ഇന്ത്യയും പാകിസ്താനും തമ്മിൽ ലോകബാങ്കിന്റെ (International Bank for Reconstruction and Development) മധ്യസ്ഥതയിൽ ഉണ്ടാക്കിയ ഒരു ജലവിതരണ കരാറാണ് സിന്ധു നദീജല ഉടമ്പടി (Indus Waters Treaty).[1]
1960 സെപ്തംബർ 19 -ന് കറാച്ചിയിൽ വച്ച് ഇന്ത്യയുടെ പ്രധാനമന്ത്രി നെഹ്രുവും പാകിസ്താൻ പ്രസിഡണ്ട് അയൂബ് ഖാനും ഈ ഉടമ്പടിയിൽ ഒപ്പുവച്ചു. ഈ കരാർ പ്രകാരം കിഴക്കോട്ടൊഴുകുന്ന ബിയാസ്, രാവി, സത്ലജ് എന്നീ നദികളുടെ നിയന്ത്രണം ഇന്ത്യയ്ക്കും പടിഞ്ഞാറോട്ടൊഴുകുന്ന സിന്ധു, ചിനാബ്, ഝലം എന്നീ നദികളുടെ നിയന്ത്രണം പാകിസ്താനും ലഭിച്ചു. എങ്ങനെ ജലം പങ്കുവയ്ക്കും എന്നുള്ളതായിരുന്നു കൂടിയ വിവാദങ്ങൾ ഉണ്ടാക്കിയ വ്യവസ്ഥ. പാകിസ്താനിലേക്ക് ഒഴുകുന്ന നദികൾ ആദ്യം ഇന്ത്യയിൽക്കൂടി ഒഴുകുന്നതിനാൽ, അതിലെ ജലം ജലസേചനത്തിനും യാത്രയ്ക്കും വൈദ്യുതോൽപ്പാദനത്തിനും ഇന്ത്യയ്ക്ക് ഉപയോഗിക്കാൻ വ്യവസ്ഥകൾ ഉണ്ടായിരുന്നു. ഇന്ത്യയിൽക്കൂടി ഒഴുകുന്ന നദികളെ ഇന്ത്യ തിരിച്ചുവിട്ട് പാകിസ്താനിൽ വരൾച്ചയും പട്ടിണിയും ഉണ്ടാകുമോ, പ്രത്യേകിച്ചും യുദ്ധകാലത്ത്, എന്ന പാകിസ്താന്റെ പേടിയിൽ നിന്നുമാണ് ഇത്തരം ഒരു കരാർ ഉടലെടുത്തത്.[2] 1960 -ൽ ഈ കരാർ അംഗീകരിച്ചതിനു ശേഷം വെള്ളത്തിനായി ഇന്ത്യയും പാകിസ്താനും യുദ്ധം ഉണ്ടായിട്ടില്ല. കരാറിലെ വ്യവസ്ഥകൾക്കുള്ളിൽ നിന്നുകൊണ്ടുതന്നെ പരാതികളും തർക്കങ്ങളും പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്. ഇന്ന് ലോകത്തുള്ള നദീജല പങ്കുവയ്ക്കൽ കരാറുകളിൽ ഏറ്റവും വിജയകരമായ ഒന്നായി സിന്ധു നദീജല ഉടമ്പടിയെ കരുതിപ്പോരുന്നു. കാലാവസ്ഥാ വ്യതിയാനത്തെയും മറ്റു ചില കാര്യങ്ങളും ഉൾപ്പെടുത്തി കരാർ പുതുക്കേണ്ടതാണെന്ന അഭിപ്രായം നിലവിലുണ്ട്.[3] കരാർ പ്രകാരം സിന്ധുനദിയിലെ 20 ശതമാനം വെള്ളം മാത്രമേ ഇന്ത്യയ്ക്ക് ഉപയോഗിക്കാനാവൂ.[4][5][6]