ഇന്ത്യയിൽ നിന്നുമുള്ള ഒരു തമിഴ് ശാസ്ത്ര സാഹിത്യ എഴത്തുകാരനാണ് സുജാത എന്ന തൂലികാനാമത്തിൽ എഴുതിയിരുന്ന എസ്. രംഗരാജൻ (3 മേയ് 1935 – 27 ഫെബ്രുവരി 2008). 100 - ലധികം നോവലുകളും 250 ചെറുകഥകളും 10 ശാസ്ത്ര പുസ്തകങ്ങളും പത്ത് നാടകങ്ങളുടെ തിരക്കഥകളും രചിച്ചിട്ടുണ്ട്. തമിഴ് സാഹിത്യത്തിലെ പ്രശസ്തനായ എഴുത്തുകാരനായിരുന്ന സുജാത, ആനന്ദ വികടൻ, കുമുദം, കൽക്കി തുടങ്ങിയ സാഹിത്യ മാസികകളിൽ സ്ഥിരം എഴുതിയിരുന്ന സാഹിത്യകാരൻ കൂടി ആയിരുന്നു. തമിഴ് മാസികയായ കുമുദത്തിന്റെ ചീഫ് എഡിറ്ററായി കുറച്ചു കാലം പ്രവർത്തിച്ചിട്ടുണ്ട്. ഏതാനും തമിഴ് ചലച്ചിത്രങ്ങളുടെ തിരക്കഥയും രചിച്ചിട്ടുണ്ട്.
ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് എന്ന കമ്പനിയിൽ എൻജിനീയറായി സേവനം അനുഷ്ഠിക്കവേ, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ രൂപകല്പനയ്ക്കും ആദ്യമായുള്ള ഉൽപ്പാദനത്തിനും മേൽനോട്ടം നൽകി. ഇന്ന് ഇന്ത്യയിലുടനീളം വോട്ടിങ്ങിനായി ഉപയോഗിക്കപ്പെടുന്നത് ഈ മെഷീനുകളാണ്. ബാലകുമരൻ, മദൻ, ചാരു നിവേദിത തുടങ്ങി നിരവധി എഴുത്തുകാർക്ക് സുജാത പ്രചോദനമായിരുന്നുവെന്ന് അവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.
തന്റെ ഭാര്യയുടെ പേരായ സുജാത എന്ന പേര് തൂലികാനാമമായി സ്വീകരിച്ച് പുസ്തകങ്ങൾ എഴുതിത്തുടങ്ങിയ രംഗരാജൻ, നാൽപ്പതു വർഷങ്ങളോളം പിന്നീട് വിവിധ വിഷയങ്ങളുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങൾ രചിക്കുകയുണ്ടായി. എൻജിനീയറിംഗ് ബിരുദധാരിയായ രംഗരാജൻ, സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് കൂടുതലായും ഉള്ളടക്കമാക്കിയിട്ടുള്ളത്.