ഭാഷാശാസ്ത്രജ്ഞനായ ഫെർഡിനാൻഡ് ഡി സൊസ്യൂറിന്റെ ചിഹ്നസങ്കല്പത്തെ സൂചിപ്പിക്കുന്ന ഒരു ദ്വന്ദ്വപരികല്പനയാണ് സൂചകവും സൂചിതവും. സൊസ്സൂറിന്റെ ചിഹ്നവിജ്ഞാന സങ്കല്പത്തിന്റെ കേന്ദ്രം ചിഹ്നത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മൗലിക സങ്കല്പനമാണ്. ശബ്ദാർത്ഥങ്ങളുടെ മേളനമാണ് ഭാഷയെങ്കിലും എല്ലാ ശബ്ദങ്ങളും ഭാഷാശബ്ദങ്ങളല്ല. ഒരു ശബ്ദം ഒരാശയവുമായി ബന്ധപ്പെട്ടിരിക്കുമ്പോൾ മാത്രമേ അത് ഭാഷാശാസ്ത്രത്തിന്റെ പരിഗണനയ്ക്കു വിഷയമാകുന്നുള്ളു. അതുകൊണ്ട് ശബ്ദാർത്ഥങ്ങളെ സംബന്ധിച്ച് ഭാഷാശാസ്ത്രത്തിനിണങ്ങുന്ന ചിഹ്നം എന്ന ആശയം സൊസ്സൂർ അവതരിപ്പിച്ചു.
വസ്തു, വികാരം, വിചാരം മുതലായവയെ സൂചിപ്പിക്കുന്ന ഒരു സങ്കല്പനവും (concept)അതിനെ സൂചിപ്പിക്കുന്ന ഒരു ശബ്ദബിംബവും(sound image)ചേർന്നതാണ് ഒരു ചിഹ്നം. ശബ്ദബിംബത്തിന് സൂചകം(signifier) എന്നും അത് ലക്ഷ്യം വെയ്ക്കുന്ന സങ്കല്പനത്തിന് സൂചിതം(signified)എന്നും സസ്സൂർ സംജ്ഞ നൽകി. എന്നാൽ സൊസ്സൂറിന്റെ സൂചക-സൂചിതങ്ങൾ ചേർന്ന ചിഹ്നം അദ്ദേഹത്തിന്റെ ഭാഷയിൽ തന്നെ രണ്ടുവശങ്ങളോടു കൂടിയ ഒരു സൈക്കോളജിക്കൽ എൻറ്റിറ്റി അഥവാ രണ്ടുവശങ്ങളോടു കൂടിയ ഒരു മാനസിക വസ്തുത മാത്രമാണ്. പുറം ലോകത്തുള്ള യഥാർത്ഥ വസ്തുവുമായി സൂചിതത്തിന് നേരിട്ട് ബന്ധമില്ല.(ദൈവത്തെ അല്ലെങ്കിൽ സ്നേഹത്തെ ആരും നേരിട്ടു കണ്ടിട്ടില്ലെങ്കിലും അങ്ങനെയൊരു സങ്കല്പം നിലനിൽക്കുന്നത് ഭാഷയിലെ സൂചിതത്തിലൂടെയാണ്.)
ശബ്ദബിംബമായ സൂചകത്തിന് ബാഹ്യലോകത്തുള്ള യഥാർത്ഥ ശബ്ദവുമായും നേരിട്ടു ബന്ധമില്ല. ശബ്ദത്തിന്റെ ഒരു മാനസികരൂപമാണ് ഓരോ വ്യക്തിയിലുമുള്ളത്. (പദത്തെ ഉച്ചരിക്കാതെ തന്നെ പദം നമുക്കു സങ്കല്പിക്കാൻ കഴിയുന്നത് അഥവാ ചിന്തിക്കാൻ കഴിയുന്നത് അതുകൊണ്ടാണ്.) ഇങ്ങനെ സൂചകം/സൂചിതം എന്ന രണ്ടുവശങ്ങളോടു കൂടിയ നിരവധി ചിഹ്നങ്ങൾ(signs)ചേർന്നാണ് ഭാഷ രൂപപ്പെടുന്നത്.[1]