ഒരു ഇറ്റാലിയൻ ഗൈനക്കോളജിസ്റ്റും ഭ്രൂണശാസ്ത്രജ്ഞനുമാണ് സെവേരിനോ ആന്റിനോറി (ജനനം 6 സെപ്റ്റംബർ 1945 ന് സിവിറ്റെല്ല ഡെൽ ട്രോന്റോയിൽ). ഇൻ വിട്രോ ഫെർട്ടിലൈസേഷനും (IVF) മനുഷ്യ ക്ലോണിംഗും സംബന്ധിച്ച് അദ്ദേഹം പരസ്യമായി വിവാദപരമായ നിലപാടുകൾ എടുത്തിട്ടുണ്ട്. 2016 മെയ് 13-ന് ആന്റിനോറി ഒരു സ്ത്രീയെ തട്ടിക്കൊണ്ടുപോയി അവരുടെ അണ്ഡാശയങ്ങൾ മോഷ്ടിച്ചതിന് അറസ്റ്റിലാവുകയും ചെയ്തു.[1][2]
വെറ്റിനറി ബയോളജിയിൽ താൽപ്പര്യത്തോടെയാണ് അദ്ദേഹം തന്റെ കരിയർ ആരംഭിച്ചത്. റോം ലാ സപിയൻസ സർവകലാശാലയിൽ പഠിച്ച അദ്ദേഹം 1972 ൽ വൈദ്യശാസ്ത്രത്തിൽ ബിരുദം നേടി. തുടക്കത്തിൽ അദ്ദേഹം ഗ്യാസ്ട്രോഎൻട്രോളജിയിൽ ജോലി ചെയ്തു. എന്നാൽ പാട്രിക് സ്റ്റെപ്‌റ്റോയുടെ ഒരു പ്രഭാഷണത്തെത്തുടർന്ന് അദ്ദേഹം പ്രസവചികിത്സയിലും ഗൈനക്കോളജിയിലും വീണ്ടും പരിശീലനം നേടി. 1978 മുതൽ പ്രത്യുൽപാദന, വന്ധ്യതാ പ്രവർത്തനങ്ങളിലേയ്ക്ക് മാറി. 1982-ൽ റോമിൽ അദ്ദേഹം സ്വന്തമായി ഒരു ക്ലിനിക്ക് സ്ഥാപിച്ചു. 1986-ൽ ഇറ്റലിയിലെ ഐസിഎസ്ഐ (ഇൻട്രാസൈറ്റോപ്ലാസ്മിക് ബീജ കുത്തിവയ്പ്പ്) പ്രക്രിയയുടെ ഉപയോഗത്തിന് അദ്ദേഹം തുടക്കമിട്ടു. 1989 മുതൽ ആർത്തവവിരാമം കഴിഞ്ഞ സ്ത്രീകൾക്ക് അദ്ദേഹം ഐ.വി.എഫ് നീട്ടി.
1994-ൽ 63 വയസ്സുള്ള റോസാന ഡെല്ല കോർട്ടെയെ ഗർഭിണിയാകാൻ അദ്ദേഹം സഹായിച്ചു. പ്രസവിച്ച ചരിത്രത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീകളിൽ ഒരാളായി അവർ മാറി.
2006 മെയ് മാസത്തിൽ, 62 വയസ്സുള്ള ഈസ്റ്റ് സസെക്സിലെ ചൈൽഡ് സൈക്യാട്രിസ്റ്റ്, പട്രീഷ്യ റാഷ്ബ്രൂക്ക്, ആന്റിനോറിയുടെ ചികിത്സയ്ക്ക് ശേഷം ഏഴ് മാസം ഗർഭിണിയാണെന്ന് പ്രഖ്യാപിച്ചു. ആരോഗ്യമുള്ള സ്ത്രീകളിൽ 62 അല്ലെങ്കിൽ 63 ആണ് ഐ.വി.എഫ്-ന്റെ ഉയർന്ന പരിധി എന്ന് പറഞ്ഞു. കുറഞ്ഞത് 20 വർഷത്തെ ആയുർദൈർഘ്യമുള്ള ദമ്പതികളെ മാത്രമേ ഫെർട്ടിലിറ്റി ചികിത്സയ്ക്കായി പരിഗണിക്കുകയുള്ളൂവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കമന്റ് ഓൺ റീപ്രൊഡക്‌റ്റീവ് എത്തിക്‌സിൽ (CORE) നിന്നുള്ള ജോസഫിൻ ക്വിന്റാവല്ലെ, റാഷ്ബ്രൂക്കിനെ സ്വാർത്ഥത ആരോപിച്ചു. ഒരു മുത്തശ്ശിയോളം പ്രായമുള്ള അമ്മ ഒരു കുട്ടിക്ക് ഉണ്ടാകുന്നത് അങ്ങേയറ്റം ബുദ്ധിമുട്ടാണെന്ന് അവർ പറയുകയുണ്ടായി.
2009 മെയ് മാസത്തിൽ, 66 വയസ്സുള്ള ഒരു സ്ത്രീ ഗർഭിണിയാണെന്ന് പ്രഖ്യാപിച്ചതിന് ശേഷം, അവരുടെ തീരുമാനത്തെ വിമർശിച്ചുകൊണ്ട്, അവർക്ക് പ്രായമേറെയായെന്നും കുഞ്ഞിനെ വളർത്താൻ കൂടുതൽ കാലം ജീവിച്ചിരിക്കില്ലെന്നും അദ്ദേഹം പറയുകയുണ്ടായി.[3]