കർത്താവ് | റോബർട്ട് എ. ഹൈൻലൈൻ |
---|---|
ചിത്രരചയിതാവ് | എൽ.ഇ. ഫിഷർ |
രാജ്യം | അമേരിക്കൻ ഐക്യനാടുകൾ |
ഭാഷ | ഇംഗ്ലീഷ് |
പരമ്പര | ഹൈൻലൈൻ ജുവനൈൽസ് |
സാഹിത്യവിഭാഗം | സയൻസ് ഫിക്ഷൻ നോവൽ |
പ്രസാധകർ | സ്ക്രിബ്നേഴ്സ് |
പ്രസിദ്ധീകരിച്ച തിയതി | 1957 |
മാധ്യമം | അച്ചടി |
ISBN | ലഭ്യമല്ല |
മുമ്പത്തെ പുസ്തകം | ടൈം ഫോർ ദ സ്റ്റാർസ് |
ശേഷമുള്ള പുസ്തകം | ഹാവ് സ്പേസ് സ്യൂട്ട് - വിൽ ട്രാവൽ |
അമേരിക്കൻ എഴുത്തുകാരനായ റോബർട്ട് എ. ഹൈൻലൈൻ രചിച്ച ഒരു ശാസ്ത്ര ഫിക്ഷൻ നോവലാണ് സിറ്റിസൺ ഓഫ് ദ ഗാലക്സി. അസ്റ്റൗണ്ടിംഗ് സയൻസ് ഫിക്ഷൻ എന്ന മാസികയുടെ 1957-ലെ സെപ്റ്റംബർ ഒക്റ്റോബർ, നവംബർ, ഡിസംബർ എന്നീ ലക്കങ്ങളിലാണ് ആദ്യം തുടർക്കഥയായി ഈ നോവൽ പ്രസിദ്ധീകരിക്കപ്പെട്ടത്. 1957-ൽ സ്ക്രിബ്നേഴ്സ് ഹാർഡ് കവർ പുസ്തകമായും ഇത് പ്രസിദ്ധീകരിച്ചു. കിപ്ലിംഗിന്റെ കിം എന്ന നോവൽ ഈ കൃതിയെ ആഴത്തിൽ സ്വാധീനിച്ചിട്ടുണ്ടെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.[1]
തോർബി എന്ന അടിമ ബാലനെ ജുബുൾ ഗ്രഹത്തിന്റെ തലസ്ഥാനമായ ജുബുൾപൂരിൽ വച്ചു നടക്കുന്ന അടിമ ലേലത്തിൽ ബാസ്ലിം എന്ന വികലാംഗനായ യാചകൻ വളരെക്കുറഞ്ഞ വിലയ്ക്ക് വാങ്ങുന്നു. ബാസ്ലിം ഈ ബാലനെ തന്റെ മകനെപ്പോലെ കണക്കാക്കുന്നു. ഭിഷ യാചിക്കുന്നതു കൂടാതെ ഗണിതവും ചരിത്രവും പല ഭാഷകളും അഭ്യസിപ്പിക്കുന്നു. ബാസ്ലിമിന്റെ മറ്റ് പ്രവൃത്തികളിൽ നിന്ന് ഇയാൾ ഒരു ചാരനാണെന്ന് തോർബിയ്ക്ക് വ്യക്തമാകുന്നു. ബാസ്ലിം പിടിക്കപ്പെടുകയാണെങ്കിൽ അഞ്ച് ശൂന്യാകാശ പേടകങ്ങളിലൊന്നിന്റെ ക്യാപ്റ്റന് നൽകാനായി ഒരു സന്ദേശം ബാസ്ലിം തോർബിയെ പഠിപ്പിക്കുന്നു. ബാസ്ലിം പിടിക്കപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്യുന്നു. പക്ഷേ അധികാരികൾ ഇദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ച് പ്രദർശിപ്പിക്കുന്നു. ഇവർ തോർബിയെ അന്വേഷിക്കുന്നുവെങ്കിലും പിടിക്കപ്പെടും മുൻപ് തോർബി വ്യാപാരികളുടെ നിയന്ത്രണത്തിലുള്ള സിസു എന്ന പേടകത്തിൽ രക്ഷപെടുന്നു. ബാസ്ലിമിനോടുള്ള നന്ദി പ്രകടിപ്പിക്കാനായി (എന്തിനെന്ന് പിന്നീടാണ് വ്യക്തമാകുന്നത്) ക്യാപ്റ്റൻ തോർബിയെ തന്റെ മകനായി ദത്തെടുക്കുന്നു.
തോർബിയെ തങ്ങളുടെ കുടുംബത്തിലെ അംഗമാക്കാനാണ് കപ്പലിലെ സമൂഹത്തിന്റെ നേതാവായ സ്ത്രീ (ക്യാപ്റ്റന്റെ ഭാര്യ) തീരുമാനിക്കുന്നതെങ്കിലും ക്യാപ്റ്റൻ ബാസ്ലിമിനോടുള്ള വാക്കു പാലിക്കുവാനായി തോർബിയെ ഒരു സൈനിക പേടകത്തിലെ ക്യാപ്റ്റന് കൈമാറുന്നു. തോർബിയുടെ യഥാർത്ഥ പേര് തോർ ബ്രാഡ്ലി റൂബെക് എന്നാണെന്നും ഇദ്ദേഹത്തിന് നാലു വയസ്സ് പ്രായമുള്ളപ്പോൾ മാതാപിതാക്കളെ വധിച്ച് അടിമ വ്യാപാരികൾ തോർബിയെ തട്ടിയെടുത്ത് വിറ്റതാണെന്നും സൈന്യം അന്വേഷണത്തിലൂടെ മനസ്സിലാക്കുന്നു.
റൂബെക് കുടുംബം വലിയ സാമ്പത്തിക ശേഷിയുള്ളവരാണ്. ബിസിനസുകൾ നോക്കി നടത്തിയിരുന്ന ബന്ധുവിൽ നിന്ന് നിയമനടപടികളിലൂടെ തോർബി അധികാരം പിടിച്ചെടുക്കുന്നു. തന്റെ സാമ്പത്തികശക്തി അടിമവ്യാപാരം അവസാനിപ്പിക്കുന്നതിനായി ഉപയോഗിക്കാൻ തോർബി തീരുമാനിക്കുന്നു.
ജുബുൾ എന്ന ഗ്രഹത്തിലും അതിന്റെ നിയന്ത്രണത്തിലുള്ള ഒൻപത് ഗ്രഹങ്ങളടങ്ങുന്ന ലോകത്തിലുമാണ് അടിമത്തം നിലവിലുള്ളത്. ഇവിടെ സംസാരിക്കുന്ന ഭാഷ സംസ്കൃതം കലർന്നതാണെന്നും ലിപി ദേവനാഗരിയോട് സാദൃശ്യമുള്ളതാണെന്നും ഗ്രന്ഥത്തിൽ പ്രസ്താവനയുണ്ട്. ജുബുളിലെ അടിമത്തത്തെപ്പറ്റി പുറം ലോകത്തുള്ള പലർക്കും തെറ്റിദ്ധാരണയാണുള്ളത്. ഇത് ഒരുതരം ജാതി വ്യവസ്ഥയാണെന്നും ഇത് സമൂഹത്തെ ശക്തിപ്പെടുത്തുന്ന ഒരു സംവിധാനമാണെന്നും നോവലിലെ ഒരു കഥാപാത്രം പ്രസ്താവിക്കുന്നുണ്ട്.
ഗാലക്സിയുടെ നിരൂപകനായ ഫ്ലോയ്ഡ് സി. ഗേൽ ഈ കൃതിയെ പ്രശംസിക്കുകയുണ്ടായി. "ഹൈൻലൈൻ എപ്പോഴും വിശേഷബുദ്ധി ഉപയോഗിക്കുന്നയാളാണ്. അദ്ദേഹത്തിന്റെ കൃതികൾ രസിപ്പിക്കുന്നവയാണെന്നതിലും തർക്കമില്ല" എന്ന് ഗേ പരാമർശിക്കുകയുണ്ടായി.[2] ന്യൂ യോർക്ക് ടൈംസിന്റെ, വില്ലിയേഴ്സ് ജെർസൺ ഈ കൃതിയെപ്പറ്റി നല്ല അഭിപ്രായമാണ് പ്രകടിപ്പിച്ചത്. "ഘടന സംബന്ധിച്ചും ദുർബ്ബലമായ അവസാനം സംബന്ധിച്ചുമുള്ള പ്രശ്നങ്ങൾ നിലനിൽക്കെത്തന്നെ എല്ലാ വർഷവും പുറത്തിറങ്ങുന്ന ശാസ്ത്ര ഫിക്ഷനുകളിലെ 99% കൃതികളേക്കാളും മികച്ചതാണിത്" എന്ന് ഇദ്ദേഹം പ്രസ്താവിക്കുകയുണ്ടായി.[3]
ഹൈൻലൈന്റെ മിക്ക കൃതികളിലേതിലെപ്പോലെ ഈ നോവലിലും പ്രധാന കഥാപാത്രം ആദ്യം അറിവില്ലാത്തതും വസ്തുതകളെക്കുറിച്ച് ഗ്രാഹ്യമില്ലാത്തതുമായ ഒരു വ്യക്തിയാണ്. ക്രമേണ കാര്യങ്ങൾ പഠിച്ച് മനസ്സിലാക്കുന്ന ഇദ്ദേഹം താൻ സ്വാംശീകരിക്കുന്ന അറിവുകളുപയോഗിച്ച് ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുന്നു.[4] അടിമത്തത്തെക്കുറിച്ചുള്ള സമൂഹത്തിന്റെ വ്യത്യസ്ത കാഴ്ച്ചപ്പാടുകൾ ഈ കൃതിയിൽ പരാമർശിക്കപ്പെടുന്നുണ്ട്.