ആരാധനക്രമ വർഷം |
---|
റോമൻ ആചാരക്രമം |
കൽദായ ആചാരക്രമം |
പാശ്ചാത്യ ക്രൈസ്തവ സഭയുടെ ആരാധനക്രമ വർഷം അനുസരിച്ച് തപസ്സ് കാലത്തിന് മുൻപേ വരുന്ന ഒരുക്കകാലമാ സെപ്ത്വാജെസെമ(തപസ്സ് കാലം മുന്നൊരുക്കം). [1]ഈസ്റ്ററിന് മുൻപുള്ള ഒൻപതാമത്തേതും വിഭൂതി ബുധന് മുൻപ് വരുന്ന മൂന്നാമത്തേതും ആയ ഞായറാഴ്ചയാണ് സെപ്ത്വാജെസെമ ആരംഭിക്കുന്നത്. സെപ്ത്വാജെസെമ ഈ ദിവസം സെപ്ത്വാജെസെമ ഞായർ എന്ന് വിളിക്കപ്പെടുന്നു. [2]ധൂർത്ത പുത്രന്റെ ഞായർ എന്ന് ഗ്രീസിൽ പറയാറുണ്ട്. ഈ ദിവസം കുർബാന സമയത്ത് സുവിശേഷത്തിൽ (ലൂക്കാ. 15:11-24) നിന്നും ധൂർത്ത പുത്രന്റെ ഉപമ വായിക്കുന്നതിനാലാണ് ഈ പേര് വന്നത്. ഈ കാലത്തെ മറ്റു രണ്ടു ഞായറാഴ്ചകൾ യഥാക്രമം [3]സെക്സാജെസെമ, ക്വിൻക്വാജെസെമ എന്നിങ്ങനെ അറിയപ്പെടുന്നു. വിഭൂതി ബുധന് മുൻപുള്ള ചൊവ്വാഴ്ച സെപ്ത്വാജെസെമ അവസാനിക്കും.
സെപ്ത്വാജെസെമ എന്ന ലത്തീൻ പദത്തിനർത്ഥം എഴുപതാമത് എന്നാണ് (സെക്സാജെസെമ, ക്വിൻക്വാജെസെമ എന്നിവ യഥാക്രമം അറുപതാമത്, അൻപതാമത്). സെപ്ത്വാജെസെമ ഞായർ മുതൽ ഈസ്റ്റർ വരെ ഞായറാഴ്ചകൾ ഒഴിവാക്കി 70 ദിവസങ്ങളാണ് ഉള്ളത്. [4]എല്ലാ എല്ലാ ഞായറാഴ്ചകളും ചെറിയ ഈസ്റ്ററായി സഭ കരുതുന്നതിനാലാണ് നോമ്പുകാലത്തിനിടയിൽ വരുന്ന ഞായറാഴ്ചകൾ ഒഴിവാക്കുന്നത്.[5]അമലേരിയൂസ് സിംഫോസിയൂസിന്റെ പഠനം അനുസരിച്ച് ഇസ്രായേൽ ജനത എഴുപത് വർഷം അനുഭവിച്ച ബാബിലോൺ പ്രവാസത്തെയാണ് സെപ്ത്വാജെസെമ പ്രതിനിധീകരിക്കുന്നത്.
വയലറ്റ് ആണ് ആരാധനക്രമനിറം. അൾത്താര വിരികൾ, അൾത്താരയിൽ വെക്കുന്ന വിളക്കുകളുടെ ഗ്ലാസ്, വാതിൽ വിരികൾ, സക്രാരി വിരികൾ, കാർമ്മികൻ ധരിക്കുന്ന മേൽവസ്ത്രങ്ങൾ തുടങ്ങിയവവയലറ്റ് നിറത്തിൽ ഉള്ളതായിരിക്കും. ഗ്ലോറിയ, തെദേവൂം എന്നീ പ്രാർത്ഥനകൾ (ഗീതികൾ) ഈ കാലയളവിൽ ഒഴിവാക്കിയിരിക്കുന്നു.
[6]രണ്ടാം വത്തിക്കാൻ കൗൺസിലിന് ശേഷം പുറത്തിറങ്ങിയ ആരാധനക്രമം അനുസരിച്ച് റോമൻ കത്തോലിക്കാ സഭ സെപ്ത്വാജെസെമ ഒഴിവാക്കി. ഈ കാലഘട്ടം സാധാരണ കാലം ആദ്യപാദത്തോട് ചേർത്താണ് ആരാധന കലണ്ടർ തയ്യാറാക്കിയിരിക്കുന്നത്. ആയതിനാൽ ആരാധനക്രമ നിറങ്ങളിലോ പ്രാർത്ഥനകളിലോ മാറ്റം ഒന്നുമില്ല.
[7]പൌരസ്ത്യ സഭ, ബൈസന്റൈൻ സഭ, [8]ലൂഥറൻസ് പ്രൊട്ടസ്റ്റന്റ് സഭ എന്നിവർ സെപ്ത്വാജെസെമ ആചരിക്കുന്നു. ആംഗ്ലിക്കൻ സഭയുടെ പൊതു ആരാധന പുസ്തകം അനുസരിച്ച് ഈ കാലഘട്ടം തപസ്സ് കാല മുന്നൊരുക്കമായി ആചരിക്കുന്നു.