളിൽ മാറ്റം വരുത്തി പരിണാമപ്രക്രിയയെ നിയന്ത്രിക്കാനും രൂപാന്തരപ്പെടുത്താനുമാകുമെന്ന് ഇദ്ദേഹം കരുതിയിരുന്നു.
![]() | കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ ഡാർലിങ്ടൺ, സിറിൽ ഡീൻ (1903 - 81) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |