വിശുദ്ധ സെറാഫിന Santa Fina | |
---|---|
Virgin | |
ജനനം | 1238 San Gimignano, Italy |
മരണം | 1253 San Gimignano, Italy |
വണങ്ങുന്നത് | Roman Catholic Church |
ഓർമ്മത്തിരുന്നാൾ | March 12 and 1st Sunday of August |
പ്രതീകം/ചിഹ്നം | Violets, depicted with Saint Gregory the Great, or lying on her wooden board |
മദ്ധ്യസ്ഥം | ശാരീരികവൈകല്യമുള്ളവർ, തുന്നൽക്കാർ |
റോമൻ കത്തോലിക്കാ സഭയിലെ ഒരു പുണ്യവതിയാണ് വിശുദ്ധ സെറാഫിന അഥവാ വിശുദ്ധ ഫിന (1238–1253). ശാരീരികവൈകല്യമുള്ളവരുടെ പ്രത്യേക മദ്ധ്യസ്ഥയാണ് ഈ പുണ്യവതി.
ഇറ്റലിയിലെ ടസ്‌കനിയിലുള്ള സാൻ ജിമിഞ്ഞാനോയിൽ 1238-ൽ ജനിച്ചു. ഒരു ദരിദ്ര കർഷക കുടുംബത്തിലായിരുന്നു സെറാഫിനയുടെ ജനനം. പിതാവ് സെറാഫിനയുടെ ചെറുപ്പത്തിൽ തന്നെ മരണമടഞ്ഞതിനാൽ അമ്മ കൂലിവേല ചെയ്താണ് നിത്യവൃത്തി കഴിച്ചിരുന്നത്. ദരിദ്രയെങ്കിലും സന്തോഷവതിയും സഹാനുഭൂതിയുള്ളവളുമായിരുന്നു സെറാഫിന. സെറാഫിനയുടെ പത്താം വയസ്സിൽ തളർവാതം പിടിപെട്ട് കഴുത്തിനു കീഴേക്കുള്ള ഭാഗങ്ങൾ പൂർണ്ണമായും തളർന്നു. മുഖം മാത്രമായിരുന്നു സെറാഫിനയ്ക്ക് സ്വയം ചലിപ്പിക്കുവാൻ സാധിച്ചിരുന്നത്. തുടർന്നുള്ള കാലം അമ്മയെ ആശ്രയിച്ചാണ് അവൾ കഴിഞ്ഞത്. കിടക്കുവാനായി ലഭിച്ച കിടക്ക അവൾ നിഷേധിച്ചു. ഓക്കുമരത്തിന്റെ പലകയിലാണ് സെറാഫിന കിടന്നത്. ഒരു വശം മാത്രം ചെരിഞ്ഞു കിടക്കുവാൻ സാധിച്ചിരുന്ന അവളുടെ ആ ഭാഗം വൃണം ബാധിക്കുകയും അതിൽ പുഴുക്കൾ നിറയുകയും ചെയ്തു. എലികൾ മാംസം ഭക്ഷിക്കുവാനായി അവളുടെ ശരീരത്തിൽ കയറിയിറങ്ങി. എങ്കിലും അവൾ വളരെ പ്രശാന്തവതിയായി കാണപ്പെട്ടിരുന്നു. തന്നെ കാണുവാൻ വന്നിരുന്നവരെ അവൾ മാന്യമായും സ്നേഹത്തോടെയും സ്വീകരിച്ചു. എന്നാൽ അധികം വൈകാതെ സെറാഫിനയുടെ അമ്മ ഗോവണിയിൽ നിന്നും വീണു മരണപ്പെട്ടു. ബെലിഡിയ എന്ന കൂട്ടുകാരിയായിരുന്നു പിന്നീട് അവൾക്കു സഹായത്തിനായി ഒപ്പമുണ്ടായിരുന്നത്. കൂട്ടുകാരിയുടെ ഒരു കൈ വൈകല്യം ബാധിച്ചതായിരുന്നു.
സെറാഫിനായുടെ ഇഷ്‌ടവിശുദ്ധനായിരുന്നു മാർപ്പാപ്പയായിരുന്ന വിശുദ്ധ ഗ്രിഗറി. സെറാഫിനയുടെ പതിനഞ്ചാം വയസ്സിൽ ഒരിക്കൽ ഈ വിശുദ്ധൻ സെറാഫിനാക്ക് പ്രത്യക്ഷപ്പെടുകയും അവൾ തന്നോടൊപ്പം ഉടൻ തന്നെ സ്വർഗത്തിൽ ദൈവത്തെ ആരാധിക്കുവാനായി എത്തിച്ചേരുമെന്നും അറിയിച്ചു. അവൾ അതിസന്തോഷവതിയായി ആ ദിവസത്തിനായി കാത്തിരുന്നു. ഒടുവിൽ ആ വിശുദ്ധന്റെ തിരുനാൾദിനമായ മാർച്ച് 12-നു തന്നെ സെറാഫിന അന്തരിച്ചു.
മരണമടഞ്ഞ ആ നിമിഷം തന്നെ ദേവാലയ മണികൾ താനെ മുഴങ്ങിയിരുന്നു. തലമുറകൾ പറയുന്നതനുസരിച്ച് സെറാഫിനയെ നാളുകളോളം കിടത്തിയിരുന്ന മരപ്പലകയിൽ നിന്നും മാറ്റിയപ്പോൾ അതിൽ അതിൽനിറയെ പൂക്കൾ വിരിഞ്ഞുനിന്നിരുന്നെന്നും അതിൽ നിന്നും അവളുടെ ശരീരത്തിൽ നിന്നും മനോഹരമായ സുഗന്ധം പുറപ്പെടുകയും ചെയ്തിരുന്നെന്നാണ്[1]. സാൻ ജിമിഞ്ഞാനോ ദേവാലയത്തിൽ അവളുടെ ശരീരം വച്ചിരുന്നപ്പോൾ മൃതദേഹത്തിൽ നിന്നും ഒരു കൈ ഉയർന്നു സമീപസ്ഥയായി നിന്നിരുന്ന ബെലിഡിയയുടെ വൈകല്യമുള്ള കരത്തിൽ സ്പർശിക്കുകയും അവളുടെ വൈകല്യം നീങ്ങുകയും ചെയ്തു. ഇതിനു ശേഷം കുറച്ചു ദിവസങ്ങൾക്കു ശേഷമാണ് സെറാഫിനയുടെ ശരീരം സംസ്കരിച്ചത്. തുടർന്നും പല തരത്തിലുള്ള അത്ഭുതങ്ങൾ ധാരാളം സംഭവിച്ചിരുന്നു. സഭ മാർച്ച് 15-ന് സെറാഫിനയുടെ തിരുനാൾ ആചരിക്കുന്നു.