മലയാളിയായ നീന്തൽ താരമാണ് സെബാസ്റ്റ്യൻ സേവ്യേർ - Sebastian Xavier . ഒരു പതിറ്റാണ്ടിൽ ഏറെ കാലം ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ നീന്തൽ താരമായിരുന്നു ഇദ്ദേഹം. 1998 മുതൽ 2009 വരെ 11 വർഷം 50 മീറ്റർ ഫ്രീസ്റ്റൈൽ നീന്തലിൽ ദേശീയ റെക്കോർഡ് ഇദ്ദേഹത്തിന്റെ പേരിലായിരുന്നു. 22.89 സെക്കന്റുമായിരുന്നു ഇദ്ദേഹത്തിന്റെ റെക്കോർഡ് സമയം.[1][2]
1970 ഫെബ്രുവരി 10ന് ആലപ്പുഴ ജില്ലയിലെ എടത്വയിൽ ജനിച്ചു. എടത്വ സെന്റ് അലോഷ്യസ് ഹൈസ്‌കൂളിൽ പഠനം. സെന്റ് അലോഷ്യസ് കോളേജിൽ പഠിക്കുന്ന സമയത്ത് നീന്തൽ മത്സരങ്ങളിൽ സജീവമായി. പിന്നീട് ഇന്ത്യൻ റെയിൽവേയിൽ ജീവനക്കാരനായി. മുൻ ഇന്ത്യൻ കായിക താരം മോളി ചാക്കോയെ വിവാഹം ചെയ്തു. ഇരുവരും സതേൺ റെയിൽവേയിൽ ഉദ്യോഗസ്ഥരാണ്.[3]
1996ൽ അറ്റലാന്റയിൽ നടന്ന ഒളിമ്പിക് ഗെയിംസിലും[4] രണ്ട് ഏഷ്യൻ ഗെയിംസിലും നിരവധി സൗത്ത് ഏഷ്യൻ ഗെയിംസിലും പങ്കെടുത്തു. സൗത്ത് ഏഷ്യൻ ഗെയിംസ്, സൗത്ത് ഏഷ്യൻ ചാംപ്യൻഷിപ്പ്, ഏഷ്യ പസഫിക് മീറ്റ്‌സുകളിൽ നിന്നായി 36 സ്വർണ്ണ മെഡലുകൾ നേടി. 2001ൽ അർജുന അവാർഡ് നൽകി രാജ്യം ആദരിച്ചു.[5]