സൈദാപ്പേട്ട

സൈദാപ്പേട്ട

சைதாபேட்டை
ചെന്നൈയുടെ പരിസരപ്രദേശം
CountryIndia
StateTamil Nadu
DistrictChennai District
മെട്രോചെന്നൈ
ഭരണസമ്പ്രദായം
 • ഭരണസമിതിചെന്നൈ കോർപ്പറേഷൻ
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
Planning agencyCMDA
Civic agencyചെന്നൈ കോർപ്പറേഷൻ
വെബ്സൈറ്റ്www.chennai.tn.nic.in

ചെന്നൈ നഗരത്തിന്റെ ഒരു പരിസരപ്രദേശമാണ് സൈദാപ്പേട്ട (തമിഴ്: சைதாபேட்டை). മദ്രാസ് ഹൈക്കോടതി കഴിഞ്ഞാൽ ചെന്നൈയിലുള്ള അടുത്ത കോടതി സൈദാപ്പേട്ട കോടതിയാണ്. ചെന്നൈ നഗരവുമായി ബന്ധിപ്പിക്കുന്നതിന് മുമ്പ് സൈദാപ്പേട്ട ചെങ്കൽപ്പേട്ട ജില്ലയുടെ ഭരണകേന്ദ്രമായിരുന്നു.

18-ാം നൂറ്റാണ്ടിൽ ആർക്കോട്‌ നവാബ് സ്ഥാപിച്ച ഈ നഗരത്തിന് അദ്ദേഹത്തിന്റെ സേനാ നായകന്റെ പേരിൽ സയ്യിദ് ഖാൻ പേട്ട എന്നു നാമകരണം ചെയ്തു. ചെങ്കൽപേട്ട ജില്ലയുടെ ഭരണകേന്ദ്രമായിരുന്ന സൈദാപേട്ട് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിൽ വന്നപ്പോൾ ഈ നഗരം ചെങ്കൽപേട്ട ജില്ലയുടെ ഭരണകേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.

സൈദാപ്പേട്ടയിൽ കാണപ്പെടുന്ന പനഗൽ ബിൽഡിംഗ് നഗരത്തിലെ പ്രധാന ലാൻഡ് മാർക്കുകളിൽ ഒന്നാണ്..

ചരിത്രം

[തിരുത്തുക]

18-ാം നൂറ്റാണ്ടിൽ ആർക്കോട് നവാബിന്റെ സേനാനായകനായിരുന്ന സയ്യിദ് ഷാ (സയ്യിദ് മുസൽമാൻ സാഹിബ്) യുടെ പേരാണ് സൈദാപ്പേട്ടയ്ക്ക് നൽകിയിരിക്കുന്നത്.

1730-ൽ ആർക്കോട് നവാബ് ഈ പ്രദേശം സയ്യിദ് ഷായ്ക്ക് സമ്മാനമായി നൽകുമ്പോൾ കോട്ടൂർപുരം, നന്ദനം തുടങ്ങിയ പ്രദേശങ്ങളും സൈദാപ്പേട്ടയുടെ ഭാഗമായിരുന്നു.

മറൈമലൈ അടികൾ പാലം (നേരത്തെ മാർമാലോങ്ങ് പാലം എന്നറിയപ്പെട്ടിരുന്നു) അഡയാർ നദിയുടെ തെക്കു വടക്കു കരകളെ ബന്ധിപ്പിക്കുന്നു. ഈ പാലം 1726-ൽ മദ്രാസിലുണ്ടായിരുന്ന ആർമീനിയൻ വ്യാപാരി കോജാ പെട്രൂസ് ഉസ്‌കാൻ നിർമ്മിച്ചതാണ്. പാലം ബലഹീനമായതോടെ 1960-ലാണ് ഇപ്പോൾ ഗതാഗതത്തിനുപയോഗിക്കുന്ന പുതിയ പാലം പണികഴിപ്പിച്ചത്.

1700-ൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ നിയന്ത്രണത്തിൽ വന്ന സൈദാപ്പേട്ട, 1859 മുതൽ 1947 വരെ മദ്രാസ് പ്രസിഡൻസയിലെ ചെങ്കൽപേട്ട ജില്ലയുടെ ഭരണകേന്ദ്രമായിരുന്നു. 1947-ലാണ് ജില്ലാ ആസ്ഥാനം ചെങ്കൽപേട്ടയിലേക്കു മാറ്റിയത്. 1945-46 കാലഘട്ടത്തിലാണ് സൈദാപ്പേട്ട മദ്രാസ് കോർപ്പറേഷന്റെ ഭാഗമായത്.

ധാരാളം നെയ്ത്തു തൊഴിലാളികൾ വസിക്കുന്ന സൈദാപ്പേട്ടയിൽ 1990 വരെ നിരവധി കൈത്തറി മില്ലുകൾ പ്രവർത്തച്ചു വന്നിരുന്നു.

ഗതാഗതം

[തിരുത്തുക]
സൈദാപ്പേട്ടയിൽ അഡയാർ നദിക്കു കുറുകേ ഉള്ള മറൈമലൈ അടികൾ പാലം
പനഗൽ രാജാവിന്റെ പേരിലുള്ള പനഗൽ ബിൽഡിംഗ്.

റയിൽവേ സ്‌റ്റേഷൻ

[തിരുത്തുക]

ഗിണ്ടി, മാമ്പലം സബർബൻ റയിൽവേ സ്റ്റേഷനുകൾക്ക് മധ്യേയാണ് സൈദാപ്പേട്ട റയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. മെയിൻ റോഡിൽ നിന്നും വളരെ അടുത്തു തന്നെയുള്ള ഈ റയിൽവേ സ്‌റ്റേഷനിലാണ് ഓട്ടോമേറ്റിക് ടിക്കറ്റ് വെൻഡിംഗ് സംവിധാനം ആദ്യമായി നിലവിൽ വന്നത്.

ബസ് സർവീസ്‌

[തിരുത്തുക]

മെട്രോപോളിറ്റൻ ട്രാൻസ്‌പോർട്ട് കോർപ്പറേഷന്റെ (എം.ടി.സി.) ബസ് ടെർമിനസ് അണ്ണാ ശാലൈയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ നിന്നും നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ബസ് സർവീസുകൾ ഉള്ളതിനു പുറമേ അണ്ണാ ശാലൈ (മൗണ്ട് റോഡ്) വഴി പോകുന്ന നിരവധി ബസ്സുകൾ സൈദാപ്പേട്ട ബസ് ടെർമിനസ് വഴിയാണ് കടന്നു പോകുന്നത്..

മെട്രോ റയിൽ

[തിരുത്തുക]

തെക്ക് ആലന്തൂരിൽ നിന്നും വടക്ക് ചാമിയേർസ് റോഡ് വരെയുള്ള മെട്രോ റയിലിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടന്നു വരുന്നു. 2013 ഡിസംബറിൽ ഈ പ്രദേശത്തെ മെട്രോ റയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും.

പ്രധാന പാലങ്ങൾ

[തിരുത്തുക]
  1. സൈദാപ്പേട്ട ചന്തയുടെ അരികിൽ ജീനിസ് റോഡിലുള്ള പാലം വെസ്റ്റ് സൈദാപ്പേട്ടയെ മൗണ്ട് റോഡുമായി ബന്ധിപ്പിക്കുന്ന പാതയിലെ പ്രധാന പാലമാണ്.
  2. ജോൺസ് റോഡിലുള്ള അണ്ടർപാസ് വെസ്റ്റ് സൈദാപ്പേട്ടയെ ജാഫർഖാൻ പേട്ടയുമായി ബന്ധിപ്പിക്കുന്ന പാതയിലാണുള്ളത്.
  3. മാമ്പലം, അശോക് നഗർ എന്നീ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതിൽ അരങ്കനാഥൻ സബ് വേ പ്രധാന പങ്കു വഹിക്കുന്നു.
  4. ഗിണ്ടി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിനെ വെസ്റ്റ് സൈദാപേട്ടയുമായി ബന്ധിപ്പിക്കുന്നതിൽ ആലന്തൂർ പാലം പ്രധാന പങ്കു വഹിക്കുന്നു.

സൈദാപ്പേട്ട ചന്ത

[തിരുത്തുക]
സൈദാപ്പേട്ട ചന്ത

സൈദാപ്പേട്ടയിലെ ബസാർ റോഡിലാണ് സദാ തിരക്കേറിയ സൈദാപ്പേട്ട ചന്ത സ്ഥിതി ചെയ്യുന്നത്. ഈ ചന്തയിലുള്ള മീൻ - ഇറച്ചി വിൽപ്പന ചെയ്യുന്ന കടകളിലേക്ക് നഗരത്തിന്റെ മറ്റു പ്രദേശങ്ങളിൽ നിന്നു പോലും ഉപഭോക്താക്കൾ എത്താറുണ്ട്.


സ്‌കൂളുകളും കോളേജുകളും

[തിരുത്തുക]

സൈദാപ്പേട്ടയിലെ ഏക കോളേജ് ഇവിടെയുള്ള ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജാണ്. 1962-ൽ ഇന്ത്യൻ രാഷ്ട്രപതിയായിരുന്ന ഡോ. എസ്. രാധാകൃഷ്ണൻ സൈദാപ്പേട്ട ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജിൽ എൽ.ടി. കോഴ്‌സിനു പഠിച്ചിട്ടുണ്ട്.[1]

ആൽഫാ മെട്രിക്കുലേഷൻ ഹയർ സെക്കണ്ടറി സ്‌കൂൾ, സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്‌കൂൾ ആന്റ് ഗേൾസ് ഹയർ സെക്കണ്ടറി സ്‌കൂൾ എന്നിവയാണ് പ്രധാന സ്‌കൂളുകൾ.

ക്ഷേത്രങ്ങൾ

[തിരുത്തുക]

കപാലീശ്വരർ ക്ഷേത്രം

[തിരുത്തുക]

ഏഴു നിലകളുള്ള ഗോപുരവും, രണ്ടു പ്രകാരങ്ങളും ഉള്ള കപാലീശ്വരർ ക്ഷേത്രം സൈദാപ്പേട്ട റയിൽവേ സ്റ്റേഷനരുകിൽ സ്ഥിതി ചെയ്യുന്നു. തമിഴ് മാസം ചിത്തിരയിൽ ബ്രഹ്മോത്സവം നടക്കുന്ന ഈ ക്ഷേത്രത്തിൽ പ്രദോഷ ദിവസങ്ങളിൽ തിരക്ക് കൂടുതലായിരിക്കും.

ശ്രീ ദേവി അങ്കാളമ്മൻ കോവിൽ

[തിരുത്തുക]

സൈദാപ്പേട്ട റയിൽവേ സ്റ്റേഷന് അരുകിലുള്ള ശ്രീ ദേവി അങ്കാളമ്മൻ കോവിലിൽ തമിഴ് മാസം മാശിയിൽ മയാന കൊള്ളൈ എന്ന പേരിൽ ശ്മശാനവുമായി ബന്ധപ്പെട്ട ആഘോഷം നടക്കാറുണ്ട്.

പ്രസന്ന വെങ്കടേശ പെരുമാൾ കോവിൽ

[തിരുത്തുക]

പൗരാണിക ലിഖിതങ്ങൾ അനുസരിച്ച് 15-ാം നൂറ്റാണ്ടിൽ നിർമ്മക്കപ്പെട്ട ഈ ക്ഷേത്രമാണ് സൈദാപേട്ടയിലെ പ്രശസ്തമായ പെരുമാൾ കോവിൽ. തമിഴ് മാസം ചിത്തിരയിൽ ബ്രഹ്മോത്സവവും, വൈകുണ്ഠ ഏകാദശിയും, ഫെബ്രുവരി മാസത്തിൽ രഥസപ്തമിയും, മാർച്ച് മാസത്തിൽ തോട്ട ഉത്സവവും ആണ് ഈ ക്ഷേത്രത്തിലെ പ്രധാന ഉത്സവങ്ങൾ.

കടുംപാടി ചിന്നമ്മൻ കോവിൽ, ഇളങ്കാളി അമ്മൻ കോവിൽ, ആഞ്ജനേയർ കോവിൽ, സുബ്രഹ്മണ്യസ്വാമി കോവിൽ, സൗന്ദരേശ്വരർ കോവിൽ എന്നിവയാണ് സൈദാപേട്ടയിലെ മറ്റു പ്രധാന ക്ഷേത്രങ്ങൾ.

ക്രൈസ്തവ ദേവാലയങ്ങൾ

[തിരുത്തുക]
സി.എസ്.ഐ., സെന്റ് തോമസ് ചർച്ച്‌

സൈദാപേട്ടയിൽ ഏഴ് ക്രൈസ്തവ ദേവാലയങ്ങളുണ്ട്. എൽ.ജി.ഡി. സ്ട്രീറ്റിൽ ഉള്ള ഔർ ലേഡി ഓഫ് ഗുഡ് ഹെൽത്ത് ചർച്ചിന്റെ ഇടവകയിൽ ആയിരത്തോളം കുടുംബങ്ങളും, 85 വർഷം പഴക്കമുള്ള സി.എസ്.ഐ. സെന്റ്‌തോമസ് ചർച്ചിന്റെ ഇടവകയിൽ 400 കുടുംബങ്ങളും ഉണ്ട്.

ലിറ്റിൽ മൗണ്ട് ചർച്ച്‌

[തിരുത്തുക]

സൈദാപേട്ടയിലെ മറൈമലൈ അടികൾ പാലത്തിനരുകിൽ നിന്നും ഏതാനും നൂറു മീറ്റർ തെക്കു ഭാഗത്തായി പറങ്കിമലയുടെ മുകളിലാണ് ഔർ ലേഡി ഓഫ് ഗുഡ് ഹെൽത്ത് ചർച്ച് സ്ഥിതി ചെയ്യുന്നത്. 1551-ൽ പോർച്ചുഗീസുകാരാണ് പഴയ പള്ളി നിർമ്മിച്ചത്. 1970-ൽ നടന്ന പുനരുദ്ധാരണ പ്രവൃത്തികൾ നടന്നപ്പോളാണ് പുതിയ പള്ളി നിർമ്മിക്കപ്പെട്ടത്.

യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പോസ്തലൻമാരിൽ ഒരാളായ തോമാശ്ലീഹാ ഈ ചർച്ച് നിൽക്കുന്ന പ്രദേശത്തു നിന്നും കുറച്ചു താഴെയായി കാണപ്പെടുന്ന ഒരു ഗുഹയിൽ താമസിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. ഈ ഗുഹ ഇപ്പോഴും സംരക്ഷിക്കപ്പെട്ടു വരുന്നു. ഈസ്റ്ററിന്റെ അഞ്ചാം ശനിയാഴ്ച ദിവസമാണ് വാർഷികോത്സവം നടക്കുന്നത്. ഈയിടെ ഈ ചർച്ച് ഒരു ഷ്‌റൈൻ ആയി ഉയർത്തപ്പെട്ടു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]

അവലംബം

[തിരുത്തുക]