സിയാഉസ്സലാം | |
---|---|
ജനനം | 1970 രാംപൂർ, ഉത്തർപ്രദേശ്, ഇന്ത്യ |
കലാലയം | സെന്റ് സ്റ്റീഫൻസ് കോളേജ്, ഡെൽഹി |
തൊഴിൽ(s) | എഴുത്തുകാരൻ, പത്രപ്രവർത്തകൻ, സാമൂഹ്യനിരീക്ഷകൻ |
സജീവ കാലം | 1995–present |
ഇന്ത്യയിലെ ഒരു പത്രപ്രവർത്തകനും എഴുത്തുകാരനുമാണ് സിയ ഉസ് സലാം (ജനനം 1970). 2000 മുതൽ ദ ഹിന്ദു ഗ്രൂപ്പിൽ പ്രവർത്തിച്ചുതുടങ്ങിയ അദ്ദേഹം ഇപ്പോൾ ഫ്രണ്ട്‌ലൈനിൽ അസോസിയേറ്റ് എഡിറ്ററാണ്. വിവിധ പ്രസിദ്ധീകരണങ്ങളിൽ കോളങ്ങൾ ചെയ്തുവരുന്നു. സാമുഹ്യ-സാംസ്കാരിക നിരൂപണവും സാഹിത്യനിരൂപണവും ഇത്തരം പംക്തികളിൽ സിയാഉസ്സലാം നടത്താറുണ്ട്[1][2].
ഇസ്‌ലാമിക പണ്ഡിതനായ മുഫ്തി അബ്ദുൽ ദായം സാഹിബിന്റെ മകനായി 1970-ലാണ് സിയാഉസ്സലാം ജനിക്കുന്നത്. സെന്റ് സ്റ്റീഫൻസ് കോളേജിലെ പഠനത്തിനുശേഷം 1995-ൽ പത്രപ്രവർത്തകനായി പ്രവർത്തനമാരംഭിച്ചു. ദി ഹിന്ദു, ദി പയനിയർ, ദി സ്റ്റേറ്റ്സ്മാൻ, ദി ടൈംസ് ഓഫ് ഇന്ത്യ എന്നിവയുൾപ്പെടെ നിരവധി പത്രങ്ങളിൽ അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
1970ൽ ഉത്തർപ്രദേശിലെ രാംപൂരിലാണ് സിയാഉസ്സലാം ജനിച്ചത്. പിതാവായ മുഫ്തി അബ്ദുൽ ദായം സാഹിബ്, ഇസ്‌ലാമിക പണ്ഡിതനും എഴുത്തുകാരനുമായിരുന്നു. വീട്ടമ്മയായ അമ്മയും ഒരു സഹോദരിയുമാണ് കുടുംബത്തിൽ ഉള്ളത്. ദൽഹിയിലേക്ക് താമസം മാറിയശേഷം ബ്ലൂബെൽസ് സ്കൂൾ ഇന്റർനാഷണൽ, കോൺവെന്റ് സ്കൂൾ എന്നിവിടങ്ങളിലായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ സിയ[2], ഡൽഹി സർവകലാശാലയുടെ കീഴിലായി സെന്റ് സ്റ്റീഫൻസ് കോളേജിൽ ചരിത്രപഠനം പൂർത്തിയാക്കി. ബിരുദാനന്തര ബിരുദം നേടിയശേഷം[2][3] 1995-ൽ പത്രപ്രവർത്തകനായി ചുമതലയേറ്റു. അഞ്ചാം ക്ലാസ് മുതൽ കുറിപ്പുകൾ എഴുതി സുഹൃത്തുകൾക്കിടയിൽ വിതരണം ചെയ്തിരുന്നതായും, ഏഴാം ക്ലാസ്സിലായിരിക്കുമ്പോൾ ആദ്യലേഖനം പ്രസിദ്ധീകരിക്കപ്പെട്ടതായും സിയാഉസ്സലാം പറയുന്നുണ്ട്.[2][4] തന്റെ പത്രപ്രവർത്തന കാലയളവിൽ ദ ഹിന്ദു പത്രത്തിലാണ് ദീർഘകാലം ഉണ്ടായിരുന്നത്. 16 വർഷം നീണ്ട സേവനത്തിന് ശേഷം അതേ ഗ്രൂപ്പിലെ ഫ്രണ്ട്ലൈൻ മാഗസിനിൽ തുടരുന്ന അദ്ദേഹം അവിടെ അസോസിയേറ്റ് എഡിറ്ററാണ്[2].
ടിൽ തലാഖ് ഡു അസ് പാർട്ട്: അണ്ടർസ്റ്റാൻഡിങ് തലാഖ്, ട്രിപ്പിൾ തലാഖ് ആൻഡ് ഖുൽഅ് എന്നതായിരുന്നു സിയാഉസ്സലാമിന്റെ പ്രധാന കൃതി. 2018-ൽ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതിയിൽ ഇസ്‌ലാമിന്റെ വിവാഹ-വിവാഹമോചനരീതികളെ വിലയിരുത്തുന്നു[5].
അതേവർഷം ഓഫ് സാഫ്രൺ ഫ്ലാഗ്സ് ആൻഡ് സ്കൾകാപ്സ്: ഹിന്ദുത്വ, മുസ്‌ലിം ഐഡന്റിറ്റി ആൻഡ് ദ ഐഡിയ ഓഫ് ഇന്ത്യ എന്ന ഗ്രന്ഥം കൂടി പുറത്തിറങ്ങി. ഹിന്ദു ഗ്രൂപ്പ് ഡയറക്റ്റർ നിർമ്മല ലക്ഷ്മണിന്റെ അവതാരികയോടെയാണ് ഈ ഗ്രന്ഥം പുറത്തിറങ്ങിയത്[6]. ഇന്ത്യയിലെ മുസ്‌ലിം വിവേചനങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്ന കൃതി ശുഭാപ്തിവിശ്വാസത്തോടെയാണ് അവസാനിക്കുന്നത്[7].