സെൻട്രൽ റെറ്റിനൽ വെയിൻ ഒക്ലൂഷൻ | |
---|---|
![]() | |
കണ്ണിന്റെ ഘടനകൾ, നമ്പർ 21 റെറ്റിനൽ വെയിൻ ആണ്. | |
സ്പെഷ്യാലിറ്റി | നേത്രവിജ്ഞാനം ![]() |
കണ്ണിന്റെ റെറ്റിനയെ ബാധിക്കുന്ന ഒരു അസുഖമാണ് സെൻട്രൽ റെറ്റിനൽ വെയിൻ ഒക്ലൂഷൻ (സിആർവിഒ). സാധാരണയായി ത്രോംബോസിസ് മൂലം സെൻട്രൽ റെറ്റിനൽ വെയിൻ അടയുന്നത് കാരണമാണ് ഇത് സംഭവിക്കുന്നത്. ഈ സിരക്ക് തുല്യമായി റെറ്റിനയിൽ കാണുന്ന ധമനിയായ സെൻട്രൽ റെറ്റിനൽ ആർട്ടറിയും ഇതുപോലെ അടയാം. സെൻട്രൽ റെറ്റിനൽ ആർട്ടറിയും വെയിനും റെറ്റിനയിലെ രക്ത വിതരണത്തിന്റെ ഏക ഉറവിടമായതിനാൽ, ഇവ അടയുന്നത് മൂലം ഇസ്കെമിയ (രക്ത വിതരണത്തിലെ തടസ്സം), എഡിമ (വീക്കം) എന്നിവ കാരണം റെറ്റിനയ്ക്ക് കനത്ത നാശനഷ്ടമുണ്ടാകുകയും ക്രമേണ അന്ധതയ്ക്ക് കാരണമാകുകയും ചെയ്യും.[1]
സിആർവിഒ, ഒക്കുലാർ ഇസ്കെമിക് സിൻഡ്രോമിന് കാരണമാകും. ഈ രോഗത്തിന്റെ മിതമായ രൂപമാണ് നോൺസ്കെമിക് സിആർവിഒ. ഇത് ക്രമേണ കൂടുതൽ കഠിനമായ ഇസ്കെമിക് തരത്തിലേക്ക് പുരോഗമിച്ചേക്കാം. അതേപോലെ സിആർവിഒ ഗ്ലോക്കോമയ്ക്കും കാരണമാകും.
സിആർവിഒയുടെ വികാസത്തിൽ ത്രോംബോസിസിന്റെ പങ്ക് വ്യക്തമായിരുന്നിട്ടും, ഒരു ചിട്ടയായ അവലോകനത്തിൽ റെറ്റിന വാസ്കുലർ ഒക്ലൂഷൻ ഉള്ള രോഗികളിൽ ത്രോംബോഫിലിയ (ത്രോംബോസിസിനുള്ള അന്തർലീനമായ പ്രവണത) വർദ്ധിച്ചതായി കണ്ടെത്തിയിട്ടില്ല.[2]
ലുസെന്റിസ് പോലുള്ള ആന്റി-വിഇജിഎഫ് മരുന്നുകൾ, അല്ലെങ്കിൽ ഇൻട്രാവിട്രിയൽ സ്റ്റിറോയിഡ് ഇംപ്ലാന്റ് (ഓസുർഡെക്സ്), പാൻ-റെറ്റിനൽ ലേസർ ഫോട്ടോകോയാഗുലേഷൻ എന്നിവ ചികിത്സകളാണ്. രോഗത്തിലേക്ക് നയിക്കുന്ന അടിസ്ഥാന കാരണങ്ങൾ കണ്ടെത്തി ചികിത്സിക്കേണ്ടതും ആവശ്യമാണ്. ഇസ്കെമിക് സിആർവിഒയെ അപേക്ഷിച്ച് ഇസ്കെമിയ ഇല്ലാത്ത സിആർവിഒയ്ക്ക് ചികിത്സയിലൂടെ നഷ്ടപ്പെട്ട കാഴ്ച തിരിച്ചുകിട്ടാനുള്ള സാധ്യത കൂടുതലാണ്.
നോൺ-ഇസ്കെമിക് സിആർവിഒ ബാധിച്ച രോഗികൾക്ക് ആന്റി-വിഇജിഎഫ് മരുന്നുകളായ റാണിബിസുമാബ്, പഗറ്റാനിബ് സോഡിയം എന്നിവയുടെ ഫലപ്രാപ്തി പഠിക്കുന്നതിനായി ഒരു ചിട്ടയായ അവലോകനം നടത്തി.[3] പരിമിതമായ സാമ്പിൾ സൈസ് ആണെങ്കിലും, സുരക്ഷാ ആശങ്കകളൊന്നുമില്ലാതെ, രണ്ട് ചികിത്സാ ഗ്രൂപ്പുകളിലെയും ആളുകൾ 6 മാസ കാലയളവിൽ മെച്ചപ്പെട്ട കാഴ്ച ശക്തി കാണിച്ചു.